തിരുവനന്തപുരം: വെട്ടിമാറ്റിയവര്‍ക്കെതിരെ പ്രതികാരം തീര്‍ക്കാന്‍ ഉമ്മന്‍ ചാണ്ടി ഗ്രൂപ്പ് രണ്ടും കല്‍പ്പിച്ച് രംഗത്ത്. ഡിസിസി അധ്യക്ഷന്‍മാരുടെ നിയമനത്തിലുള്ള പ്രതിഷേധം പരസ്യമായി പ്രകടിപ്പിച്ച് കൊണ്ട് രംഗത്തിറങ്ങാനുള്ള എ ഗ്രൂപ്പ് നീക്കം കേരളത്തിലെ കോണ്‍ഗ്രസിനുളളില്‍ പുതിയ കലാപ കൊടികളുയര്‍ത്തുന്നു.
സ്വന്തം ഗ്രൂപ്പുകാരനും അടുത്ത അനുയായിയുമായ കോട്ടയം ഡിസിസി പ്രസിഡന്റിന്റെ സ്ഥാനാരോഹണച്ചടങ്ങ് ബഹിഷ്‌കരിച്ചതിലൂടെ ഹൈക്കമാന്‍ഡിനും കെപിസിസി പ്രസിഡന്റ് വി എം സുധീരനുമെതിരെ യുദ്ധ പ്രഖ്യാപമനമെന്ന സന്ദേശമാണ് ഉമ്മന്‍ ചാണ്ടി നല്‍കുന്നത്.
ഉമ്മന്‍ചാണ്ടി നാട്ടിലുള്ള സമയം കണക്കാക്കിയാണ് തിങ്കളാഴ്ച സ്ഥാനമേല്‍ക്കാന്‍ കോട്ടയം ഡിസിസി പ്രസിഡന്റ് തീരുമാനിച്ചത്. ഇക്കാര്യം ഉമ്മന്‍ചാണ്ടിയെ അറിയിക്കുകയും ചെയ്തു. എന്നാല്‍, ഇതേചടങ്ങില്‍ വി എം സുധീരനുംകൂടി പങ്കെടുക്കുന്നുണ്ടെന്ന് അറിഞ്ഞതോടെയാണ് പരിപാടി ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്.
ഞായറാഴ്ച രാത്രി ഏറെ വൈകുംവരെ ഉമ്മന്‍ചാണ്ടി കോട്ടയത്തുണ്ടായിരുന്നു. തിങ്കളാഴ്ച രാവിലെ കോട്ടയത്ത് മറ്റൊരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തി. എന്നാല്‍, തിങ്കളാഴ്ച പുലര്‍ന്നപ്പോഴേക്കും ഉമ്മന്‍ചാണ്ടി ‘മുങ്ങി’. തിരുവനന്തപുരത്തേക്ക് പുറപ്പെട്ടുവെന്നായിരുന്നു എ ഗ്രൂപ്പ് നേതാക്കള്‍ പറഞ്ഞത്. എന്നാല്‍, തലസ്ഥാനത്ത് ഉമ്മന്‍ചാണ്ടിക്ക് മുന്‍കൂട്ടി നിശ്ചയിച്ചതോ അല്ലാത്തതോ ആയ ഒരു പരിപാടിയും ഇല്ലായിരുന്നു. തലസ്ഥാനത്ത് ശനിയാഴ്ച ഒരു ചടങ്ങിലും പങ്കെടുത്തിട്ടുമില്ല.
ഡിസിസി പ്രസിഡന്റുമാരുടെ നിയമനത്തില്‍ എ ഗ്രൂപ്പിനെ പാടെ തഴഞ്ഞതിലുള്ള ശക്തമായ പ്രതിഷേധമാണ് ഉമ്മന്‍ചാണ്ടി രേഖപ്പെടുത്തുന്നത്. നേരത്തെ ഡല്‍ഹിയില്‍ നടന്ന യുഡിഎഫ് പ്രതിഷേധം ബഹിഷ്‌കരിച്ചാണ് ഉമ്മന്‍ചാണ്ടി പ്രതിഷേധം തുടങ്ങിയത്. പിന്നീട് മറ്റു ഡിസിസി പ്രസിഡന്റുമാരുടെ സ്ഥാനാരോഹണത്തില്‍നിന്നെല്ലാം ഉമ്മന്‍ചാണ്ടി വിട്ടുനിന്നു. ഇതോടെ ഒത്തുതീര്‍പ്പിനായി രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ ശ്രമിച്ചെങ്കിലും ഉമ്മന്‍ചാണ്ടിയും എ ഗ്രൂപ്പും വഴങ്ങുന്നില്ല.
ഉമ്മന്‍ചാണ്ടിയുടെ ഏറ്റവും വിശ്വസ്തനാണ് കോട്ടയം ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്. വിദേശത്തായിരുന്ന ഉമ്മന്‍ചാണ്ടി വരുന്നതും കോട്ടയത്തുണ്ടാകുന്നതുമായ ദിവസം നോക്കിയാണ് സ്ഥാനാരോഹണം നിശ്ചയിച്ചതും. എന്നിട്ടും ഉമ്മന്‍ചാണ്ടി ബഹിഷ്‌കരിച്ചതിനുപിന്നില്‍ സുധീരനോടൊപ്പം തല്‍ക്കാലം പൊതുവേദി പങ്കിടില്ലെന്ന ഉറച്ച തീരുമാനമാണ്. സംഘടനാതര്‍ക്കം മൂര്‍ച്ഛിച്ചതിനുശേഷമാണ് ഹൈക്കമാന്‍ഡ് ഇടപെട്ട് കെപിസിസി രാഷ്ട്രീയകാര്യസമിതി രൂപീകരിച്ചത്. കെപിസിസി എക്‌സിക്യൂട്ടീവിനും ഭാരവാഹികള്‍ക്കും മുകളിലായാണ് ഈ 21 അംഗ സമിതി. സമിതിയുടെ യോഗം കഴിഞ്ഞയാഴ്ച നിശ്ചയിച്ചതായിരുന്നു. എന്നാല്‍, ഉമ്മന്‍ചാണ്ടി പങ്കെടുക്കില്ലെന്ന് ഉറപ്പായതോടെ യോഗം വേണ്ടെന്ന് വച്ചു.