കാസര്‍കോട്: കൊലപാതകകേസില്‍ ജീവപര്യന്തം ശിക്ഷകഴിഞ്ഞിറങ്ങിയ പ്രതി മറ്റൊരു കൊലപാതക കേസില്‍ അറസ്റ്റില്‍. 2007 ല്‍ നടത്തിയ ഒരു കൊലപാതകത്തിന് ഒരു പതിറ്റാണ്ടിലധികം ജയില്‍ വാസമനുഭവിച്ച് അഞ്ചുമാസം മുമ്പ് മാത്രം പുറത്തിറങ്ങിയ മുപ്പത്തഞ്ചുകാരനായ ഗണപ്പയാണ് പിടിയിലായത്. കഴിഞ്ഞ ദിവസം അഡൂര്‍ കാട്ടിക്കജെയിലെ എം.കെ. ചിതാനന്ദ എന്ന സുധാകര (36)നെ തലയിലും മുഖത്തും കല്ലുകൊണ്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഈ കേസിലും ഇയാള്‍ ശിക്ഷിക്കപ്പെടുകയാണെങ്കില്‍ വീണ്ടും പത്ത് വര്‍ഷത്തിന് മേലെയുള്ള ജയില്‍ ശിക്ഷയാണ് കാത്തിരിക്കുന്നത്.
ഇന്നലെ വൈകുന്നേരം സുധാകരന്റെ മൃതദേഹം സര്‍ക്കാര്‍ വനത്തില്‍ കണ്ടെത്തുകയായിരുന്നു. ബുധനാഴ്ച രാവിലെ ജോലിക്ക് പോയ സുധാകരന്‍ തിരിച്ചെത്താതിനെ തുടര്‍ന്ന് പരിസരവാസികളും ബന്ധുക്കളും നടത്തിയ അന്വേഷണത്തിനിടെ വീടിന് അര കിലോമീറ്റര്‍ അകലെയുള്ള ബള്ളക്കാന വനമേഖലയില്‍ മൃതദേഹം കണ്ടെത്തിയത്. കമിഴ്ന്ന് കിടന്ന നിലയിലായിരുന്നു മൃതദേഹം . മുഖത്തും തലയിലും കല്ലുകൊണ്ടു കുത്തേറ്റ പരുക്കുകളും ഉണ്ടായിരുന്നു.
രക്തം പറ്റി പിടിച്ച രണ്ടു കല്ലുകളും രണ്ടു തോര്‍ത്തുകളും ഒരു ജോഡി ചെരിപ്പും മൃതദേഹത്തിന് സമീപത്ത് കാണപ്പെട്ടിരുന്നു. വിവരമറിഞ്ഞ് ഡി വൈ എസ് പി പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സംഭവ സ്ഥലത്തെത്തി. മരണം കൊലപാതകമാണെന്ന സംശയം ഉടലെടുത്തതോടെ പൊലിസ് ഊര്‍ജിതമായ അന്വേഷണം നടത്തുകയായിരുന്നു.
സംഭവ സ്ഥലത്തു എത്തിയ പൊലിസ് നായ മൃതദേഹം കണ്ട സ്ഥലത്തു നിന്നും അമ്പതു മീറ്റര്‍ ദൂരെ വരെ ഓടി ഒരു തോര്‍ത്ത് കണ്ടെത്തി. അതിനിടെ സംശയം തോന്നി രണ്ടു പേരെ കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തു. ഒരാളെ വിട്ടയച്ചു. മൊഴിയില്‍ വൈരുദ്ധ്യം തോന്നി ഗണപ്പയെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് കൊലയാണെന്ന് വ്യക്തമായത്.
സുധാകരന്‍ ഗണപ്പയുടെ കവുങ്ങിന്‍ തോട്ടത്തില്‍ കൂടിയാണ് നിത്യേന ജോലിക്ക് പോയിരുന്നത്. അതിനിടെ അടയ്ക്ക മോഷ്ടിക്കുന്നതായും പറമ്പില്‍ വച്ച് മദ്യപിക്കുന്നതായും ആരോപണം ഉയര്‍ന്നിരുന്നു . ബുധനാഴ്ച വൈകുന്നേരം സുധാകരന്‍ തന്റെ പറമ്പിലിരുന്നു മദ്യപിക്കുന്നത് കണ്ട ഗണപ്പ വഴക്കിട്ടിരുന്നുവത്രെ. അതിനിടെ വാക്കേറ്റവും മല്‍പിടിത്തവും ഉണ്ടാവുകയും സുധാകരന്റെ മുഖത്തും തലക്കും കല്ലുകൊണ്ടിച്ച് കൊലപെടുത്തുകയായിരുന്നുവെന്നാണ് പൊലിസിനു നല്‍കിയ മൊഴി. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കാട്ടക്കജെയിലെ വീട്ടു വളപ്പില്‍ സംസ്‌കരിച്ചു