മ്യൂണിച്ച്: ജര്‍മന്‍ ഫുട്‌ബോള്‍ ലീഗില്‍ ചാമ്പ്യന്‍ ബയേണ്‍ മ്യൂണിച്ചിനും, സ്‌പെയ്‌നില്‍ മുന്‍ ചാമ്പ്യന്‍ അത്‌ലറ്റികോ മാഡ്രിഡിനും സമനില. അതേസമയം, ഫ്രഞ്ച് ലീഗില്‍ ജേതാക്കള്‍ പാരീസ് സെന്റ് ജര്‍മന്‍ ജയം തുടരുന്നു.
എവേ മത്സരത്തില്‍ എയ്ന്‍ട്രാക്റ്റ് ഫ്രാങ്ക്ഫര്‍ട്ടിനോട് ഗോള്‍രഹിത സമനിലയില്‍ കുരുങ്ങി ബയേണ്‍. മത്സരഫലം ലീഗിലെ പോയിന്റ് പട്ടികയില്‍ മാറ്റമൊന്നും വരുത്തില്ല. പതിനൊന്ന് കളികളില്‍ 31 പോയിന്റുണ്ട് ബയേണിന്. കഴിഞ്ഞ പത്ത് കളികളും ജയിച്ച മ്യൂണിച്ച് സംഘത്തിന്റെ ആദ്യ സമനിലയാണിത്. ഒരു കളി കുറച്ച് കളിച്ച ബൊറൂസിയ ഡോര്‍ട്ട്മുണ്ട് 23 പോയിന്റോടെ രണ്ടാമത്.
ഡിപോര്‍ട്ടീവോ ല കൊരുണയോട് അവരുടെ തട്ടകത്തില്‍ രക്ഷപെട്ടു അത്‌ലറ്റികോ (11). 34ാം മിനിറ്റില്‍ തിയാഗോയിലൂടെ മുന്നിലെത്തിയ മാഡ്രിഡ് ടീമിനെ 77ാം മിനിറ്റില്‍ ലൂക്കാസിലൂടെ തളച്ചു ഡിപോര്‍ട്ടീവോ. പത്ത് കളികളില്‍ 20 പോയിന്റുമായി അത്‌ലറ്റികോ മൂന്നാമത്. ഒരു മത്സരം കുറച്ചു കളിച്ച റയലിനും ബാഴ്‌സയ്ക്കും 21 പോയിന്റ്. ഗോള്‍ശരാശരിയില്‍ റയല്‍ ഒന്നാമത്. ജയിച്ചിരുന്നെങ്കില്‍ തത്കാലത്തേക്ക് മുകളില്‍ കയറാമായിരുന്നു അത്‌ലറ്റികോയ്ക്ക്.
ഫ്രഞ്ച് ലീഗില്‍ എവേ മത്സരത്തില്‍ റെന്നിസിനെ മടക്കമില്ലാത്ത ഒരു ഗോളിന് കീഴടക്കി സെന്റ് ജര്‍മന്‍. ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം 75ാം മിനിറ്റില്‍ സൂപ്പര്‍ താരം ഏയ്ഞ്ചല്‍ ഡി മരിയ ഗോളിനുടമ. 12 കളികളില്‍ 32 പോയിന്റോടെ പിഎസ്ജി ഒന്നാമത് തുടരുന്നു. ഒരു മത്സരം കുറച്ചു കളിച്ച ആംഗേഴ്‌സ് 22 പോയിന്റോടെ രണ്ടാമത്.