രാജ്യത്തെ താപനിലയങ്ങളുടെ പ്രവർത്തനം ഘട്ടം ഘട്ടമായി അവസാനിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. 2070-ഓടെ എല്ലാ താപനിലയങ്ങളും പൂട്ടുമെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് തീരുമാനം.
നിലവിൽ രാജ്യത്തെ 70 ശതമാനം വൈദ്യുതി ആവശ്യവും നിറവേറ്റുന്നത് താപനിലയങ്ങളിലൂടെയാണ്. 50 വർഷത്തിനുള്ളിൽ ബദൽ സംവിധാനത്തിലേക്ക് മാറേണ്ടിവരും.
താപവൈദ്യുതിക്ക് പകരം സൗരോർജം, കംപ്രസ്ഡ് ബയോഗ്യാസ്, ഹൈഡ്രജൻ, ബാറ്ററി ഊർജസംഭരണം എന്നിവയിലേക്ക് മാറുന്നതിനാണ് മാർഗരേഖ തയ്യാറാവുന്നത്.
ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച എനർജി സമ്മിറ്റിൽ കേന്ദ്ര ഊർജ സെക്രട്ടറി അലോക് കുമാറാണ് കാർബൺ സന്തുലിതാവസ്ഥയിലേക്കെത്താൻ രാജ്യം സ്വീകരിക്കാനൊരുങ്ങുന്ന നടപടികളെക്കുറിച്ച് സൂചന നൽകിയിരിക്കുന്നത്.
2070-ഓടെ ഇന്ത്യയിലെ കാർബൺ ബഹിർഗമനം തീർത്തും ഇല്ലാതാകുമെന്ന് രണ്ടുമാസം മുമ്പ് നടന്ന ഗ്ലാസ്‌ഗോ പരിസ്ഥിതി ഉച്ചകോടിയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. ഇതിന്റെ തുടർനടപടിയുടെ ഭാഗമായാണ് മാർഗരേഖ തയ്യാറാകുന്നത്.
വൈദ്യുതിമേഖലയിൽ കൽക്കരിയിൽ നിന്നുള്ള ഉത്പാദനം പൂർണമായി അവസാനിപ്പിക്കാനാണ് തീരുമാനം. നിലവിലെ താപവൈദ്യുതി ഉത്പാദനം പ്രതിദിനം രണ്ടുലക്ഷം മെഗാവാട്ട് ആണ്.
50 വർഷം കൊണ്ട് ഇത് പൂർണമായി അവസാനിപ്പിക്കണം. പ്രതിവർഷം 4000 മെഗാവാട്ട് താപവൈദ്യുതിയെങ്കിലും കുറയ്ക്കേണ്ടിവരും. താപവൈദ്യുതിക്ക് പകരം അഞ്ചുലക്ഷം മെഗാവാട്ട് സൗരോർജ ഉത്പാദനമാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.
നിലവിൽ ഒരുലക്ഷം മെഗാവാട്ട് മാത്രമാണ് രാജ്യത്തെ സൗരോർജോത്പാദനം. വൻതോതിൽ ഊർജം സംഭരിക്കാവുന്ന തരത്തിൽ ബാറ്ററി സാങ്കേതികവിദ്യ വികസിക്കാനാകുമെന്നാണ് കേന്ദ്ര ഊർജ മന്ത്രാലയം കരുതുന്നത്. വൈദ്യുതി സബ്‌സ്റ്റേഷനുകൾക്ക് സമാനമായി ബാറ്ററി സംഭരണ കേന്ദ്രങ്ങൾ വന്നേക്കും.
പകൽ ലഭിക്കുന്ന സൗരോർജം ബാറ്ററിയിൽ സംഭരിച്ച് രാത്രി ഉപയോഗിക്കുന്ന രീതിയിലേക്ക് മാറും.ഹൈഡ്രജൻ ഉപയോഗിച്ച് വൈദ്യുതിനിലയങ്ങൾ പ്രവർത്തിക്കുന്ന സാങ്കേതികവിദ്യ വികസിക്കുമെന്നും കേന്ദ്രം കരുതുന്നു.