തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രതിച്ഛായ നഷ്ടപ്പെട്ടു എന്നുകാട്ടി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഹൈക്കമാന്റിന് കത്തുനല്‍കി.സര്‍ക്കാരിന്റെ പ്രകടനം മോശമായതാണ് തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണമെന്നാണ് കത്തില്‍ പറയുന്നത്.മുഖ്യമന്ത്രിയുടെ പ്രതിച്ഛായ പൂര്‍ണ്ണമായും നഷ്ടപ്പട്ടതായും സംസ്ഥാനത്ത് അഴിമതി വ്യാപകമാണെന്നും കത്തില്‍ പറയുന്നു. കഴിഞ്ഞ മാസമാണ് തിരഞ്ഞെടുപ്പ് തോല്‍വിയുടെ കാരണം വിശദീകരിച്ച് രമേശ് ചെന്നിത്തല കത്ത് നല്‍കിയത്.
തദ്ദേശ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ സര്‍ക്കാരിനും പങ്കുണ്ട്. പരമ്പരാഗതമായി കോണ്‍ഗ്രസിന് ലഭിച്ചുകൊണ്ടിരുന്ന നായര്‍ വോട്ടുകള്‍ നഷ്ടപ്പെട്ടെന്നും സംസ്ഥാനത്ത് അഴിമതി വ്യാപകമാണെന്നും കത്തില്‍ പറയുന്നു. പക്ഷപാതിത്വവും ഏകാതിപത്യ പ്രവണതയും ജനങ്ങളെ കോണ്‍ഗ്രസില്‍ നിന്നും അകറ്റി. കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ചയില്‍ ആശങ്കയിലാണെന്നും കത്തില്‍ പറയുന്നു. കോണ്‍ഗ്രസിനെ എക്കാലവും പിന്തുണച്ചിരുന്നത് നായര്‍ വിഭാഗമാണ് എന്നാല്‍ ഇപ്പോഴവര്‍ ബിജെപിയിലേക്കും എല്‍ഡിഎഫിലേക്കും കൂടുമാറി. ഈഴവ സമുദായം ബിജെപിക്കുള്ള പിന്തുണ പരസ്യമായി അറിയിച്ചു കഴിഞ്ഞു. സര്‍ക്കാരില്‍ ന്യൂനപക്ഷത്തിനുള്ള മേല്‍ക്കൊയ്മയാണ് ഹിന്ദു സമുദായത്തെ യുഡിഎഫില്‍ നിന്നും അകറ്റുന്നതെന്നും ചെന്നിത്തല കത്തില്‍ ആരോപിക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് തോല്‍വിയുടെ കാരണം വിശദീകരിച്ച് ഹൈക്കമാന്റിന് ചെന്നിത്തല നല്കിയ കത്തിലാണ് ഉമ്മന്‍ ചാണ്ടിയെ പരോക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണതുടര്‍ച്ച ഉണ്ടാകണമെങ്കില്‍ ശക്തമായ നടപടികള്‍ ആവശ്യമാണ്. തദ്ദേശ തിരഞ്ഞെടുപ്പിനായി പാര്‍ട്ടി തയ്യാറായിരുന്നില്ല എന്നും വിമതരെ അനുനയിപ്പിക്കാന്‍ പാര്‍ട്ടിയുടെ ഭാഗത്തുനിന്നും ശ്രമങ്ങളൊന്നും ഉണ്ടായില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തുന്നു.