ജനംടിവിയിലിരുന്ന് സിപിഎമ്മിനെ പുകഴ്‌ത്തേണ്ട; ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി ആര്‍എസ്എസ് ചാനല്‍ മാനേജ്‌മെന്റ്

തിരുവനന്തപുരം: രാഷ്ട്രീയ നിലപാട് വ്യക്തമാക്കി ജനം ടിവി മാനേജ്‌മെന്റ് ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ജനം ടിവിയുടെ ജീവനക്കാരിയിരിക്കേ മറ്റു രാഷ്ട്രീയ നിലപാടുകളെ പരസ്യമായി പിന്തുണയ്ക്കാന്‍ കഴിയ്യില്ലെന്നാണ് ജനം ടിവി വ്യക്തമാക്കുന്നത്. അടുത്തിടെ ജീവനക്കാരില്‍ ചിലര്‍ സിപിഎമ്മിനെ അനുകൂലിച്ചുകൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റുകള്‍ ഇട്ടിരുന്നു. ഇതാണ് മാനേജ്മെന്റിനെ പ്രകോപിപ്പിക്കാന്‍ കാരണമായത്. ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ രണ്ട് ജീവനക്കാരെ വാര്‍ത്താ അവതരണത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റ് വന്നതിനെത്തുടര്‍ന്ന് ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ലാല്‍കൃഷ്ണ ജീവനക്കാരുടെ യോഗം വിളിച്ചു ചേര്‍ക്കുകയായിരുന്നു.

‘നിങ്ങള്‍ക്ക് രാഷ്ട്രീയ നിലപാടുകള്‍ ഉണ്ടാകാം. അത് ജനം ടി.വിയില്‍ വേണ്ട. അങ്ങനെ ജനം ടി.വിയില്‍ നിന്ന് ജോലി രാജിവച്ച് പുറത്തുപോയി രാഷ്ട്രീയപ്രവര്‍ത്തനം നടത്തണം’ എന്നാണ് ലാല്‍കൃഷ്ണ ജീവനക്കാരുടെ യോഗത്തില്‍ പറഞ്ഞത്. പല ജീവനക്കാരും അമര്‍ഷത്തോടെയാണ് ഈ തീരുമാനത്തോട് പ്രതികരിച്ചത്. ദേശീയത മാത്രമാണ് ചാനലിന്റെ പ്രധാന മുഖമുദ്രയെന്നായിരുന്നു നേരത്തെ ജനം ടി.വിയില്‍ ജീവനക്കാര്‍ക്ക് നല്‍കിയിരുന്ന നിര്‍ദ്ദേശം. എന്നാല്‍ ഇപ്പോള്‍ ചാനലിനെ ബിജെപി, ആര്‍എസ്എസ് പാളയത്തില്‍കൊണ്ടുചെന്ന് കെട്ടാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ജീവനക്കാര്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചാനലിന്റെ സി.എഫ്.ഒ ആയ യു.എസ്. കൃഷ്ണകുമാര്‍ ചാനല്‍ നിഷ്പക്ഷ നിലപാടെടുക്കണമെന്ന അഭിപ്രായത്തിലാണ്. എന്നാല്‍ നിലവിലെ എം.ഡി വിശ്വരൂപന്‍ ബിജെപി, ആര്‍എസ്എസ് പക്ഷത്തോട് ചേര്‍ന്ന് നില്‍ക്കുന്നയാളാണ്. അതുകൊണ്ടുതന്നെ ചാനല്‍ പരിപാടികളില്‍ മുഴുവന്‍ ആര്‍എസ്എസ് ബിജെപി ബന്ധം നിഴലിക്കുന്നുണ്ട്. എന്നാല്‍ ഡയറക്ടര്‍മായി ചിലര്‍ ഈ നീക്കത്തില്‍ അതൃപ്തി അറിയിച്ചിട്ടുമുണ്ട്. തൃശൂരില്‍ കുറച്ചുമുമ്പ് നടന്ന നിക്ഷേപക സംഗമത്തിലും അവര്‍ ഈ അതൃപ്തി പുറത്തുപ്രകടിപ്പിച്ചു.

എന്നാല്‍, വിശ്വരൂപനോട് അടുപ്പമുള്ള നിക്ഷേപകര്‍ ബിജെപി, ആര്‍എസ്എസ് ബന്ധത്തിനാണ് ഊന്നല്‍ നല്‍കിയത്. ബിജെപി ആര്‍എസ്എസ് ബന്ധമുള്ള പരിപാടികളും വാര്‍ത്തകളും ചാനലില്‍ ധാരാളം വരുന്നതിനെതിരെ മാര്‍ക്കറ്റിങ് വിഭാഗവും അതൃപ്തി അറിയിച്ചിട്ടുണ്ട്. ആര്‍എസ്എസ് അനുകൂലമാണെന്ന് കരുതി അതിപ്രസരം കാരണം പരസ്യങ്ങള്‍ പിടിക്കാന്‍ കഴിയുന്നില്ലെന്നാണ് അവരുടെ പരാതി.

രാഷ്ട്രീയക്കാരില്‍ പലരും ചാനലിനോട് താല്‍പര്യം കാണിക്കുന്നില്ല. സര്‍ക്കാരിന്റെ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ അംഗീകാരം ഇതുവരെ കിട്ടാത്തതും ബിജെപി ബന്ധം കാരണമാണെന്നുള്ള വാദവും മാര്‍ക്കറ്റിങ് വിഭാഗം ഉന്നയിക്കുന്നുണ്ട്.

ചാനലിന്റെ സി.ഒ.ഒ ആയിരുന്ന രാജേഷ് പിള്ളയെ മാറ്റാനുള്ള നീക്കങ്ങളും അണിയറയില്‍ തകൃതിയായി നടക്കുന്നുണ്ട്. രാജേഷ് പിള്ള ഇപ്പോള്‍ ഓഫീസില്‍ വരുന്നില്ല. പകരം ചുമതല നല്‍കിയിരിക്കുന്നത് ഡല്‍ഹി റിപ്പോര്‍ട്ടര്‍ ആയ രാധാകൃഷ്ണനാണ്. ജയ്ഹിന്ദ് ടിവിയില്‍ നിന്നെ്ത്തിയ രാധാകൃഷ്ണനെ കോ ഓര്‍ഡിനേറ്റിങ് എഡിറ്ററായി നിയമിച്ചിട്ടുണ്ട്. എന്നാല്‍ രാധാകൃഷ്ണന്റെ നിയമനത്തിനെതിരെയും ചാനലില്‍ അസംതൃപ്തി പുകയുകയാണ്. രാധാകൃഷ്ണന്റെ നിയമനത്തില്‍ ചാനലിലെ എഡിറ്റോറിയല്‍ വിഭാഗം ജീവനക്കാര്‍ ഒന്നടങ്കം അതൃപ്തി രേഖപ്പെടുത്തി. കോണ്‍ഗ്രസ് ചാനലായ ജയ്ഹിന്ദില്‍ നിന്നാണ് ആര്‍എസ്എസ് ചാനലില്‍ രാധാകൃഷ്ണനെത്തിയത്. ഇതാണ് ജീവനക്കാരെ ചൊടിപ്പിക്കുന്നത്.

Top