
ചെങ്ങന്നൂര്‍: അമേരിക്കയില്‍ ഡോക്ടറായ പ്രവാസി മലയാളി വാഴാര്‍മംഗലം ഉഴത്തില്‍ വീട്ടില്‍ ജോയി വി ജോണി(68)ന്റെ ദാരുണമായ കൊലപാതകത്തിലേയ്ക്ക് നയിച്ചത് കോടികളുടെ സ്വത്തിനെ കുറിച്ചുള്ള തര്‍ക്കം.
നാട്ടില്‍ കോടികണക്കിന് സ്വത്തുക്കളുണ്ടെങ്കിലും മകന് ഷെറിന് കൈകാര്യം ചെയ്യാന്‍ കാര്യമായൊന്നും നല്‍കാറില്ല. ഇതിനെ കുറിച്ച് നടന്ന ചര്‍ച്ചകളും വാക്ക്തര്‍ക്കവുമാണ് യാത്രക്കിടയില്‍ പിതാവിനെ കൊല്ലുന്നതിലേയ്ക്ക് എത്തിയത്. നേരത്തെ അമേരിക്കയിലായിരുന്ന ഷെറിന് നാട്ടിലെത്തി ടെക്നോപാര്‍ക്കില്‍ ജോലിക്ക് പ്രവേശിക്കുകയായിരുന്നു.
കൊലയ്ക്കുശേഷം മകന് ഷെറിന് ആദ്യം വിളിച്ചുപറയുന്നത് അമേരിക്കയില്ലുള്ള അമ്മയോടാണ്. ‘അച്ഛനുമായി വഴക്കിട്ടു, അബദ്ധം പറ്റി, ക്ഷമിക്കണം’ എന്നു പറഞ്ഞശേഷം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു. എന്നാല്‍ അവര്‍ക്കപ്പോള്‍ ഈ രീതിയിലുള്ള ഒരു ദുരന്തമാണ് തന്റെ ഭര്‍ത്താവിനു സംഭവിച്ചതെന്ന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല . ഭര്‍ത്താവ് മകനാലാണ് കൊല്ലപെട്ടതെന്ന വാര്‍ത്ത ഉള്‍ക്കൊള്ളാന്‍ കഴിയാത്ത അവസ്ഥയിലാണ് ആ അമ്മ ഇപ്പോഴും.
അമേരിക്കന്‍ മലയാളിയെയും മകനെയും ദുരൂഹ സാഹചര്യത്തില്‍ കാണാനില്ലെന്ന വാര്‍ത്തയാണ് ആദ്യം പുറത്തുവന്നത്. തുടര്‍ന്നു നടന്ന അന്വേഷണത്തിനൊടുവില്‍ കോട്ടയത്ത് സ്വകാര്യ ഹോട്ടലില്‍ വച്ചു ഷെറിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. 2010 ല്‍ ഷെറിനും ചെന്നൈ സ്വദേശിനിയായ യുവതിയുമായുള്ള വിവാഹം ആര്‍ഭാടപൂര്‍ണമായാണു ചെങ്ങന്നൂരില്‍ നടത്തിയത്.
എന്നാല്‍ ഒരു വര്‍ഷത്തിനു ശേഷം ഇവര്‍ വേര്‍പിരിഞ്ഞെന്നും വിവാഹബന്ധം നിയമപരമായി വേര്‍പെടുത്തിയെന്നും പറയപ്പെടുന്നു. അതിനു ശേഷം ജോയിയും ഷെറിനും തമ്മില്‍ അഭിപ്രായഭിന്നതയുണ്ടെന്നും ഇടയ്ക്കിടെ വഴക്കുണ്ടാകാറുണ്ടെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.
കാറിന്റെ എസി ശരിയാക്കാന്‍ വേണ്ടി തിരുവനന്തപുരത്തേക്ക് പോകുന്നുവെന്നു പറഞ്ഞാണു 25 നു ഇരുവരും അവസാന യാത്ര തിരിച്ചത് . അപ്പോള്‍ ഇരുവരും തമ്മില്‍ പ്രശ്നങ്ങള്‍ ഇല്ലായിരുന്നുവെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത് . എന്നാല്‍ യാത്രയ്ക്കിടെ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.
തനിക്ക് നേരെ പിതാവ് തോക്കു ചൂണ്ടിയെന്നും പിടിവലിക്കിടെ തോക്ക് തട്ടിയെടുത്ത് പിതാവിനെ വെടിവയ്ക്കുകയായിരുന്നുവെന്നുമാണ് ഷെറിന് പൊലീസിനോട് പറഞ്ഞത്. പിന്നീട് പെട്രോളൊഴിച്ച് കത്തിച്ചശേഷം അവശിഷ്ടങ്ങള്‍ പമ്പയാറില്‍ ഒഴുക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കൃത്യത്തിന് ഉപയോഗിച്ച തോക്ക് പൊലീസ് ഷെറിന്റെ കയ്യില്‍ നിന്നും കണ്ടെത്തി.
