നവി മുംബൈയിലെ തലോജ ഇന്റുസ്ട്രിയല്‍ ഏരിയയിലുള്ള നായകളുടെയെല്ലാം നിറം നീലയായി മാറുന്നു. പ്രദേശത്ത് അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കളാണ് നിറംമാറുന്നത്.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച നവി മുംബൈ മൃഗ സംരക്ഷണ വിഭാഗം പറയുന്നത് പ്രദേശത്തെ വ്യവസായശാലകളില്‍നിന്നുമുള്ള മാലിന്യങ്ങള്‍ കസദി നദിയില്‍ ഒഴുക്കുന്നത് മൂലമാണെന്നാണ്.
നദിക്കരയിലും മാലിന്യങ്ങളിലും ഭക്ഷണം തിരയുന്ന നായ്ക്കളില്‍ കെമിക്കല്‍ ചേര്‍ന്നതിനാലാണ് നിറംമാറ്റം ദൃശ്യമായത്. വലിയതോതിലുള്ള പാരിസ്ഥിതിക മലിനീകരണമാണ് ഇവിടെ ഉണ്ടാകുന്നത്.
ആയിരത്തോളം ഫാര്‍മസ്യൂട്ടിക്കല്‍, എഞ്ചിനീയറിങ് ഫാക്ടറികള്‍ ഇവിടെയുണ്ട്. ഇവിടങ്ങളിലെ മാലിന്യം നേരിട്ട് നദിയിലേക്ക് ഒഴുക്കുകയാണ്.
കെമിക്കലുകള്‍ കലര്‍ന്ന് നായ്ക്കളുടെ നിറം മാറുന്നത് ഞെട്ടിക്കുന്നതാണെന്നാണ് നവി മുംബൈ മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥയായ ആരതി ചൗഹാന്‍ പറയുന്നത്.
പ്രദേശത്ത് ഒട്ടേറെ നായ്ക്കളുടെ നിറം മാറിയതായി കണ്ടെത്തിയിട്ടുണ്ട്. എത്രയും പെട്ടെന്ന് മലിനീകരണ നിയന്ത്രണ വിഭാഗം ഇവിടെ ഇടപെടണണെന്നും അവര്‍ ആവശ്യപ്പെട്ടു.
മനുഷ്യരുടെ ആരോഗ്യത്തെയും മാലിന്യ നിക്ഷേപം കാര്യമായി ബാധിക്കുന്നുണ്ട്. മത്സങ്ങളുടെ അളവ് ഗണ്യമായി കുറഞ്ഞു. കമ്പനികളില്‍ ട്രീറ്റ്‌മെന്റ് പ്ലാന്റുകളില്ലാത്തതിനാല്‍ നേരിട്ട് മാലിന്യം നദികളിലെത്തുകയാണ്.
ജലം പരിശോധിച്ചതില്‍ നിന്നും മാലിന്യത്തിന്റെ അളവ് കണ്ടെത്തിയിട്ടുണ്ട്. നായകളുടെ നിറംമാറ്റത്തോടെ വ്യവസായശാലകള്‍ക്കെതിരെ ഉടനടി നടപടിവേണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുകയാണ്.