ബാകു: ചെസ് ലോകകപ്പില്‍ ഫൈനല്‍ പോരാട്ടത്തില്‍ നോര്‍വേയുടെ മാഗ്‌നസ് കാള്‍സണോട് ആര്‍ പ്രഗ്‌നാനന്ദ പൊരുതി തോറ്റ്. ആദ്യ രണ്ട് ക്ലാസിക് ഗെയിമുകളിലും ലോക ഒന്നാം നമ്പര്‍ താരമായ കാള്‍സണെ സമനിലയില്‍ നിര്‍ത്തിയ പ്രഗ്‌നാനന്ദ ടൈബ്രേക്കറില്‍ പരാജയപ്പെട്ടു. 32കാരനും അഞ്ച് തവണ ലോക ജേതാവുമായ കാള്‍സണോട് 18 വയസ് മാത്രമുള്ള പ്രഗ്‌നാനന്ദ കാഴ്ചവെച്ച പോരാട്ടം ഇന്ത്യന്‍ കായികരംഗത്തിന് സുവര്‍ണ പ്രതീക്ഷകള്‍ നല്‍കി.
അഞ്ച് തവണ ലോക ചാമ്പ്യനായിട്ടുള്ള നോര്‍വീജിയന്‍ ഇതിഹാസം മാഗ്‌നസ് കാള്‍സണെ കലാശപ്പോരിലെ ആദ്യ രണ്ട് ഗെയിമുകളിലും സമനിലയില്‍ തളച്ചത് വെറും 18 വയസ് മാത്രമുള്ള പ്രഗ്‌നാനന്ദയ്ക്ക് അഭിമാനമാണ്. ആദ്യ മത്സരത്തില്‍ 35 ഉം രണ്ടാം മത്സരത്തില്‍ 30 ഉം നീക്കത്തിനൊടുവില്‍ ഇരുവരും സമനില സമ്മതിക്കുകയായിരുന്നു. കാള്‍സണ്‍- പ്രഗ്‌നാനന്ദ ഫൈനലിലെ രണ്ട് ഗെയിമുകളും സമനിലയില്‍ അവസാനിച്ചതോടെയാണ് ചെസ് ലോകകപ്പ് പോരാട്ടം ടൈബ്രേക്കറിലേക്ക് നീണ്ടത്. ടൈബ്രേക്കറിലെ ആദ്യ ഗെയിം അവസാന മിനുറ്റുകളിലെ അതിവേഗ നീക്കങ്ങളില്‍ മാഗ്‌നസ് കാള്‍സണ്‍ സ്വന്തമാക്കി. രണ്ടാം ഗെയിമില്‍ പ്രഗ്‌നാനന്ദ സമനില വഴങ്ങിയതോടെ കാള്‍സണ്‍ കിരീടം സ്വന്തമാക്കുകയായിരുന്നു. ചെസ് ലോകകപ്പ് ചരിത്രത്തില്‍ മാഗ്‌നസ് കാള്‍സണും ആര്‍ പ്രഗ്‌നാനന്ദയും ആദ്യമായാണ് മുഖാമുഖം വന്നത്.