ചങ്ങനാശേരിയിലെ യുവാവിന്റെ കൊലപാതകം: യൂത്ത് കോൺഗ്രസ് നേതാവിന്റെ സംരക്ഷണയിലുള്ള ഗുണ്ടാ സംഘം അറസ്റ്റിൽ

സ്വന്തം ലേഖകൻ

ചങ്ങനാശേരി: ജനാധിപത്യ കേരള കോൺഗ്രസിന്റെ യുവനേതാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഗുണ്ടാ സംഘത്തിലെ ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കേരള കോൺഗ്രസ് തൃക്കോടിത്താനം മണ്ഡലം പ്രസിഡന്റ് കുന്നുംപുറം മുരിങ്ങവന മനു മാത്യു(33)വാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. ചങ്ങനാശേരി പെരുന്ന ഫാത്തിമാപുരം വെട്ടുകുഴി വീട്ടിൽ സിജോ സെബാസ്റ്റ്യൻ (22), തൃക്കൊടിത്താനം കോട്ടമുറി ആലുംമൂട്ടിൽ നിധിൻ ജോസഫ് (നിധിൻ ആലുംമ്മൂട്ടിൽ –29), പായിപ്പാട് നാലുകോടി കൊല്ലാപുരം കടുത്താനം കെ.എസ് അർജുൻ (22), തൃക്കോടിത്താനം ചക്രാത്തിക്കുന്ന് ചെറുവേലിപ്പറമ്പിൽ സൂരജ് സോമൻ (26), ചെത്തിപ്പുഴ വേരൂർ കുരിശുമ്മൂട് അറയ്ക്കൽ ബിനു സിബിച്ചൻ (23), ചങ്ങനാശേരി പെരുന്ന ഫാത്തിമാപുരം മഠത്തിൽപറമ്പിൽ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന വേളൂർ കാരാപ്പുഴ തിരുവാതുക്കൽ വാഴയിൽ വീട്ടിൽ ഷെമീർ ഹുസൈൻ (29) എന്നിവരെയാണ് ഡിവൈഎസ്പി വി.അജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. മുൻ വൈരാഗ്യത്തെ തുടർന്നു യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയും, തൃക്കോടിത്താനം പഞ്ചായത്തംഗവുമായ നിധിൻ ആലുംമൂട്ടിലിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘമാണ് കൊല നടത്തിയതെന്നു പൊലീസ് പറഞ്ഞു. കുത്താൻ ഉപയോഗിച്ച കത്തിയും, രണ്ടു ജീപ്പുകളും, നാലു ഇരുചക്ര വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
പെരുന്ന ബസ് സ്റ്റാൻഡിൽ കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. നേരത്തെ കോൺഗ്രസ് പ്രവർത്തകനായിരുന്ന മനു, നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടു മുൻപാണ് ജനാധിപത്യ കേരള കോൺഗ്രസിൽ ചേർന്നത്. സംഭവ ദിവസം രാത്രിയിൽ പെരുന്ന ബസ് സ്റ്റാൻഡിനു സമീപം മനു കാർ പാർക്ക് ചെയ്തിരുന്നു. ഇവിടെ എത്തിയ നിധിൻ തന്റെ കാർ മനുവിന്റെ കാറിനു മുന്നിലിട്ടു ഗതാഗതം തടസപ്പെടുത്തി. ഈ സമയം മനു കാറിനുള്ളിൽ ഉണ്ടായിരുന്നില്ല. തുടർന്നു ക്വട്ടേഷൻ സംഘാംഗങ്ങളായ ഷെമീറിനെയും സുഹൃത്തുക്കളെയും വിളിച്ചു വരുത്തി. ഇവർ മനുവിന്റെ കാറിനു പിന്നിൽ മറ്റൊരു ബൈക്കും വച്ചു. മനു മടങ്ങിയെത്തിയപ്പോൾ തന്റെ കാർ റോഡിലേയ്ക്കിറക്കാനാവാതെ വന്നതോടെ ക്വട്ടേഷൻ സംഘവുമായി തർക്കമായി. വാക്കുതർക്കം കയ്യാങ്കളിയിലേയ്ക്കു എത്തിയതോടെ സൂജര് മനുവിന്റെ കൈകൾ പിന്നിലേയ്ക്കാക്കി പിടിച്ചു നിർത്തി. മറ്റു രണ്ടു പേർ ചേർന്ന് ഇയാളെ മർദിച്ചു. ഈ സമയത്രയും നിധിന്റെ വാഹനത്തിനു പിന്നിൽ ഒളിച്ചു നിൽക്കുകയായിരുന്ന സിജോ, ഈ സമയം ഓടിയെത്തി മനുവിനെ കുത്തി. കുത്തേറ്റ് കുതറിമാറിയ മനു ഓടിരക്ഷപെടാൻ ശ്രമിച്ചെങ്കിലും സംഘം പിൻതുടർന്നു കുത്തുകയായിരുന്നു. വയറ്റിലും ചങ്കിലുമായി ഒൻപതു കുത്തുകളാണ് മനുവിനു ഏറ്റത്. മനുവിനെ പിടിച്ചു നിർത്താൻ ശ്രമിക്കുന്നതിനിടെ ക്വട്ടേഷൻ സംഘത്തീലെ അർജുനും, സൂരജിനും കുത്തേറ്റു.
