രാഷ്ട്രീയ ലേഖകൻ
കോട്ടയം: നാലു തവണ മത്സരിച്ചവരും ആരോപണ വിധേയരും മാറി നിൽക്കണമെന്ന കെപിസിസി പ്രസിഡന്റ് വി.എം സുധീരൻ നിലപാട് കടുപ്പിച്ചു മുന്നോട്ടു പോകുന്നതോടെ തിരഞ്ഞെടുപ്പിൽ നിന്നു വിട്ടു നിൽക്കുമെന്ന ഭീഷണി ശക്തമാക്കി മുഖ്യമന്ത്രി ഉമ്മൻചാണ്ടി രംഗത്ത്. ഇതേ തുടർന്നു മുഖ്യമന്ത്രിയുടെ മകൻ ചാണ്ടി ഉമ്മനെ പുതുപ്പള്ളിയിൽ സ്ഥാനാർഥിയാക്കാൻ ഒരു വിഭാഗം നീക്കം ആരംഭിച്ചിട്ടുണ്ട്.
മന്ത്രിമാരായ കെ.സി ജോസഫ്, കെ.ബാബു, അടൂർ പ്രകാശ്, ബെന്നി ബഹന്നാൻ എന്നിവർ മത്സരിച്ചില്ലെങ്കിൽ താനും ഇല്ലെന്ന നിലപാടാണ് മുഖ്യമന്ത്രി ഉമ്മൻചാണ്ടി സ്വീകരിച്ചത്. എന്നാൽ, തന്റെ നിലപാടിൽ നിന്നു താനും പിന്നോട്ടില്ലെന്നതാണ് വി.എം സുധീരൻ സ്വീകരിച്ചിരിക്കുന്നത്. ഇതേ തുടർന്നാണ് മധ്യസ്ഥ ചർച്ചകൾക്കായി രംഗത്ത് എത്തിയത്. മുഖ്യമന്ത്രിയുടെ വിശ്വസ്തരായ മന്ത്രി കെ.സി ജോസഫും, രമേശ് ചെന്നിത്തലയുമാണ് ഒത്തു തീർപ്പു ഫോർമുല എന്ന രീതിയിൽ മുഖ്യമന്ത്രിയുടെ മകന്റെ പേര് നിർദേശിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ മകൻ ചാണ്ടി ഉമ്മന് ഏതെങ്കിലും ഒരു സീറ്റ് നൽകി പ്രശ്‌നം അവസാനിപ്പിക്കാമെന്ന ധാരണയാണ് ഇരുവരും മുന്നോട്ടു വച്ചത്. താൻ മത്സര രംഗത്തില്ലെന്നു കെ.സി ജോസഫും അറിയിച്ചു. കെപിസിസി പ്രസിഡന്റ് തന്നെ എതിർക്കുന്ന സാഹചര്യത്തിൽ താൻ മത്സര രംഗത്തു നിന്നു മാറി നിൽക്കാമെന്നും തന്റെ സീറ്റിൽ ചാണ്ടി ഉമ്മൻ മത്സരിക്കട്ടെ എന്നുമായിരുന്നു കെസിയുടെ നിലപാട്. ഇതേ തുടർന്നു വി.എം സുധീരനുമായി കെ.സി ചർച്ച നടത്തി വിഷയം മുഖ്യമന്ത്രിയുടെ മുന്നിൽ അവതരിപ്പിച്ചു.
എന്നാൽ, താൻ മത്സരിക്കാനില്ലെന്നും തന്റെ വിശ്വസ്തരായ ഒരാളെയെങ്കിലും മാറ്റിയാൽ താൻ മത്സര രംഗത്തുണ്ടാകില്ലെന്നും അറിയിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇതേ തുടർന്നു സുധീരൻ തന്നെ ഇടപെട്ട് രാഹുൽ ഗാന്ധി മുഖാന്തിരമാണ് മുഖ്യമന്ത്രിയുടെ മണ്ഡലമായ പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനെ മത്സരിപ്പിക്കാമെന്ന നിർദേശം മുന്നോട്ടു വച്ചത്. ഇതിനു ഇനി രാഹുൽ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും അനുമതി ലഭിച്ചാൽ മതിയാവും.