ദുബായ്: ജൈവകൃഷിയുടെ തോഴന്‍, പരമ്പരാഗത നെല്‍വിത്തുകളുടെ കാവല്‍ക്കാരന്‍..രാമന്റെ വിശേഷണങ്ങള്‍ ഇങ്ങനെ നീളുകയാണ്. പച്ചയായ മനുഷ്യന്‍ രാമന്‍ ഇന്ന് ദുബായില്‍ മരണത്തോട് മല്ലിടുകയാണ്. കൂട്ടിന് ബന്ധുക്കളോ മക്കളോ ഇല്ലാതെ ആശുപത്രിയില്‍ കനിവും കാത്ത്. ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന വയലും വീടും എന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് രാമന്‍ ദുബായില്‍ പോയത്.
കഴിഞ്ഞ വ്യാഴാഴ്ച പരിപാടി നടക്കുന്ന സ്ഥലത്ത് നെല്‍വിത്തുകള്‍ തരം തിരിച്ചുകൊണ്ടിരിക്കുമ്പോള്‍ നെഞ്ചുവേദനയുണ്ടായി. ഉടനേ ദുബായ് റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അടിയന്തരമായി ആന്‍ജിയോപ്‌ളാസ്റ്റി ചെയ്തു. ഗുരുതരാവസ്ഥ തരണംചെയ്തുകൊണ്ടിരിക്കുകയാണ്.പ്രവാസികളുടെ സഹായംകൊണ്ടാണ് ഇതുവരെയുള്ള കാര്യങ്ങള്‍ നടന്നത്. ദുബായ് കോണ്‍സുലേറ്റ് വഴി സഹായം ലഭ്യമാക്കാന്‍ കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഏര്‍പ്പാട് ചെയ്യുന്നുണ്ട്.
പക്ഷേ, അവിടെ ചെറുവയല്‍ രാമന്റെ കൂടെ ബന്ധുക്കളാരും തന്നെയില്ല. മക്കള്‍ക്കോ അടുത്ത ബന്ധുക്കള്‍ക്കോ പാസ്‌പോര്‍ട്ട് ഇല്ലാത്തതിനാല്‍ പെട്ടെന്ന് ചെല്ലാനും കഴിഞ്ഞില്ല. ഇന്നലെ ഒ.ആര്‍. കേളു എം.എല്‍.എ ഇടപെട്ട് മകന്‍ രാജേഷിന് യുദ്ധകാലാടിസ്ഥാനത്തില്‍ പാസ്‌പോര്‍ട്ട് ലഭ്യമാക്കാന്‍ നടപടികള്‍ ആരംഭിച്ചു. ഇന്ന് കാലത്ത് പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ നടക്കും. പാസ്‌പോര്‍ട്ട് ലഭിക്കുകയാണെങ്കില്‍ മകന്‍ രാജേഷ് ഇന്ന് ദുബായിലേക്ക് പറക്കും.