തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള രമേശ് ചെന്നിത്തലയുടെ കത്ത് കിട്ടിയെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. കത്ത് കിട്ടിയത് ഈമെയില്‍ വഴിയാണെന്നും കത്തിന്റെ ഉള്ളടക്കം പരിശോധിച്ച വരികയാണെന്നും ഹൈക്കമാന്‍ഡ് അറിയിച്ചു. കത്തുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ രൂക്ഷമായിരിക്കെയാണ് ഈ സംഭവവികാസം. താന്‍ കത്തയച്ചില്ലെന്നും വിവാദമായ കത്ത് തന്‍േറതല്ലെന്നും ഇതുവരെ പറഞ്ഞു നടന്ന ചെന്നിത്തല ഇതോടെ വെട്ടിലായി.ചെന്നിത്തലയുടെ മെയിലില്‍ നിന്നു തന്നെയാണ് കത്ത് അയച്ചതെന്നും ഹൈക്കമാന്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ചെന്നിത്തലയെ പാര്‍ട്ടിയില്‍ ഒറ്റപ്പെടുത്താനുള്ള ആസൂത്രിത നീക്കമാണ് ഇതിനു പിന്നിലെന്നാണ് ഐ ഗ്രൂപ്പിന്റെ വാദം. പ്രബലനായ നേതാവിനെ വിവാദത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി ഐ ഗ്രൂപ്പിനെ മുഴുവന്‍ കൈയിലെടുക്കാനുള്ള എ ഗ്രൂപ്പ് നീക്കമായും അവര്‍ ഇതിനെ കാണുന്നു. എന്നാല്‍ ചെന്നിത്തലയെ പിന്താങ്ങി ഗ്രൂപ്പ് നേതാക്കളാരും രംഗത്ത് വരാത്തതില്‍ ഐ ഗ്രൂപ്പിനകത്തും ആശയക്കുഴപ്പമുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പരാജയപ്പെടാന്‍ കാരണം വര്‍ഗീയ ധ്രുവീകരണമാണെന്നും സര്‍ക്കാരിലെ ന്യൂനപക്ഷ മേധാവിത്വം ദോഷം ചെയ്തെന്നുമാണ് കത്തിലെ പ്രധാന ആരോപണം. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫിന്റെ അടിത്തറ ഭദ്രമാക്കണമെന്നും തൊലിപ്പുറത്തുള്ള മാറ്റങ്ങള്‍കൊണ്ട് കാര്യമില്ലെന്നും കത്തില്‍ പറയുന്നു. പരോക്ഷമായി നേതൃമാറ്റമെന്ന ആവശ്യമാണ് കത്തില്‍ ഉന്നയിക്കുന്നത്. ഇത്തരം പരാമര്‍ശം ഗ്രൂപ്പ് യോഗത്തില്‍ പറഞ്ഞിട്ടുണ്ടെന്ന് ചെന്നിത്തല സമ്മതിക്കുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കത്തെഴുതിയിട്ടില്ല. താന്‍ പറഞ്ഞ പരാമര്‍ശം മറ്റാരോ തയ്യാറാക്കി തന്റെ പേരില്‍ നേതൃത്വത്തിന് അയച്ചു എന്നാണ് ചെന്നിത്തലയുടെ ഇപ്പോഴത്തെ വാദം. പാര്‍ട്ടി നേതൃത്വത്തിന് പാര്‍ട്ടി പ്രവര്ത്തകന് അയച്ച കത്ത് എന്നുള്ളതാണെങ്കിലും ആരോപണ വിധേയന് ആഭ്യന്തരമന്ത്രി ആയതിനാല്‍ കത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കേണ്ടതായി വരും. ഇവിടെയും ചെന്നിത്തലയ്ക്ക് കുരുക്കാണ്.
കത്ത് പുറത്തായത് ദല്‍ഹിയിലാണ്. പരാതി നല്കണമെങ്കില് ദല്‍ഹി പോലീസില്‍ പരാതി നല്‍കേണ്ടി വരും. കെപിസിസി പ്രസിഡന്റിന്റെ സമഗ്രമായ അന്വേഷണം എങ്ങും എത്തില്ല. ചെന്നിത്തലയെ പിന്തുടര്ന്ന് ആരോപണം നിലനില്ക്കുകയും ചെയ്യും. എ ഗ്രൂപ്പിന് ഇത് പാര്‍ട്ടി വേദികളില്‍ തുടര്‍ന്നും ഉന്നയിക്കാന്‍ സാധിക്കും. മന്ത്രി മാണിയെ ഒതുക്കിയ അതേ തന്ത്രമാണ് എ ഗ്രൂപ്പ് രമേശ് ചെന്നിത്തലയോടും പയറ്റുന്നതെന്നാണ് ഐഗ്രൂപ്പ് നേതാക്കള്‍ വ്യക്തമാക്കുന്നത്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ തോല്‍വിയിലും സോളാല്‍ സിഡി വിവാദത്തിലും ഉമ്മന്‍ചാണ്ടിക്കുണ്ടായ ക്ഷീണം മുതലാക്കാനുള്ള നീക്കത്തിലായിരുന്നു രമേശ് ചെന്നിത്തല. പാര്‍ട്ടിയിലെ രണ്ടാമനില്‍ നിന്ന് ഒന്നാം സ്ഥാനത്തേക്കുള്ള നീക്കം നടത്തുകയായിരുന്നു. അടുത്ത തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഭരണം കിട്ടിയില്ലെങ്കില്‍ പ്രതിപക്ഷ നേതൃസ്ഥാനത്തേക്കുള്ള ചുവടുവയ്പ്പുകളും ചെന്നിത്തല ആരംഭിച്ചിരുന്നു. ഇതിനിടയിലാണ് കത്ത് വിവാദം. തെരഞ്ഞെടുപ്പ് പരാജയത്തിലും സിഡി പ്രശ്നത്തിലും നിന്നു മുഖ്യമന്ത്രി ഒരുവിധത്തില്‍ കരകയറിയത് ആര്. ശങ്കര്‍ പ്രതിമാ അനാവരണ വിവാദത്തോടെയായിരുന്നു.ആസൂത്രിത കത്ത് വിവദത്തോടെ തന്റെ സ്ഥാനം വീണ്ടും നിലനിര്‍ത്തുകയാണ് മുഖ്യമന്ത്രി. അതേസമയം കേന്ദ്ര നേതൃത്വം മാത്രമാണ് ഇനി ചെന്നിത്തലയുടെ രക്ഷാമാര്‍ഗ്ഗം.ദിവസങ്ങള്‍ക്ക് മുമ്പാണ് കത്തിനെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്ത് വന്നത്. മുഖ്യമന്ത്രിക്കെതിരെ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള കത്ത് വിവാദങ്ങളാണ് സൃഷ്ടിച്ചത് ഇതോടെ കത്ത് നിഷേധിച്ചുകൊണ്ട് രമേശ് ചെന്നിത്തല രംഗത്ത് വരികയായിരുന്നു.താന്‍ അത്തരത്തില്‍ ഒരു കത്ത് അയച്ചിട്ടില്ലെന്നും ആ കത്ത് തന്റേതല്ലെന്നുമായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.