ലണ്ടന്‍: ഹോസെ മൗറീഞ്ഞോയുടെ വിവശതകളിലേക്ക് ലിവര്‍പൂളിന്റെ ഗോള്‍വര്‍ഷം. സ്വന്തം മൈതാനത്ത് ഒരു ഗോളിന് മുന്നിട്ടു നിന്നിട്ടും മൂന്നു ഗോള്‍ തിരിച്ചുവാങ്ങി സ്റ്റംഫോഡ് ബ്രിഡ്ജിലെ സ്വന്തം കാണികള്‍ക്കു മുന്നില്‍ ലിവര്‍പൂളിനോട് ചാമ്പ്യന്മാര്‍ ചെല്‍സി കീഴടങ്ങി. തോല്‍വിയോടെ ഹോസെ മൗറീഞ്ഞോയുടെ ഭാവിയുടെ കാര്യത്തില്‍ ഏറെക്കുറെ തീരുമാനവുമായി. ഫിലിപ്പ് കുട്ടീഞ്ഞോയുടെ ഇരട്ട ഗോളുകളാണ് ചുവപ്പു സൈന്യത്തെ ജയത്തിലേക്കു നയിച്ചത്. ലിവറിന്റെ പരിശീലനകനായി ചുമതലയേറ്റ യുര്‍ഗന്‍ ക്ലോപ്പിന് പ്രീമിയര്‍ ലീഗില്‍ ആദ്യ ജയം.
നാലാം മിനിറ്റില്‍ റാമിറസിലൂടെ മുന്നിലെത്തി ചെല്‍സി. 45 മിനിറ്റ് വരെ ലീഡ് നിലനിര്‍ത്തി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഫിലിപ്പ് കുട്ടീഞ്ഞോ ലിവര്‍പൂളിനെ ഒപ്പമെത്തിച്ചു. 74ാം മിനിറ്റില്‍ കുട്ടീഞ്ഞോയുടെ ബൂട്ടില്‍നിന്ന് രണ്ടാം ഗോള്‍. നിശ്ചിത സമയം പൂര്‍ത്തിയാക്കാന്‍ ഏഴു മിനിറ്റ് ശേഷിക്കെ ക്രിസ്റ്റ്യന്‍ ബെന്‍ടെക് നീലപ്പടയുടെ വിവശതകളിലേക്ക് മൂന്നാം പ്രഹരവും ഏല്‍പ്പിച്ചു. 11 കളികളില്‍ 17 പോയിന്റുമായി രണ്ട് സ്ഥാനം കയറി ഏഴാമതെത്തി ലിവര്‍പൂള്‍. 11 പോയിന്റുള്ള ചെല്‍സി പതിനഞ്ചാമത് തുടരുന്നു.