ഭോപ്പാല്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ തലകൊയ്യുന്നവര്‍ക്ക് 1 കോടി രൂപ പ്രതിഫലം നല്‍കുമെന്ന് പ്രഖ്യാപിച്ച കുന്ദന്‍ ചന്ദ്രാവത്തിനെ ആര്‍എസ്എസിന്റെ മുഴുവന്‍ ചുമതലകളില്‍ നിന്നും പാര്‍ട്ടി നീക്കം ചെയ്തു. ഡോ. എംഎം വൈദ്യ ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. നേരത്തെ ചന്ദ്രാവത്ത് ഖേദപ്രകടനം നടത്തിയിരുന്നു.
ചന്ദ്രാവത്ത് ഖേദം പ്രകടിപ്പിച്ച് രംഗത്ത് വന്നതിന് തൊട്ടു പിന്നാലെയാണ് പാര്‍ട്ടി നടപടി സ്വീകരിച്ചത്. കേരളത്തില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന അക്രമത്തില്‍ രോക്ഷം പൂണ്ടാണ് താന്‍ സംസാരിച്ചത് എന്നും ഇങ്ങനെ പറഞ്ഞതില്‍ തനിക്ക് ദുഖമുണ്ട് എന്നും ചന്ദ്രാവത്ത് പ്രമുഖ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.
കേരളത്തില്‍ നിന്ന് വധഭീഷണി ഉണ്ടായെന്നും പലരും ഫോണില്‍ വിളിച്ച് വധഭീഷണി നടത്തിയെന്നും ചന്ദ്രാവത്ത് പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ വ്യാപക അക്രമണമാണ് തനിക്ക് എതിരെ ഉണ്ടായതെന്നും അദ്ദേഹം പിടിഐയോട് പറഞ്ഞു.
കേരളത്തില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന അക്രമണങ്ങളില്‍ എനിക്ക് വേദനയുണ്ട്, ഇതിലുള്ള പ്രതിഷേധവും അമര്‍ഷവും വച്ചാണ് താന്‍ സംസാരിച്ച്, ഇതില്‍ തനിക്ക് ഖേദമുണ്ട്, പറഞ്ഞത് ഞാന്‍ പിന്‍വലിക്കുകയാണ്. കേരളത്തില്‍ നിന്ന് തനിക്ക് കുറച്ച് ഫോണ്‍ കോളുകള്‍ വന്നു, എന്നെ വധിക്കുമെന്ന് അവര്‍ ഭീഷണിപ്പെടുത്തി, സമൂഹമാധ്യമങ്ങളില്‍ വലിയ രിതിയിലുള്ള അക്രമണമാണ് എനിക്ക് എതിരെ ഉണ്ടായത് എന്നും ചന്ദ്രാവത്ത് പറഞ്ഞു
ആര്‍എസ്എസ് പലരുടേയും തലകൊയ്തിട്ടുണ്ട്, അത് കൊണ്ട് തനിക്ക് വഴി നടിക്കാനാകാതിരിക്കില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം . ആര്‍എസ്എസ് വെല്ലുവിളിയെ പുച്ഛിച്ച് തള്ളുന്നു എന്നും പിണറായി വിജയന്‍ ഫെയിസ് ബുക്ക് പേജില്‍ കുറിച്ചിരുന്നു.
പിണറായി വിജയന് എതിരായ കൊലവിളിയില്‍ ശക്തമായ പ്രതിഷേധമാണ് കേരളത്തില്‍ ഉയര്‍ന്ന് വരുന്നത്. വിവാദ പ്രസംഗം നടത്തിയ കുന്ദന്‍ ചന്ദ്രാവത്തിനെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ആര്‍എസ്എസ് നേതാവിന്റെ കൊലവിളിക്ക് എതിരെ നവമാധ്യമലോകത്തും ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്