ചാനല്‍ ചര്‍ച്ചയില്‍ ചമ്മി തൊഴിലാളി നേതാവ്: ലൈവില്‍ നിന്നും ഇറങ്ങിപ്പോയി

കോഴിക്കോട്: മൂന്നാര്‍ സമരത്തിന്റെ ആസൂത്രകനെന്ന് അവകാശപ്പെട്ട് രംഗത്ത് വന്ന ‘തമിളര്‍ ദേശീയ മുന്നണി’ സംസ്ഥാന വൈസ് പ്രസിഡന്റ് അന്‍വര്‍ ബാലശിങ്കം മൂന്നാറിലെ തമിഴ് സ്ത്രീ തൊഴിലാളി നേതാക്കള്‍ തള്ളിപ്പറഞ്ഞതോടെ ചാനല്‍ ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോയി. ബുധനാഴ്ച രാത്രി ഏഷ്യാനെറ്റ് ന്യൂസിന്റെ ‘ന്യൂസ് അവറി’ല്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് മൂന്നാര്‍ സമര സമിതി നേതാവ് സുന്ദരവല്ലി ബാലശിങ്കത്തെ അറിയില്‌ളെന്നു പറഞ്ഞത്. ഇതത്തേുടര്‍ന്ന് അവകാശവാദം അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞ് ചര്‍ച്ചയില്‍നിന്ന് ബാലശിങ്കം ഇറങ്ങിപ്പോകുകയായിരുന്നു.
മൂന്നാര്‍ ജനതയുടെ ജീവിതകഥ പറയുന്ന ‘ഇളന്ത നിലം’ എന്ന ഡോക്യുമെന്ററി താന്‍ രണ്ട് വര്‍ഷം മുമ്പെ ഇറക്കിയിരുന്നെന്നും അതിന് വന്‍ സ്വീകാര്യതയായിരുന്നെന്നും അവകാശങ്ങള്‍ക്ക് വേണ്ടി പൊരുതാന്‍ മൂന്നാറിലെ തൊഴിലാളികളെ പ്രാപ്തരാക്കിയത് താനും കൂടിയാണെന്നും അന്‍വര്‍ ബാലശിങ്കം അവകാശപ്പെട്ടിരുന്നു. മൂന്നാര്‍ സമരത്തിന് പിന്നില്‍ തമിഴ് തീവ്രവാദ സംഘടനകളാണെന്ന ആരോപണം നിലനില്‍ക്കെയാണ് സമരം ആസൂത്രണം ചെയ്തതും തൊഴിലാളികളെ നേതാക്കളുടെ പിന്‍ബലമില്ലാതെ തെരുവിലിറക്കിയതും താനാണെന്ന് ഇദ്ദേഹം പറഞ്ഞത്. ചാനല്‍ ചര്‍ച്ചക്കിടെ അവതാരകന്റെ ചോദ്യങ്ങള്‍ക്കും ഇതേ രീതിയിലാണ് ബാലശിങ്കം പ്രതികരിച്ചത്. അതിനിടെയാണ് ടെലിഫോണിലൂടെ ചര്‍ച്ചയില്‍ പങ്കെടുത്ത മൂന്നാര്‍ സമര സമിതി നേതാവ് സുന്ദരവല്ലി ബാലശിങ്കത്തെ തനിക്കോ മറ്റ് നേതാക്കള്‍ക്കോ തൊഴിലാളികള്‍ക്കോ അറിയില്‌ളെന്ന് വ്യക്തമാക്കിയത്. മൂന്നാറിലുള്ള ആര്‍ക്കും ഇദ്ദേഹത്തെ അറിയില്ല. പിന്നെ എങ്ങനെ ബാലശിങ്കം സമര നേതാവാകുമെന്നും സുന്ദരവല്ലി ചോദിച്ചു. ഇതോടെ തൊഴിലാളികള്‍ക്ക് ആവശ്യമില്‌ളെങ്കില്‍ ഇവിടെയുള്ള പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് തമിഴ്‌നാട്ടിലേക്കു മടങ്ങുകയാണെന്നറിയിച്ച് ചര്‍ച്ചയില്‍നിന്ന് ബാലശിങ്കം ഇറങ്ങിപ്പോകുകയായിരുന്നു.
ബാലശിങ്കം സംവിധാനം ചെയ്ത ‘ഇളന്തനിലം’ എന്ന ഹ്രസ്വ ചിത്രത്തിന്റെ പ്രദര്‍ശനത്തോടൊപ്പം ബുധനാഴ്ച കോഴിക്കോട് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടന്ന ഓപണ്‍ ഫോറത്തിലും താന്‍ തീവ്രവാദിയല്‌ളെന്നും തീവ്രവാദം തന്റെ വഴിയല്‌ളെന്നും ഇദ്ദേഹം പറഞ്ഞിരുന്നു. മൂന്നാറിലെ സമരത്തില്‍ താനുമുണ്ടായിരുന്നെന്നും താനാണ് മൂന്നാറിലെ സമരം അടയാളപ്പെടുത്തിയതെന്നും പറഞ്ഞ ഇദ്ദേഹം സമരരംഗത്തേക്ക് ഇറങ്ങിയാല്‍ തീവ്രവാദിയായി മുദ്രകുത്തി സമരത്തെ ഇല്ലാതാക്കാന്‍ ശ്രമമുണ്ടാകുന്നതിനാലാണ് ഉള്ളില്‍നിന്ന് സമരം നയിച്ചതെന്നും അവകാശപ്പെട്ടു. മൂന്നുവര്‍ഷം മുമ്പ് കേരളത്തോടുണ്ടായ ദേഷ്യത്തില്‍നിന്നാണ് ‘ഇളന്ത നിലം’ എന്ന മുല്ലപ്പെരിയാര്‍ വിഷയത്തിലുള്ള ചിത്രമെടുത്തതെന്നും ഇപ്പോള്‍ കേരളത്തോട് ദേഷ്യമില്‌ളെന്നും ഇത്തരമൊരു ഡോക്യുമെന്ററി എടുത്തതില്‍ ഖേദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വരുന്ന തദ്ദശേ സ്ഥാപന തെരഞ്ഞെടുപ്പില്‍ ഇടുക്കിയിലെ തോട്ടം മേഖലയിലെ തമിഴ് സ്ത്രീകളെ മത്സരരംഗത്ത് ഇറക്കാനും ബാലശിങ്കത്തിന് പദ്ധതിയുണ്ടായിരുന്നു. ഇതിനായി അടുത്തയാഴ്ച കോട്ടയത്തത്തെി കേരള കോണ്‍ഗ്രസുമായി ചര്‍ച്ച നടത്താന്‍ പരിപാടിയിടുകയും ചെയ്തു. ഹാരിസണ്‍ സമരത്തിനു പിന്നിലും തന്റെ സംഘടനയാണെന്നും ദേവികുളം, വണ്ടിപ്പെരിയാര്‍ മേഖലകളില്‍ വരും ദിവസങ്ങളില്‍ തോട്ടം തൊഴിലാളികള്‍ സമരത്തിനിറങ്ങുമെന്നും ഇദ്ദേഹം കഴിഞ്ഞദിവസങ്ങളിലായി പറഞ്ഞിരുന്നു.
ഇക്കാര്യങ്ങളെയെല്ലാം അപ്രസക്തമാക്കിക്കൊണ്ടായിരുന്നു ചാനല്‍ ചര്‍ക്കിടെ സുന്ദരവല്ലി ബാലശിങ്കത്തെ തള്ളിപ്പറഞ്ഞത്.

Top