ജോയിയുടെ ഭാര്യ മറിയാമ്മയുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം നടത്തിയത്. അതിനിടെ, ജോയിയുടെ വസ്ത്രങ്ങള്‍ കത്തിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ജോയിയുടെ ഉടമസ്ഥതയില്‍ ചെങ്ങന്നൂര്‍ മാര്‍ക്കറ്റ് റോഡിലുള്ള കെട്ടിടത്തിന്റെ ഗോഡൗണില്‍ പൊലീസ് പരിശോധന നടത്തിയപ്പോഴാണ് ഇതു കണ്ടെത്തിയത്. മനുഷ്യമാംസം കത്തിച്ചതിന്റെ സൂചനകളും അവശിഷ്ടങ്ങളും രക്തക്കറപുരണ്ട ചെരുപ്പും ഇവിടെ നിന്നു കണ്ടെത്തിയിരുന്നു.
നഗരമധ്യത്തിലെ ഈ ഗോഡൗണിന്റെ ഒരു ഭാഗത്ത് ഭിത്തിയില്‍ രക്തം ചീറ്റിത്തെറിച്ച നിലയിലായിരുന്നു. തുണികള്‍ കൂട്ടിയിട്ടാണു പെട്രോള്‍ ഒഴിച്ച് കത്തിച്ചത്. ഇവിടെനിന്നു ലഭിച്ച ചെരുപ്പും ഷര്‍ട്ടിന്റെ ഒരു ബട്ടണും ഭര്‍ത്താവിന്റേതാണെന്നു മറിയാമ്മ തിരിച്ചറിഞ്ഞു. ഇതോടെയാണ് ജോയി ജോണ്‍ കൊല ചെയ്യപ്പെട്ടിരിക്കാമെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്.
സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത് ഇങ്ങനെ:
ചാരനിറത്തിലുള്ള കെ.എല്‍ 2ടി 5550 സ്കോഡ കാറില്‍ തിരുവനന്തപുരത്തുപോയ ഇവര്‍ ഉച്ചയ്ക്കു 12.30ന് ഷോറൂമില്‍ നിന്നു മടങ്ങി. വൈകിട്ട് 4.30നു മറിയാമ്മ വിളിച്ചപ്പോള്‍ ചെങ്ങന്നൂരിനു സമീപം മുളക്കുഴയിലെത്തിയെന്ന് ജോയി മറുപടി നല്‍കിയെങ്കിലും രാത്രിയായിട്ടും വീട്ടിലെത്തിയില്ല. ഫോണില്‍ ബന്ധപ്പെടാനുള്ള ശ്രമം പരാജയപ്പെട്ടു.
തുടര്‍ന്ന് ഇളയ മകന് ഡോ. ഡേവിഡും സുഹൃത്ത് ജിനുവും ചെങ്ങന്നൂര്‍ ടൗണിലും ഇവര്‍ പോകാനിടയുള്ള സ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പിറ്റേന്നു രാവിലെ എട്ടരയോടെയാണ് ഷെറിന് മാതാവിനെ ഫോണില്‍ വിളിച്ച് അബദ്ധം പറ്റിയെന്ന തരത്തില്‍ പറഞ്ഞത്.
ഡിവൈ.എസ്പി: കെ.ആര്. ശിവസുതന്‍ പിള്ളയുടെ മേല്‍നോട്ടത്തില്‍ സിഐ അജയ്നാഥ്, മാന്നാര്‍ സിഐ ഷിബു പാപ്പച്ചന് എന്നിവരുടെ നേതൃത്വത്തില്‍ എട്ട് എസ്.ഐമാരടങ്ങുന്ന 22 അംഗ പൊലീസ് സംഘവും എസ്പിയുടെ സ്പെഷല്‍ സ്ക്വാഡുമാണ് അന്വേഷണം നടത്തുന്നത്. ജോയിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പമ്പാനദിയില്‍ ഉപേക്ഷിച്ചിട്ടുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സംഘം രണ്ടു സ്പീഡ് ബോട്ടുകളിലായി ആറാട്ടുപുഴ മുതല്‍ നെടുമുടി വരെയുള്ള രാത്രി വൈകിയും തെരച്ചില്‍ നടത്തിയിരുന്നു.