സ്‌പോട്‌സ് ഡെസ്ക്
മാഡ്രിഡ്: യൂറോപ്പിലെ ഏറ്റവും കിടയറ്റ ഫുട്‌ബോൾ ടീം ആരായാലും കിരീടം സ്പാനിഷ് തലസ്ഥാനമായ മാഡ്രിഡിൽ വിശ്രമിക്കുമെന്ന് ഉറപ്പായി. യുവേഫാ ചാമ്പ്യൻസ് ലീഗ് രണ്ടാം സെമിയിൽ സ്പാനിഷ് സൂപ്പർസ്റ്റാറുകളായ റയൽ മാഡ്രിഡ് കലാശപ്പോരാട്ടത്തിന് അർഹമായതോടെയാണ് ഫൈനൽ മാഡ്രിഡ് പോരായത്. ആദ്യപാദ മത്സരത്തിൽ ഗോൾരഹിത സമനിലയിൽ കുരുങ്ങിയ റയൽ സ്വന്തം തട്ടകത്തിലെ രണ്ടാം പാദത്തിൽ ഇംഗഌഷ് കഌ് മാഞ്ചസ്റ്റർ സിറ്റിയെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തുകയായിരുന്നു. മാഞ്ചസ്റ്റർസിറ്റി താരം ഫെർണാണ്ടോയുടെ സെൽഫ്‌ഗോളായിരുന്നു കളി തീരുമാനമാക്കിയത്. കളിയുടെ ആദ്യ പകുതിയിൽ വെയ്ൽസ് താരം ഗെരത് ബെയ്‌ലിന്റെ തകർപ്പനടി ഫെർണാണ്ടോയുടെ കാലിൽ തട്ടി വലയിൽ കയറുകയായിരുന്നു. ഇതോടെ കലാശപ്പോരാട്ടത്തിൽ മാഡ്രിഡ് നഗരത്തിലെ ടീമുകളാകും ഏറ്റുമുട്ടുക. നേരത്തേ ജർമ്മൻ കഌ് ബയേൺ മ്യൂണിക്കിനെ മറികടന്ന് അത്‌ലറ്റിക്കോ മാഡ്രിഡും ഫൈനലിൽ കടന്നിരുന്നു. മ്യൂണികിൽ നടന്ന രണ്ടാം പാദ പോരാട്ടത്തിൽ അത്‌ലറ്റിക്കോയെ 21 ന് തോൽപ്പിച്ചെങ്കിലും ആദ്യ പാദത്തിലെ 10 തോൽവിയായിരുന്നു ബയേണിന് തിരിച്ചടിയായത്. അഗ്രിഗേറ്റ് സ്‌കോർ 22 ആയിരുന്നെങ്കിലും എവേഗോൾ അത്‌ലറ്റിക്കോയ്ക്ക് തുണയായി.