ദുബൈ: മാസപ്പിറവി കണ്ടതോടെ ഗള്‍ഫിലും ഇന്ന് ചെറിയ പെരുന്നാള്‍. സൗദി, യുഎഇ, ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍, കുവൈത്ത് തുടങ്ങി എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഇന്നാണ് ചെറിയപെരുന്നാള്‍ ആഘോഷിക്കുന്നത്. ഗള്‍ഫ് രാഷ്ട്രങ്ങളിലെല്ലാം വിപുലമാണ് പെരുന്നാള്‍ നിസ്‌കാരവും ആഘോഷവും. റമദാന്‍ പൂര്‍ത്തിയാക്കി ഇരു ഹറമിനോടും വിടവാങ്ങുകയാണ് ലക്ഷോപലക്ഷം വിശ്വാസികള്‍.
ശവ്വാല്‍ മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്ന് സൗദി അറേബ്യയില്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് സൗദി സുപ്രീംകോടതി അറിയിച്ചു. ഇരു ഹറമിലേയും പെരുന്നാള്‍ നമസ്‌കാരത്തിലും സൗദിയുടെ വിവിധ ഭാഗങ്ങളിലും ഒരുക്കിയ ഈദ്ഗാഹിലും ലക്ഷങ്ങള്‍ പങ്കാളികളായി.
അല്‍ഐനിലെ ജബല്‍ ഹഫീത്തില്‍ ശവ്വാല്‍ മാസപ്പിറവി ദര്‍ശിച്ചതിന്റെ അടിസ്ഥാനത്തിലാണ് യു.എ.ഇ നീതി കാര്യ മന്ത്രാലയത്തിന്റെ ചന്ദ്രപ്പിറവി ദര്‍ശന സമിതി പെരുന്നാള്‍ ഉറപ്പിച്ചത്. ബഹ്‌റൈന്‍ ഔഖാഫ് പെരുന്നാള്‍ പ്രഖ്യാപിച്ചതോടെ നാടെങ്ങും ഒരുക്കങ്ങള്‍ തകൃതിയിലായി. ഒമാനിലെ വിവിധ ഗവര്‍ണറേറ്റുകളില്‍ മാസപിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച ശവ്വാല്‍ ഒന്നായിരിക്കുമെന്ന് ഔഖാഫ് മതകാര്യ മന്ത്രാലയം അറിയിച്ചു. റമദാനില്‍ നേടിയെടുത്ത ആത്മ ചൈതന്യം ചോരാതെ പെരുന്നാള്‍ മധുരത്തിലാണ് പ്രവാസികളും.