തിരുവനന്തപുരം: പുതുപ്പള്ളി എംഎല്‍എയായി ചാണ്ടി ഉമ്മന്‍ സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. ചോദ്യോത്തര വേളക്ക് ശേഷമാണ് നിയമസഭാ ചേംബറില്‍ സ്പീക്കര്‍ മുന്‍പാകെ ചാണ്ടി സത്യപ്രതിജ്ഞ ചെയ്തത്.
പ്രതിപക്ഷ നിരയുടെ പിന്‍ഭാഗത്ത് തൃക്കാക്കര എംഎല്‍എ ഉമാ തോമസിന് സമീപമാണ് ചാണ്ടി ഉമ്മന്റെ നിയമസഭയിലെ ഇരിപ്പടം. ഉമ്മന്‍ചാണ്ടിയുടെ നിയമസഭയിലെ ഇരിപ്പിടം നേരത്തെ എല്‍ജെഡി എംഎല്‍എ കെ പി മോഹനന് നല്‍കിയിരുന്നു.
സത്യപ്രതിജ്ഞാ ചടങ്ങ് കാണാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ എത്തിയിരുന്നു. മറിയാമ്മ ഉമ്മനും മകള്‍ മറിയവും ഗാലറിയില്‍ ഇരുന്ന് ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷികളായി. രാവിലെ ആറ്റുകാല്‍ ക്ഷേത്രത്തിലും പാളയം പള്ളിയിലും സന്ദര്‍ശനം നടത്തിയ ശേഷമാണ് ചാണ്ടി ഉമ്മന്‍ നിയമസഭയിലെത്തിയത്.
37,719 വോട്ടുകളുടെ ചരിത്ര ഭൂരിപക്ഷവുമായാണ് ചാണ്ടി ഉമ്മന്‍ നിയമസഭയിലേക്കെത്തുന്നത്. പുതുപ്പള്ളിയെ 53 വര്‍ഷം നിയമസഭയില്‍ പ്രതിനിധീകരിച്ച ഉമ്മൻ ചാണ്ടിയുടെ റെക്കോർഡ് ഭൂരിപക്ഷവും മറികടന്നായിരുന്നു ചാണ്ടി ഉമ്മന്റെ ജയം.