സ്ത്രീ വിരുദ്ധപോസ്റ്റ്:പ്രണയപരാജയം ചെറിയാന്‍ ഫിലിപ്പിനെ വിവാഹ വിരോധിയാക്കി !..

എന്താണ് ചെറിയാന്‍ ഫിലിപ്പിനെ വിവാഹ വിരോധിയാക്കിയതിന്റെ പിന്നിലെ രഹസ്യം ?ചിന്തകനും മുന്‍ കോണ്‍ഗ്രസ് നേതാവും ഇപ്പോള്‍ ഇടതുപക്ഷ   യാത്രികനുമായ   ചെറിയാന്‍ ഫിലിപ്പിനെ വിവാഹവിരോധിയാക്കിയതിന്റെ പിന്നില്‍ ഒരു നഷ്ടപ്രണയകഥയുണ്ടെന്ന വെളിപ്പെടുത്തല്‍ പുറത്തു വന്നു. മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ പല്ലിശ്ശേരി സിനിമാമംഗളത്തിലെഴുതുന്ന ‘അഭ്രലോകം’ എന്ന പംക്തിയലാണ് ചെറിയാന്റെ ഈ പ്രണയപരാജയത്തെക്കുറിച്ച് പറയുന്നത്. സിനിമാ സംവിധാന മോഹവുമായി നടന്ന യുവനേതാവായ ചെറിയാനെയാണ് ലേഖനത്തില്‍ പരാമര്‍ശിക്കുന്നത്. ഫെയ്‌സ്ബുക്കില്‍ സ്ത്രീ വിരുദ്ധപോസ്റ്റ് ഇട്ടതിന്റെ പേരില്‍ ചെറിയാന്‍ ഫിലിപ്പ് ധാരാളം വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങിയിരുന്നു.

ലേഖനത്തിന്റെ പൂര്‍ണ്ണ രൂപം :
ചെറിയാന്‍ ഫിലിപ്പിന്റെ പ്രണയവും സിനിമയും തിരുവനന്തപുരം ‘താര’ ഹോട്ടല്‍. പട്ടത്ത് സ്ഥിതി ചെയ്തിരുന്ന ‘താര.’ ഈ ഹോട്ടല്‍ സിനിമാക്കാരുടെ ആശ്വാസകേന്ദ്രമായിരുന്നു. വലുതും ചെറുതുമായ സിനിമകള്‍ക്ക് താങ്ങാവുന്ന ചാര്‍ജാണ് ‘താര’ ഈടാക്കിയിരുന്നത്. മാത്രമല്ല, എല്ലാ വിധത്തിലുമുള്ള സഹകരണവും സ്വാതന്ത്ര്യവും ലഭിച്ചിരുന്നു.
ജൂബിലി ജോയ് തോമസ് ആദ്യമായി നിര്‍മ്മിച്ച ‘ആ രാത്രി’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ഞങ്ങള്‍ താമസിച്ചത് താരയിലാണ്. അവിടെവച്ചാണ് കെ.എസ്.യു. യൂത്ത് കോണ്‍ഗ്രസ് നേതാവായ ചെറിയാന്‍ ഫിലിപ്പിനെയും കൂട്ടാളികളെയും പരിചയപ്പെട്ടത്. (ഇപ്പോള്‍ താര ഹോട്ടല്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് എസ്.യു.ടി. ആശുപത്രിയാണുള്ളത്.)
സിനിമ തലയ്ക്കു പിടിച്ച നേതാവായിരുന്നു ചെറിയാന്‍ ഫിലിപ്പ്. ആദര്‍ശധീരനായ ചെറുപ്പക്കാരന്‍, എഴുത്തുകാരന്‍, പ്രാസംഗികന്‍ എന്നീ നിലകളില്‍ ചെറിയാന്‍ പ്രസിദ്ധനായിരുന്നു.bindhu -cherian
‘ആ രാത്രി’ സംവിധാനം ചെയ്തത് ജോഷി. നായകന്‍ മമ്മൂട്ടി. നായിക പൂര്‍ണ്ണിമാ ജയറാം. അവരുടെ മകളായി അഭിനയിച്ചത് ബേബി അഞ്ജു. ബേബി അഞ്ജു പിന്നീട് ‘കൗരവര്‍’ എന്ന ജോഷി ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായും അഭിനയിച്ചു.
