
തിരുവനന്തപുരം: കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത. തെക്കന്‍, മധ്യ ജില്ലകളിലാണ് കൂടുതല്‍ മഴ സാധ്യതയുള്ളത്.
ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാല്‍ കുളച്ചല്‍ മുതല്‍ തെക്കോട്ട് മത്സ്യബന്ധനത്തിന് പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്ര ന്യുന മര്‍ദ്ദം നിലവില്‍ തെക്കന്‍ ശ്രീലങ്കയ്ക്കു മുകളില്‍ സ്ഥിതിചെയ്യുന്നു.
തെക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന തീവ്രന്യുന മര്‍ദ്ദം ശക്തി കൂടിയ ന്യുന മര്‍ദ്ദമായി ദുര്‍ബലമായി ഇന്ന് രാവിലെയോടെ മന്നാര്‍ കടലിടുക്കില്‍ പ്രവേശിച്ചതിന്റെ ഫലമായാണ് സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. കടൽക്ഷോഭം രൂക്ഷമാകുമെന്നതിനാൽ ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കാനും നിർദ്ദേശമുണ്ട്.