![](https://dailyindianherald.com/wp-content/uploads/2018/05/oc-pv.jpg)
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണത്തില്‍ ഉടനീളം നടന്നത് മുഖ്യമന്ത്രിയും മുന്‍ മുഖ്യമന്ത്രിയും തമ്മിലുള്ള ബലപരീക്ഷണം കൂടിയാണ്. എല്‍ഡിഎഫിന്റെ പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് മണ്ഡലത്തില്‍ ക്യാമ്പ് ചെയ്തപ്പോള്‍ യുഡിഎഫിന് വേണ്ടി അങ്കം നയിച്ചത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയായിരുന്നു.
2016 ലെ സിപിഎമ്മിന്റെ സ്റ്റാര്‍ ക്യാമ്പയിനറായിരുന്ന വിഎസ് അച്യുതാനന്ദനെ മാറ്റി നിര്‍ത്തിയാണ് പിണറായി ഇക്കുറി പ്രചാരണത്തിന്റെ കടിഞ്ഞാണ്‍ ഏറ്റെടുത്തത്. അതു പോലെതന്നെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ മറികടന്ന് ഉമ്മന്‍ ചാണ്ടിയായിരുന്നു യുഡിഎഫ് പ്രചാരണം മുന്നില്‍ നിന്ന് നയിച്ചത്.
ഇന്നലെ എല്‍.ഡി.എഫിനു വേണ്ടി മുഖ്യമന്ത്രി പൊതുയോഗങ്ങളിലും പ്രസംഗിച്ചും ഇന്നസെന്റ് എം.പി. റോഡ്ഷോ നടത്തിയപ്പോള്‍ പ്രചാരണം കൊഴുപ്പിച്ചപ്പോള്‍, യു.ഡി.എഫിനു വേണ്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഒരുമിച്ച് കളത്തിലിറങ്ങിയാണ് പ്രതിരോധിച്ചത്.
പിണറായി വിജയനും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ.കെ. ആന്റണിയും തമ്മിലുള്ള വാക്പോര് ഇരുമുന്നണികളുടെയും പ്രചാരണത്തിനു ചൂടുപിടിപ്പിച്ചിരുന്നു.
പൊതുയോഗങ്ങളില്‍ പങ്കെടുത്ത് ഇരുവരും ആരോപണ-പ്രത്യാരോപണങ്ങളുമായി കൊണ്ടും കൊടുത്തുമാണ് മുന്നേറിയത്. കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലായിരുന്നു എന്‍.ഡി.എയുടെ പ്രചാരണം. കുടുംബയോഗങ്ങളും പൊതുയോഗങ്ങളും ഇന്നലെ പൂര്‍ത്തിയാക്കി. ഇന്നു പരമാവധി വോട്ടര്‍മാരെ നേരിട്ടു കാണാനാണു സ്ഥാനാര്‍ഥികളുടെയും നേതാക്കളുടെയും ശ്രമം.