പറഞ്ഞുവന്നത് ചെറിയാന്‍ ഫിലിപ്പിന്റെ സിനിമാ മോഹത്തെക്കുറിച്ചായിരുന്നു. അധികാരം കൈയിലുള്ളതുകൊണ്ട് സിനിമാക്കാര്‍ക്ക് ആവശ്യമുള്ള എല്ലാ സഹായങ്ങളും ചെറിയാന്‍ ഫിലിപ്പും സംഘവും ചെയ്തുകൊടുത്തിരുന്നു. രാവിലെ മുതല്‍ ഷൂട്ടിംഗ് കഴിയുന്നതുവരെ ചെറിയാന്‍ ലൊക്കേഷനിലുണ്ടായിരുന്നു. കൂടുതല്‍ സമയവും ക്യാമറയ്ക്ക് അരികിലായിരുന്നു. ചില ഒഴിവുദിവസങ്ങളില്‍ തമാശകള്‍ പറഞ്ഞ് സിനിമാക്കാരുമായി സമയം ചെലവഴിച്ചിരുന്നു.
ചെറിയാന്‍ ഫിലിപ്പിന്റെ കൂടെ ഉണ്ടായിരുന്ന കെ.എസ്.യു.ക്കാരില്‍ ചിലര്‍ നടിമാരോടും നടന്മാരോടും വര്‍ത്തമാനം പറഞ്ഞ് സമയം ചെലവഴിച്ചപ്പോള്‍ നടിമാരുടെ ഭാഗത്ത് ചെറിയാനെ കണ്ടില്ല. ഇയാള്‍ പെണ്‍വിരോധിയാണോ എന്ന് ചോദിച്ചപ്പോള്‍ ചിരിച്ചുകൊണ്ട് ഒഴിഞ്ഞുമാറി. പിറ്റേദിവസം മുതല്‍ ചെറിയാന്‍ നടിമാരോടു സംസാരിക്കാന്‍ സമയം കണ്ടെത്തി. അങ്ങനെ താനൊരു പെണ്‍വിരോധിയല്ലെന്നു തെളിയിക്കാന്‍ ശ്രമം നടത്തി.
അന്ന് ചെറിയാന്‍ ഫിലിപ്പിനെ കൂടാതെ സിനിമാരംഗത്ത് സജീവമായി ഉണ്ടായിരുന്നത് ഡൊമിനിക് പ്രസന്റേഷന്‍, സി.കെ. ജീവന്‍, പന്തളം സുധാകരന്‍ എന്നിവരായിരുന്നു. പന്തളം സുധാകരനെയാണ് ഞാന്‍ ആദ്യമായി പരിചയപ്പെട്ടത്. ‘പന്തളം സുധ’ എന്ന പേരില്‍ അയാള്‍ കവിതകള്‍ എഴുതിയിരുന്നു. ഞാന്‍ ‘നവയുഗം’ വാരികയില്‍ ജോലി ചെയ്തിരുന്നപ്പോഴാണ് ‘പന്തളം സുധ’ എന്ന പേരില്‍ കവിതകള്‍ അയച്ചുകിട്ടിയിരുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ താത്വിക വാരികയായിരുന്നു നവയുഗം വാരിക. തൃശൂരില്‍ നിന്നായിരുന്നു അതിന്റെ പ്രസിദ്ധീകരണം. മുഖ്യമന്ത്രി സി. അച്യുതമേനോന്‍ പ്രത്യേകം താല്പര്യമെടുത്തായിരുന്നു നവയുഗം പ്രസിദ്ധീകരിച്ചിരുന്നത്. അച്യുതമേനോന്റെ കുറിപ്പുകളും മറ്റ് ലേഖനങ്ങളും നവയുഗത്തിലെ വിലപ്പെട്ട മുത്തുകളായിരുന്നു. ആ വാരികയില്‍ വളരെ ചുരുക്കമായി നോവല്‍, കഥ, കവിതകള്‍ ചേര്‍ത്തിരുന്നു. അങ്ങനെയാണ് പന്തളം സുധയുടെ കവിതകള്‍ കിട്ടിയതും പ്രസിദ്ധീകരിച്ചതും. പന്തളം സുധ യുവതിയാണെന്നു വിചാരിച്ചെങ്കിലും കൈയക്ഷരം പെണ്‍കുട്ടിയുടേതായിരുന്നില്ല. അതുകൊണ്ട് ആളെ കണ്ടെത്താന്‍ ഒരു ശ്രമം നടത്തി. കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റുമാരില്‍ ഒരാള്‍ പന്തളം സുധാകരനായിരുന്നു. ആ ചെറുപ്പക്കാരനാണ് പന്തളം സുധ എന്ന പേരില്‍ എഴുതിയിരുന്നത്. പത്രാധിപന്മാരെയും സഹപത്രാധിപന്മാരെയും പറ്റിക്കാന്‍ ഇന്നും പലരും യുവതികളുടെ പേരില്‍ എഴുതാറുണ്ട്. നവയുഗത്തില്‍ ‘പന്തളം സുധ’യുടെ കവിത അച്ചടിച്ചു. അതിന്റെ പേരില്‍ പന്തളം സുധ നന്ദി പറഞ്ഞ് പിന്നീട് എഴുതുകയുണ്ടായി.
ആയിടെ പന്തളം എന്‍.എസ്.എസ്. കോളജില്‍ ഒരു സാംസ്‌കാരിക പരിപാടി യുവകലാസാഹിതി സംഘടിപ്പിച്ചു. അത് റിപ്പോര്‍ട്ട് ചെയ്യാന്‍ ഞാന്‍ ചെന്നു.
പ്രൊഫ. കെ.പി. ശരത്ചന്ദ്രന്‍ സാറാണ് സംഘാടകന്‍. യുവകലാസാഹിതിയുടെ നേതാക്കന്മാരില്‍ ഒരാളായിരുന്നു പ്രൊഫ. കെ.പി. ശത്ചന്ദ്രന്‍, അന്നു രാത്രി ഞാന്‍ പ്രൊഫ. കെ.പി. ശരത്ചന്ദ്രന്റെ വീട്ടില്‍ താമസിച്ച് പിറ്റേദിവസം പന്തളം സുധയെ പരിചയപ്പെട്ടു. മുടി നീട്ടിവളര്‍ത്തിയ ഒരു ചെറുപ്പക്കാരന്‍. അന്നുമുതലാണ് പന്തളം സുധാകരനുമായി അടുപ്പമുണ്ടായത്.
വര്‍ഷങ്ങള്‍ക്കു ശേഷം തിരുവനന്തപുരത്തുവച്ച് പന്തളം സുധാകരനെ കണ്ടു. ചെറിയാന്‍ ഫിലിപ്പിന്റെ സംഘത്തിലായിരുന്നു പന്തളം.
ചെറിയാന്‍ ഫിലിപ്പ് സിനിമാക്കാരോടൊപ്പം കൂടിയത് രണ്ടു കാര്യത്തിനായിരുന്നു. അവര്‍ക്കു വേണ്ട സഹായം ചെയ്തു കൊടുത്തതിനൊപ്പം സംവിധാനം (ഏകലവ്യന്‍ സ്‌റ്റൈലില്‍) പഠിക്കുകയായിരുന്നു. ഭാവിയില്‍ നല്ലൊരു സിനിമ സംവിധാനം ചെയ്യണമെന്ന മോഹം തന്റെ സഹപ്രവര്‍ത്തകനുമായി പങ്കുവച്ചിരുന്നു.
