സ്‌പോട്‌സ് ലേഖകൻ
പാരീസ്: യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ആദ്യപാദ പ്രീ ക്വാർട്ടർ ഫൈനലിൽ ഫ്രഞ്ച് ക്ലബ് പിഎസ്ജിക്കും പോർച്ചുഗീസ് ക്ലബ് ബെനഫിക്കക്കും വിജയം. സ്വന്തം മണ്ണിൽ നടന്ന മത്സരത്തിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീം ചെൽസിയെയും റഷ്യൻ ക്ലബ് സെനിത് സെന്റ് പീറ്റേഴ്‌സ് ബർഗിനെയുമാണ് പിഎസ്ജിയും ബെനഫിക്കയും കീഴടക്കിയത്. പിഎസ്ജി ഒന്നിനെതിരെ രണ്ട് ഗോളുകൾക്കും ബെനഫിക്ക ഏകപക്ഷീയമായ ഒരു ഗോളിനുമാണ് വിജയം സ്വന്തമാക്കിയത്. ഹോസെ മൊറീഞ്ഞോയെ മാറ്റി ഗസ് ഹിഡിങ്ക് ചെൽസിയുടെ പരിശീലകനായി ചുമതലയേറ്റ ശേഷം ടീം നേരിടുന്ന ആദ്യ തോൽവിയാണ് ഇത്.
ചെൽസിക്കെതിരായ മത്സരത്തിൽ ആതിഥേയരായ പിഎസ്ജിക്കുതന്നെയായിരുന്നു മുൻതൂക്കം. പന്തടക്കത്തിലും ഷോട്ടുകൾ പായിക്കുന്നതിലും അവർ ചെൽസിയേക്കാൾ മുന്നിട്ടുനിന്നു. കളിയുടെ 65 ശതമാനവും പന്ത് നിയന്ത്രിച്ചുനിർത്തിയ പിഎസ്ജി ചെൽസി പായിച്ചതിനേക്കാൾ ഇരട്ട ഷോട്ടുകൾ തൊടുക്കുകയും ചെയ്തു. 20 തവണയാണ് അവർ ലക്ഷ്യം വെച്ചത്. ഇതിൽ എട്ടെണ്ണം ലക്ഷ്യത്തിലേക്കായിരുന്നെങ്കിലും വലയിൽ കയറിയത് രണ്ടെണ്ണം മാത്രം. ചെൽസി ഗോളി കുർട്ടോയിസിന്റെ തകർപ്പൻ പ്രകടനമാണ് കൂടുതൽ ഗോൾ നേടുന്നതിൽ നിന്ന് അവരെ തടഞ്ഞുനിർത്തിയത്. കളിയുടെ 39ാം മിനിറ്റിൽ സ്വീഡിഷ് നായകനും സൂപ്പർതാരവുമായ സ്ലാറ്റൻ ഇബ്രാഹിമോവിച്ചാണ് തകർപ്പൻ ഫ്രീകിക്കിലൂടെ പിഎസ്ജിയെ മുന്നിലെത്തിച്ചത്. എന്നാൽ ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് കോർണറിനൊടുവിൽ ബോക്‌സിൽ ലഭിച്ച പന്ത് ജോൺ ഒബി മിക്കൽ പായിച്ച കരുത്തുറ്റ വലംകാലൻഷോട്ട് പിഎസ്ജി വലയിൽ കയറിയതോടെ ആദ്യപകുതി 11ന് സമനിലയിൽ കലാശിച്ചു. രണ്ടാം പകുതിയിലും പിഎസ്ജിയുടെ ആധിപത്യമായിരുന്നു. മധ്യനിരയിൽ കളംനിറഞ്ഞു കളിഞ്ഞ ഏയ്ഞ്ചൽ ഡി മരിയ നിരവധി അവസരങ്ങളാണ് സൃഷ്ടിച്ചുനൽകിയതെങ്കിലും ലൂക്കാ മൗറയും ഇബ്രാഹിമോവിച്ചും അവയെല്ലാം തുലച്ചുകളഞ്ഞു.
ഇതിനിടെ ഡി മരിയയുടെ ഒന്ന് രണ്ട് ഷോട്ടുകളും ചെൽസി ഗോളി വിഫലമാക്കി. 74ാം മിനിറ്റിൽ ലൂക്കാ മൗറക്ക് പകരം എഡിസൺ കവാനി ഇറങ്ങിയതോടെ അവരുടെ ആക്രമണങ്ങൾക്ക് കൂടുതൽ കൃത്യത കൈവന്നു. നാല് മിനിറ്റിനുശേഷം കവാനി ടീമിന്റെ വിജയഗോൾ നേടുകയും ചെയ്തു. ഏഞ്ചൽ ഡി മരിയ കൊടുത്ത സ്‌ളൈഡിങ് പാസ്സാണ് കവാനി ഗോളിലേയ്ക്ക് വഴിതിരിച്ചുവിട്ടത്. മാർച്ച് ഒൻപതിനാണ് സ്റ്റാംഫോഡ് ബ്രിഡ്ജിലെ രണ്ടാംപാദ മത്സരം. ഈ മത്സരത്തിൽ ഒരു എവേ ഗോളിന്റെ ആനുകൂല്യവുമായാണ് ചെൽസി കളിക്കാനിറങ്ങുന്നത്. ഈ കളിയിൽ 10ന് ജയിച്ചാലും ചെൽസി എവേ ഗോളിന്റെ ആനുകൂല്യത്തിൽ ക്വാർട്ടറിലെത്തും.
മറ്റൊരു മത്സരത്തിൽ ബെനഫിക്ക ഇഞ്ചുറി സമയത്ത് നേടിയ ഗോളിനാണ് സെനിത്തിനെ കീഴടക്കിയത്. ഇഞ്ച്വറി ടൈമിൽ യൊനാസ് ഒളിവേരയാണ് ടീമിന്റെ വിജയഗോൾ സ്വന്തമാക്കിയത്. തൊണ്ണൂറാം മിനിറ്റിൽ സെനിത്തിന്റെ ക്രിസിറ്റോ ചുവപ്പ് കണ്ട് പുറത്തായ ഉടനെയായിരുന്നു ഒരു ഫ്രീകിക്കിൽ നിന്ന് ഹെഡ്ഡറിലൂടെ യൊനാസ് സെനിത്ത് വല ചലിപ്പിച്ചത്.