ന്യൂഡല്‍ഹി: കേരളത്തിലെ കേന്ദ്രസര്‍വകലാശാലയ്ക്ക് ശ്രീനാരായണഗുരുവിന്റെ പേരിടണമെന്ന നിര്‍ദ്ദേശം കേന്ദ്രം തള്ളി. പുതുതായി ആരംഭിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രദേശത്തിന്റെയോ സംസ്ഥാനത്തിന്റെയോ പേരാണ് നിര്‍ദ്ദേശിക്കുന്നതെന്ന് മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. കൊടിക്കിന്നില്‍ സുരേഷ് എംപിയുടെ ചോദ്യത്തിന് രേഖാമൂലമുള്ള മറുപടിയായാണ് നല്‍കിയിരിക്കുന്നത്. പാര്‍ലമെന്റ് മന്ദിരത്തിനുള്ളില്‍ ഗുരുവിന്റെ പ്രതിമ സ്ഥാപിക്കുന്നകാര്യം സജീവമായി പരിഗണിക്കും.
കൊടിക്കുന്നില്‍ സുരേഷ് എം.പി. വിഷയം നേരത്തേ ലോക്‌സഭയില്‍ ഉന്നയിച്ചതിന് കഴിഞ്ഞദിവസം രേഖാമൂലം നല്‍കിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്. ഏതെങ്കിലും ഒരു സ്ഥാപനത്തിന് മഹദ്‌വ്യക്തിയുടെ പേരുനല്‍കിയാല്‍ മറ്റിടങ്ങളില്‍നിന്നും അതുപോലുള്ള ആവശ്യങ്ങളുയരുമെന്ന് മന്ത്രി പറഞ്ഞു.
പാര്‍ലമെന്റില്‍ ഗുരുവിന്റെ പ്രതിമ സ്ഥാപിക്കുന്നകാര്യത്തില്‍ തീരുമാനമെടുക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പാര്‍ലമെന്ററികാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശമനുസരിച്ച് മന്ത്രലായം ലോക്‌സഭാ സെക്രട്ടേറിയറ്റിന് വിഷയം കൈമാറി. പ്രതിമകളുടെ കാര്യം തീരുമാനിക്കുന്ന സമിതി ഇനി അത് പരിശോധിച്ച് അന്തിമതീരുമാനമെടുക്കും.
ലോക്‌സഭാ സ്?പീക്കറാണ് സമിതിയുടെ അധ്യക്ഷ. വിഷയം ലോക്‌സഭാ സെക്രട്ടേറിയറ്റിന് വിട്ടിട്ടുണ്ടെന്ന് പാര്‍ലമെന്ററികാര്യ മന്ത്രാലയം കെ.വി. തോമസ് എം.പി.യെ അറിയിച്ചു. ഗുരുവിന്റെ പ്രതിമ പാര്‍ലമെന്റ് മന്ദിരത്തില്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കെ.വി. തോമസ് നേരത്തേ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.