പന്തളം സുധാകരനുമായുള്ള പ്രത്യേക അടുപ്പത്തിന്റെ പേരില്‍ ചെറിയാന്‍ ഫിലിപ്പിനെക്കുറിച്ച് ചില കാര്യങ്ങള്‍ അറിയാനിടയായി. ചെറിയാന് സംവിധാന മോഹമായിരുന്നെങ്കില്‍ പന്തളത്തിന് സിനിമാ ഗാനരചയിതാവാകാനുള്ള മോഹമായിരുന്നു. പന്തളം പിന്നീട് ഏതാനും സിനിമകളില്‍ ഗാനങ്ങളെഴുതി ശ്രദ്ധേയനായി.
ചെറിയാന്‍ ഫിലിപ്പിന് ഒരു പ്രണയമുണ്ടായിരുന്നു. എന്നാല്‍ കാര്യത്തോടടുത്തപ്പോള്‍ പെണ്ണ് പിന്മാറി. അവള്‍ ഇന്ന് നല്ലൊരു കുടുംബജീവിതം നയിക്കുന്നു. അതിന്റെ ആഘാതത്തിലായിരുന്നു ചെറിയാന്‍ ഫിലിപ്പ്. അതുകൊണ്ട് സ്ത്രീകളോട് ഒരുതരം വെറുപ്പ് മനസില്‍ സൂക്ഷിച്ചിരുന്നു. സിനിമാ സംവിധാനത്തിലൂടെ പൂര്‍ണ്ണമായും സമയം ചെലവഴിക്കാനും ആഗ്രഹിച്ചു. രാഷ്ട്രീയവും സിനിമയും ഒരു നാണയത്തിന്റെ രണ്ടുവശങ്ങള്‍ ആയതുകൊണ്ട് രാഷ്ട്രീയത്തില്‍ കൂടുതല്‍ പ്രശസ്തനാകാന്‍ സിനിമ ഗുണം ചെയ്യുമെന്നും വിചാരിച്ചു.cherian philip fb
്എ.കെ. ആന്റണിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരന്‍കൂടിയായിരുന്നു ചെറിയാന്‍ ഫിലിപ്പ്. ആന്റണിയെപ്പോലെ അവിവാഹിതനായി ജീവിക്കാനായിരുന്നു ചെറിയാന്റെയും ആഗ്രഹം. എന്നാല്‍ ആന്റണി വിവാഹം കഴിച്ച് കുടുംബജീവിതം തുടങ്ങിയപ്പോഴും ചെറിയാന്‍ അവിവാഹിതനായി തുടര്‍ന്നു.
ഒരുദിവസം സിനിമാ ഷൂട്ടിംഗിനിടയില്‍ തമാശ കലര്‍ത്തി ചോദിച്ചു. ‘സ്ത്രീ വിരോധിയാകാന്‍ കാരണം എന്താണ്. അവര്‍ക്ക് കൊടുക്കാനുള്ളതൊക്കെ ചെറിയാനില്‍നിന്നും നഷ്ടപ്പെട്ടിട്ടുണ്ടോ-‘ അപ്പോഴാണ് പ്രണയപരാജയത്തെക്കുറിച്ച് സൂചന കിട്ടിയത്.
പിന്നീട് ചെറിയാന്‍ വിവാഹം കഴിക്കുകയോ, സിനിമ സംവിധാനം ചെയ്യുകയോ ഉണ്ടായില്ല. മാത്രമല്ല, ചെറിയാന്റെ പിന്‍മുറക്കാരായ സി.കെ. ജീവന്‍ തിരക്കഥാകാരനായി, പന്തളം സുധാകരന്‍ ചലച്ചിത്രഗാന രചയിതാവും. സി.കെ. ജീവന്‍ പിന്നീട് ആത്മഹത്യ ചെയ്തു. ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസില്‍നിന്നും രാജിവച്ച് സി.പി.എമ്മില്‍ ചേര്‍ന്നു. ഇപ്പോള്‍ സ്വാതന്ത്ര്യത്തിന്റെ വിലങ്ങുകളണിഞ്ഞ് പ്രവര്‍ത്തിക്കുന്നു.

Top