കൊല്‍ക്കത്ത: കോടതിയലക്ഷ്യക്കേസില്‍ അറസ്റ്റിലായ ജസ്റ്റീസ് സി എസ് കര്‍ണനെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കൊല്‍ക്കത്ത എസ്എസ്‌കെഎം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. നെഞ്ചുവേദനയുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ജയിലിലെ ഡോക്ടര്‍മാര്‍ അദ്ദേഹത്തെ പരിശോധിച്ചിരുന്നു. ഇതിനു ശേഷമാണ് ആശുപത്രിയിലേക്ക് മാറ്റിയത്.കോയമ്പത്തൂരില്‍ നിന്നും അറസ്റ്റിലായ കര്‍ണനെ പ്രസിഡന്‍സി ജയിലില്‍ അടച്ചിരിക്കുകയായിരുന്നു. ഇന്ന് അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളുകയും ചെയ്തിരുന്നു. സുപ്രീംകോടതി നേരത്തേ വിധിച്ച ആറു മാസത്തേ തടവ്ശിക്ഷയിൽ നിന്നും ഇളവ് തേടുന്ന ഹരജിയും സുപ്രീംകോടതി തള്ളിയിട്ടുണ്ട്. വേനലവധിക്ക് ശേഷം ഏഴംഗ ബെഞ്ചിന് മുന്നിൽ ഹാജരാകണമെന്ന് സുപ്രിംകോടതി കർണനോട് ആവശ്യപ്പെട്ടു. കർണൻ ഇപ്പോൾ ജയിലിൽ കഴിയേണ്ടതാണെന്ന് ഡി.വൈ.ചന്ദ്രചൂർ, എസ്.കെ കൗൾ എന്നിവരടങ്ങിയ ബെഞ്ച് കർണന്റെ അഭിഭാഷകനോട് വ്യക്തമാക്കി. കർണൻറെ അഭിഭാഷകൻ മാത്യൂസ് നെടുമ്പറയാണ് പരമോന്നത കോടതിയെ സമീപിച്ചത്.
ഒന്നരമാസമായി ഒളിവിലായിരുന്ന കർണനെ കോയമ്പത്തൂരിൽ വെച്ച് ഇന്നലെ പൊലീസ് പിടികൂടിയിരുന്നു. സഹജഡ്ജിമാർക്കും സുപ്രിംകോടതിക്കുമെതിരെ ആരോപണമുന്നയിച്ചതുമായി ബന്ധപ്പെട്ട് മേയ് ഒമ്പതിനാണ് സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ച് ഇദ്ദേഹത്തെ കോടതിയലക്ഷ്യത്തിന് ആറു മാസത്തേക്ക് ശിക്ഷിച്ചത്.
ജൂൺ 17നാണ് കർണൻ സർവിസിൽനിന്ന് വിരമിച്ചത്. ഇദ്ദേഹത്തെ പിടികൂടാൻ പശ്ചിമബംഗാൾ പൊലീസ് കഴിഞ്ഞ ഒരു മാസക്കാലമായി തമിഴ്നാട്ടിൽ തമ്പടിച്ചിരിക്കുകയായിരുന്നു. ചെന്നൈയിൽ തലനാരിഴക്കാണ് കർണൻ രണ്ട് തവണ രക്ഷപ്പെട്ടത്. പിന്നീടാണ് കർണൻ കോയമ്പത്തൂർ- പൊള്ളാച്ചി റോഡിലെ മലുമിച്ചംപട്ടിയിലെ കർപഗം കോളജിന് സമീപത്തെ എലൈറ്റ് ഗാർഡൻ റിസോർട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്നത്. ചൊവ്വാഴ്ച രാത്രി റിസോർട്ടിലേക്ക് ഇരച്ചുകയറി പൊലീസ് കർണനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു