ചെന്നൈ :ഇടവേളക്ക് ശേഷം വെള്ളിയാഴ്ച വൈകീട്ട് പെയ്ത മഴ ചെെെന്നയെ വീണ്ടും ആശങ്കയിലാഴ്ത്തി. റോയപ്പേട്ട്, മൗണ്ട് റോഡ്, താംബരം, ചെങ്കല്‍പ്പേട്ട് എന്നിവിടങ്ങളിലെല്ലാം ശക്തമായ മഴ തുടരുകയാണ്. വെള്ളം താഴ്ന്നതിനാല്‍ ചെെെന്ന വിമാനത്താവളം നാളെ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഭാഗികമായി മാത്രമായിരിക്കും വിമാനത്താവളം പ്രവര്‍ത്തിക്കുക.
ജനജീവിതത്തെ ദുരിതത്തിലാഴ്ത്തി ചെന്നൈയില്‍ കനത്ത മഴ തുടരുന്നു. റോയപ്പേട്ട്, മൗണ്ട് റോഡ്, താംബരം, ചെങ്കല്‍പ്പേട്ട് എന്നിവിടങ്ങളിലെല്ലാം ശക്തമായ മഴ തുടരുകയാണ്. അടുത്ത 48 മണിക്കൂറിലേക്ക് മഴ പെയ്യില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചതിനു പിന്നാലെയാണ് ശക്തമായ മഴ വീണ്ടും പെയ്തു തുടങ്ങിയത്. ജനജീവിതം സാധാരണ നിലയിലേക്ക് കൊണ്ടു വരാനുള്ള ശ്രമങ്ങള്‍ക്ക് ഇതു തിരിച്ചടിയായി.മഴ ശക്തമായത് രക്ഷാപ്രവര്‍ത്തനത്തെയും ബാധിച്ചിട്ടുണ്ട്. ഇതുവരെ ഒരു ലക്ഷത്തിലധികം പേരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി. നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളപ്പൊക്കത്തിലാണ്. നിരവധി പേര്‍ ഭക്ഷണവും കുടിവെള്ളവുമില്ലാതെ വീടിനുള്ളില്‍ അകപ്പെട്ടിരിക്കുകയാണ്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കരസേനയും നാവികസേനയും ദേശീയ ദുരന്തനിവാരണസേനയും രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുണ്ട്.
പ്രളയത്തില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാന്‍ നാളെ രാവിലെ ഒന്‍പതു മുതല്‍ ചെന്നൈയില്‍ നിന്ന് ഒരു മണിക്കൂര്‍ ഇടവിട്ട് തിരുവനന്തപുരത്തേക്കും തൃശൂരിലേക്കും കെഎസ്ആര്‍ടിസി സൗജന്യ ബസ് സര്‍വീസ് നടത്തുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. കോയമ്പേട്ടിലെ സിഎംസി ബസ് സ്റ്റാന്‍ഡിലെ നാല്, അഞ്ച് ബസ് ബേകളില്‍ നിന്നാണ് ബസുകള്‍ പുറപ്പെടുക. ഇവിടെയും ചെന്നൈ എഗ്മോറിലെ കേരള ഹൗസിലും പ്രത്യേക കൗണ്ടര്‍ കെഎസ്ആര്‍ടിസി തുറന്നിട്ടുണ്ട്.
ചെന്നൈയിലെ 044 28293020, 9444186238 എന്നീ നമ്പറുകളില്‍ വിളിച്ച് യാത്രക്കാര്‍ മുന്‍കൂട്ടി പേര് റജിസ്റ്റര്‍ ചെയ്യണം. തിരുവനന്തപുരം ഡിടിഒയെ 9495099902 എന്ന നമ്പറിലും തൃശൂര്‍ ഡിടിഒയെ 9495099909 എന്ന നമ്പറിലും പാലക്കാട് ഡിടിഒയെ 9495099910 എന്ന നമ്പറിലും വിളിച്ച് സഹായം തേടാം. തിരുവനന്തപുരം കണ്‍ട്രോള്‍ റൂം: 9447071014. യാത്രക്കാരുടെ എണ്ണം വര്‍ധിച്ചാല്‍ കൂടുതല്‍ ബസുകള്‍ രംഗത്തിറക്കും.നാളെ ഉച്ചയ്ക്ക് 12 ന് മംഗലാപുരം സ്പെഷല്‍ ട്രെയിന്‍ ആറക്കോണത്ത് നിന്ന് പുറപ്പെടും. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, പാലക്കാട് എന്നിവിടങ്ങളിലെല്ലാം സ്റ്റോപ്പുണ്ടാകും.