കുത്തേറ്റ് ചോരവാർന്ന് റോഡിൽ വീണ മനുവിനെ നിധിന്റെ കാറിലാണ് ആശുപത്രിയിൽ എത്തിച്ചത്. ഈ കാറിലിരുന്നു തന്നെ ഷെമീറിനെ വിളിച്ച നിധിൻ, ക്വട്ടേഷൻ സംഘാംഗങ്ങളെ സംഭവ സ്ഥലത്തു നിന്നു മാറ്റാൻ നിർദേശം നൽകി. സംഘർഷത്തിനിടെ പരുക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം കോട്ടയത്തെ സുഹൃത്തിന്റെ വീട്ടിലേയ്ക്കു മാറ്റി. കൺമുന്നിൽ കൊലപാതകം നടന്നിട്ടും പൊലീസിനെ വിളിക്കാൻ തയ്യാറാകാതിരുന്ന നിധിനെ ചങ്ങനാശേരി സിഐ ബിനുകുമാറിന്റെ നേതൃത്വത്തിൽ സ്റ്റേഷനിൽ എത്തിച്ചു ചോദ്യം ചെയ്തതോടെയാണ് സംഭവത്തിനു പിന്നിലെ ഗൂഡാലോചന വ്യക്തമായത്. പ്രതികൾ കോട്ടയത്തേയ്ക്കു രക്ഷപെട്ടതായി വിവരം ലഭിച്ചതോടെ ജില്ലാ പൊലീസ് മേധാവി എൻ.രാമചന്ദ്രന്റെ നിർദേശാനുസരണം വാഹന പരിശോധന ആരംഭിച്ചു. തിരുനക്കര ക്ഷേത്രത്തിനു സമീപത്തെ വീട്ടിൽ പ്രതികളുണ്ടെന്ന സൂചനയെ തുടർന്നു ഡിവൈഎസ്പി ഗിരീഷ് പി.സാരഥി, എസ്‌ഐ സി.ജെ പോൾ, സിപിഒ സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ വീട് വളഞ്ഞ് പ്രതികളെ കസ്റ്റഡിയിൽ എടുത്തു. തുടർന്നു ചങ്ങനാശേരി എസ്‌ഐ സിബി തോമസ്, ഷാഡോ പൊലീസ് സംഘാംഗങ്ങളായ എഎസ്‌ഐ കെ.കെ റെജി, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ രദീപ്?ലാൽ, പ്രതീഷ്?രാജ്, ആന്റണി, സിബിച്ചൻ, പ്രകാശ് എന്നിവരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തതോടെ ഇവർ കുറ്റം സമ്മതിച്ചു.
ചങ്ങനാശേരി കേന്ദ്രീകരിച്ചുള്ള നിധിന്റെ ഗുണ്ടാ ഇടപാടുകളെ കൊല്ലപ്പെട്ട മനു പലപ്പോഴും എതിർത്തിരുന്നു. തൃക്കൊടിത്താനം സ്വദേശിയായ പെൺകുട്ടിയുമായുള്ള ബന്ധത്തെച്ചൊല്ലിയും, രാഷ്ട്രീയ നിലപാടുകളെച്ചൊല്ലിയും ഇവരുവരും തമ്മിൽ പല തവണ തർക്കമുണ്ടായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. താഴത്തങ്ങാടി കേന്ദ്രീകരിച്ചുള്ള ക്വട്ടേഷൻ സംഘത്തിൽ അംഗമായിരുന്ന ഷെമീർ, നിധിന്റെ പിൻതുണയോടെ ചങ്ങനാശേരിയിൽ വൻ ഗുണ്ടാ സംഘം കെട്ടിപ്പെടുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top