പാലക്കാട്: പാവപ്പെട്ട കുടുംബങ്ങൾക്കും മാനസിക ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കും കൈത്താങ്ങായി പ്രവർത്തിക്കുകയാണ് തിരുനെല്ലായി പുത്തൻവീട്ടിൽ എൻ.ബിന്ദു.അഞ്ചു കിലോ അരി വീതം മാസം തോറും സൗജന്യമായി നൽകിയാണ് ബിന്ദു മാതൃകയാകുന്നത്. രണ്ടുവർഷമായി സാന്ത്വന പ്രവർത്തനം തുടങ്ങിയിട്ട്. എല്ലാ മാസവും താലൂക്ക് കേന്ദ്രീകരിച്ച് മാനസിക വൈകല്യമുള്ളവർ, വിധവകൾ, ദരിദ്രർ, അംഗവൈകല്യമുള്ളവർ എന്നിവർക്കാണ് സഹായം നൽകുന്നത്.
സഹായം നൽകുന്നതറിഞ്ഞ് വരുന്ന ആരെയും നിരാശരാക്കി അയക്കാൻ ശാസ്താ പ്രൊഡക്ട്‌സിന്റെ ഉടമ കൂടിയായ ബിന്ദു തയ്യാറല്ല. ഒരു മാസം 700ഓളം പേർക്ക് അരി നൽകും. അരിക്ക് പുറമെ അഞ്ച് കിലോ ഗോതമ്പ്, ഒരു കിലോ പഞ്ചസാര, നവധാന്യങ്ങൾ എന്നിവയും നൽകും. 15 വർഷം മുമ്പാരംഭിച്ച ശാസ്താ പ്രൊഡക്ട്‌സിലൂടെ വിവിധ സാധനങ്ങൾ വില്പന നടത്തി ലഭിക്കുന്ന ലാഭമാണ് സാന്ത്വന പ്രവർത്തനത്തിന് ഉപയോഗിക്കുന്നത്. തിരുനെല്ലായിക്ക് പുറമെ ഗുരുവായൂർ, എറണാകുളം എന്നിവിടങ്ങളിലും ശാസ്താ പ്രൊഡക്ട്‌സിന്റെ സേവനം ലഭ്യമാണ്. തന്റെ കീഴിലുള്ള തൊഴിലാളികൾക്ക് ബിന്ദു ഭക്ഷണവും സൗജന്യമായി നൽകുന്നു. നാട്ടുകാരും ബന്ധുക്കളും പൂർണ സഹകരണവുമായി ഒപ്പമുണ്ട്. മക്കൾ: ശബരിരാജ്, ശരണ്യ.