തൃശൂര്‍: കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് പ്രവര്‍ത്തകനായ ചാവക്കാട് ഹനീഫയെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണസംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ എട്ട് പ്രതികളാണ് ഉള്ളത്. ഗ്രൂപ്പ് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു.കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഗോപപ്രതാപനെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഗോപപ്രതാപനെ പ്രതിചേര്‍ക്കാനുള്ള തെളിവില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. മന്ത്രി സിഎന്‍ ബാലകൃഷ്ണനെ എതിര്‍ത്തതു കൊണ്ടാണ് ഹനീഫയെ കൊല്ലുന്നതെന്ന് അക്രമികള്‍ വിളിച്ചു പറഞ്ഞതായി പരാതി ഉയര്‍ന്നിരുന്നു. ജില്ലയിലെ ഐ ഗ്രൂപ്പ് നേതാവായ ഗോപപ്രതാപന്‍ ഫോണില്‍ വിളിച്ച് ഭീഷണി മുഴക്കിയതായും പരാതിയില്‍ പറഞ്ഞിരുന്നു. തൃശൂരിലെ കോണ്‍ഗ്രസ് ഗ്രൂപ്പ് പോരിനെ തുടര്‍ന്ന് ഹനീഫയെ ഒരു സംഘം അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിന് പിന്നില്‍ ഐ ഗ്രൂപ്പുകാരാണെന്നാണ് ആരോപണം.
ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി മോഹന്‍ദാസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാല്‍ കേസിലെ മുഖ്യ പ്രതിയെന്ന് ഹനീഫയുടെ ബന്ധുക്കളടക്കം ആരോപിച്ച കോണ്‍ഗ്രസ് എ ഗ്രൂപ്പ് പ്രവര്‍ത്തകന്‍ ഗോപപ്രതാപന്റെ പേര് കുറ്റപത്രത്തിലില്ല. ഗോപപ്രതാപന് എതിരെ ആവശ്യമായ തെളിവുകളില്ലെന്നാണ് കുറ്റപത്രത്തില്‍ അന്വേഷണ സംഘം നല്‍കുന്ന വിശദീകരണം.
ഹനീഫ കൊല്ലപ്പെട്ട് തൊണ്ണുറു ദിവസം തികയാന്‍ നാല് ദിവസം അവശേഷിക്കവെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഗ്രൂപ്പുകള്‍ തമ്മിലുള്ള മുന്‍ തര്‍ക്കങ്ങള്‍ വൈരാഗ്യത്തിന് കാരണമായതായി കുറ്റപത്രത്തില്‍ ആരോപിക്കുന്നു. കേസില്‍ മുഖ്യ പ്രതികളായി
ഷമീര്‍, അന്‍സാര്‍, അഫ്‌സല്‍, ഷംസീര്‍, റിന്‍ഷാദ്, ഫസല്‍, സിദ്ദിഖ്, ആബിദ് എന്നിവരെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.