
പൊളിറ്റിക്കൽ ഡെസ്‌ക്
തിരുവല്ല: ഇടതു മുന്നണിയുടെ എം.എൽ.എ കെ.കെ രാമചന്ദ്രന്റെ നിര്യാണത്തെ തുടർന്നു ഒഴിവു വന്ന ചെങ്ങന്നൂർ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയം ഉറപ്പാക്കാൻ ബിജെപി സംസ്ഥാന നേതൃത്വത്തിനു കേന്ദ്ര നേതൃത്വത്തിന്റെ നിർദേശം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നാൽപതിനായിരത്തിലധികം വോട്ട് ലഭിച്ച മണ്ഡലത്തിൽ ഇത്തവണ വിജയം ഉറപ്പാക്കാൻ അഞ്ചു കോടി രൂപയാണ് ബിജെപി കേന്ദ്ര നേതൃത്വം ചിലവഴിക്കുന്നത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനോ, സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രനോ തന്നെ മണ്ഡലത്തിൽ മത്സരിക്കണമെന്നും അമിത് ഷാ കർശന നിർദേശം നൽകിയിട്ടുണ്ട്. എസ്.എൻ.ഡി.പി യോഗം ഇടതു മുന്നണിയ്ക്കു പിൻതുണ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ബിജെപി കർശന നടപടികളുമായി രംഗത്ത് ഇറങ്ങിയിരിക്കുന്നത്.
ഇടതു മുന്നണിയും കോൺഗ്രസും മണ്ഡലത്തിലെ സ്ഥാനാർഥി ആരാണെന്നു പ്രഖ്യാപിക്കാത്ത സാഹചര്യത്തിലാണ് ബിജെപി കർശനമായ നടപടികളുമായി ഒരു മുഴം മുന്നേ എറിയാനൊരുങ്ങുന്നത്. തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ എന്തൊക്കെ, വിജയസാധ്യത ഏത്രത്തോളമുണ്ട്. എത്ര വോട്ട് ലഭിക്കും തുടങ്ങിയ കൃത്യമായ കണക്കുകൾ നൽകണമെന്നു ബിജെപി കേന്ദ്ര നേതൃത്വവും അമിത്ഷായും സംസ്ഥാനത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നു പി.എസ് ശ്രീധരൻപിള്ള പ്രഖ്യാപിച്ച സാഹചര്യത്തിൽ മുതിർന്ന നേതാവിനെ തന്നെ മത്സരിപ്പിക്കണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ താല്പര്യം. അതുകൊണ്ടു തന്നെയാണ് കുമ്മനത്തിന്റെയും സുരേന്ദ്രന്റെയും പേര് കേന്ദ്ര നേതൃത്വം മുന്നോട്ടു വയ്ക്കുന്നതും. എന്നാൽ, ഇവിടെ വോട്ട് കുറയുമെന്ന ഭീതിയിൽ ഈ രണ്ടു നേതാക്കളും മത്സരത്തിനു തയ്യാറാകില്ലെന്നാണ് സൂചന ലഭിക്കുന്നത്. ഇതിനിടെ സിപിഎം സ്ഥാനാർഥി മഞ്ജുവാര്യരാണെന്ന വാർത്ത പ്രചരിച്ചതോടെ ശോഭാ സുരേന്ദ്രനെ സ്ഥാനാർഥിയാക്കണമെന്നു ബിജെപിയിലെ ഒരു വിഭാഗം ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
ചെങ്ങന്നൂരിലെ ഉപതിരഞ്ഞെടുപ്പിൽ വിജയം ഉറപ്പാക്കുന്നതിനു അഞ്ചു കോടി രൂപ നൽകാമെന്നാണ് കേന്ദ്ര നേതൃത്വം വാഗ്ദാനം ചെയ്തിരിക്കുന്നത്. അതുകൊണ്ടു തന്നെ ജീവൻമരണ പോരാട്ടത്തിനാണ് ഇക്കുറി ബിജെപി ചെങ്ങന്നൂരിൽ ഇറങ്ങുന്നത്.