ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്ത പതിമൂന്നുകാരന്‍ അറസ്റ്റില്‍

ഏഴുവയസുകാരിയായ അയല്‍ക്കാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പതിമൂന്നുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ചണ്ഡീഗഡിനടുത്തുള്ള സിരാക്പൂരിലെ ധക്കോലിയിലാണ് സംഭവം. ഉത്തര്‍ പ്രദേശില്‍ നിന്നും ഇവിടെയെത്തി ജോലി ചെയ്യുന്നയാളാണ് ആണ്‍കുട്ടിയുടെ പിതാവ്. പെണ്‍കുട്ടിയുടെ കുടുംബം ബിഹാറില്‍നിന്നെത്തിയതാണ്. ഇരുകുടുംബങ്ങളും അയല്‍ക്കാരും നാളുകളായി ഇവിടെ താമസിക്കുന്നവരാണെന്നും പോലീസ് പറഞ്ഞു. രാവിലെ അടുത്തുള്ള കടയില്‍ പറഞ്ഞയച്ച പെണ്‍കുട്ടി തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് പീഡനത്തിന് ഇരയായെന്ന് വ്യക്തമായത്. കടയില്‍ നിന്നും ഒരു മണിക്കൂറിനുശേഷമാണ് പെണ്‍കുട്ടി തിരിച്ചെത്തിയത്. പെണ്‍കുട്ടിയോട് കാര്യം തിരക്കിയപ്പോള്‍ പൊട്ടിക്കരയുകയായിരുന്നു. അയല്‍ക്കാരന്‍ ഒഴിഞ്ഞ പ്രദേശത്തുവെച്ച് ആക്രമിച്ചെന്ന് പെണ്‍കുട്ടി പറഞ്ഞു. കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചപ്പോഴാണ് പീഡിപ്പിക്കപ്പെട്ടെന്ന് തിരിച്ചറിഞ്ഞത്. ഉടന്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് ആണ്‍കുട്ടിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയെന്ന് പോലീസ് അറിയിച്ചു.

Top