ലഖ്‌നോ: ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിനു നേരെ വെടിയുതിര്‍ത്ത സംഭവത്തില്‍ നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ യു.പിയിലെ ഷഹാരന്‍പൂരില്‍ കാറിലെത്തിയ അജ്ഞാതരായ ആളുകളാണ് ചന്ദ്രശേഖര്‍ ആസാദിനു നേരെ വെടിയുതിര്‍ത്തത്. നാലു തവണ വെടിയുതിര്‍ത്തിരുന്നു. അക്രമികള്‍ ഉപയോഗിച്ച കാറും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഹരിയാന രജിസ്‌ട്രേഷനുള്ള കാറാണ് പിടികൂടിയത്.
അതേസമയം, വെടിയേറ്റതിന് ശേഷം ആശുപത്രിയില്‍ നിന്നുള്ള ചന്ദ്രശേഖര്‍ ആസാദിന്റെ ആദ്യ വിഡിയോ പുറത്തു വന്നു. ഇത്തരമൊരു ആക്രമണം പ്രതീക്ഷിച്ചിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്റെ സുഹൃത്തുക്കളോടും പാര്‍ട്ടി പ്രവര്‍ത്തകരോടും സമാധാനം നിലനിര്‍ത്താന്‍ ആഹ്വാനം ചെയ്യുകയാണ്. നമ്മുടെ പോരാട്ടം തുടരും. കോടിക്കണക്കിനാളുകളുടെ സ്‌നേഹവും പ്രാര്‍ഥനയും കൊണ്ട് തനിക്കിപ്പോള്‍ പ്രശ്‌നമൊന്നുമില്ലെന്നും ആസാദ് പറഞ്ഞു.
ചന്ദ്രശേഖര്‍ ആസാദിന് ഇന്ന് ആശുപത്രി വിടാനാകുമെന്ന് എസ്.പി അഭിമന്യു മാങ്കലിക് പറഞ്ഞു. അദ്ദേഹത്തിന്റെ ആന്തരികാവയവങ്ങള്‍ക്ക് പരിക്കേറ്റിട്ടില്ല. പരിശോധനകള്‍ക്ക് ശേഷം അദ്ദേഹത്തിന് ആശുപത്രി വിടാനാകും. ബുധനാഴ്ച യു.പിയിലെ സഹരാന്‍പൂര്‍ ജില്ലയില്‍ വെച്ചാണ് അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായത്.