കരുണാകരനോടു മാപ്പപേക്ഷിച്ച് ചെറിയാന്‍ ഫിലിപ്പിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്; ഒളിയമ്പ് മുഖ്യമന്ത്രിക്കെതിരെ

കൊച്ചി: കരുണാകരന്റെ ഓര്‍മ്മകള്‍ക്കു മുന്നില്‍ കുറ്റബോധത്തോടെ ചെറിയാന്‍ ഫിലിപ്പിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കാന്‍ കൂട്ടു നിന്നതില്‍ കടുത്ത ദുഖമുണ്ടെന്ന പരാമര്‍ശത്തോടെയാണ് ചെറിയാന്‍ ഫിലിപ്പ് ഫെയ്‌സ്ബുക്ക് പോസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്.
20 വര്‍ഷം കഴിഞ്ഞിട്ടും ഈ അപരാധത്തിന്റെ കുറ്റബോധം തന്നെ വേട്ടയാടുന്നുവെന്ന് ചെറിയാന്‍ ഫിലിപ്പ് വ്യക്തമാക്കി. കരുണാകരന്റെ അഞ്ചാം ചരമ വാര്‍ഷികത്തിലാണ് മാപ്പപേക്ഷ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ചെറിയാന്‍ ഫിലിപ്പിന്റെ പ്രതികരണം.
ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ്: ഇന്ന് ലീഡര്‍ കെ കരുണാകരന്റെ അഞ്ചാം ചരമ വാര്‍ഷിക ദിനമാണ് 1995 ല്‍ കെ കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും അട്ടിമറിച്ച ഹീനവൃത്തിയില്‍ ഭാഗികമായി പങ്കാളിയാകേണ്ടി വന്നതില്‍ പരസ്യമായി മാപ്പ് അപേക്ഷിക്കുന്നു. ഇരുപതു വര്‍ഷം കഴിഞ്ഞിട്ടും ഈ അപരാധത്തില്‍ കുറ്റബോധം എന്നെ വേട്ടയാടുന്നത് കൊണ്ടാണ് അദ്ദേഹത്തിന്റെ അഞ്ചാം ചരമ വാര്‍ഷിക ദിനത്തില്‍ ക്ഷമാപണത്തിന് മുതിരുന്നത് .
1994-95 കാലഘട്ടത്തില്‍ ഗ്രൂപ്പ് രാഷ്ര്ടീയത്തിന്റെ ഭാഗമായി കൊണ്ഗ്രസിലെ എ വിഭാഗം കരുണാകരനെ ചാരനായും രാജ്യദ്രോഹിയായും ചിത്രീകരിച്ചാണ് ജനമദ്ധ്യത്തില്‍ താറടിച്ചത്. മുഖ്യമന്ത്രി കരുണാകരനെതിരെ കോണ്ഗ്രസ് ഹൈക്കമാണ്ടിനു കുറ്റപത്രം സമര്‍പ്പിക്കുകയും, രാജി വെക്കണമെന്നു ആവശ്യപ്പെട്ടു കൊണ്ട് നാടുനീളെ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തവര്‍ക്ക് ഇപ്പോഴെങ്കിലും മനസ്താപം ഉണ്ടാകേണ്ടതാണ്. കരുണാകരപക്ഷത്ത് ഉണ്ടായിരുന്ന ഏഴു എം എല്‍ എ മാരെ അടര്‍ത്തിയെടുത്ത് നിയമസഭകക്ഷിയില്‍ അദ്ദേഹത്തിന്റെ ഭൂരിപക്ഷം നഷ്ടപ്പെടുത്തിയതിന്റെ പിന്നിലെ കുതിരക്കച്ചവടം അധാര്‍മികവും നീചവും ആയിരുന്നു.
ഞാന്‍ ചെയ്ത കാര്യങ്ങള്‍ 1998 ല്‍ ലീഡറോട് തുറന്നു പറയുകയും, പ്രായശ്ചിത്തമെന്നോണം ലോകസഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് അദ്ദേഹത്തെ ജയിപ്പിക്കാന്‍ കഠിനയത്‌നം നടത്തുകയും ചെയ്തിരുന്നു . പിന്നീട് മരണം വരെ അദ്ദേഹത്തിന്റെ ഹൃദയത്തില്‍ സ്ഥാനം നേടി . കെ കരുണാകരനെ കുറിച്ചുള്ള ഓര്‍മ്മകള്‍ക്കു മുമ്പില്‍ ദുഖഭാരത്തോടെ തല കുനിക്കുന്നു

Top