കൊച്ചി: കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഊര്‍ജസ്വലനായ മുഖ്യമന്ത്രിയാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടി.എസ്.താക്കൂര്‍.എറണാകുളം അത്താണിയില്‍ കേരള ജുഡീഷ്യല്‍ അക്കാദമി കാമ്പസ് ഉദ്ഘാടനം ചെയ്യവേയാണ് മുഖ്യമന്ത്രിയുടെ ഇടപെടലുകളെ ചീഫ് ജസ്റ്റിസ് പ്രകീര്‍ത്തിച്ചത്. ചീഫ് ജസ്റ്റിസിന്റെ രണ്ടു വേദികളിലും മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനം സംബന്ധിച്ച് സഹപ്രവര്‍ത്തകരില്‍ നിന്ന് അറിയാന്‍ കഴിഞ്ഞു. ഒരു പ്രധാനകാര്യം തന്റെ ശ്രദ്ധയില്‍പെട്ടത് ഉമ്മന്‍ചാണ്ടി പലപ്പോഴും ജുഡീഷ്യല്‍ സംവിധാനത്തിന്റെ അടിസ്ഥാനസൗകര്യങ്ങള്‍ക്കായി വഴിവിട്ടുള്ള സഹായവും ചെയ്യുന്നതായാണ്.
ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലേക്കു വരുന്നതിന് ഇതും ഒരു കാരണമായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേരള ഹൈക്കോടതിയില്‍ ഒമ്പതു ജഡ്ജിമാരുടെ തസ്തിക കൂടി സൃഷ്ടിക്കണമെന്ന ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചതായി നേരത്തെ മുഖ്യമന്ത്രി തന്റെ അധ്യക്ഷ പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു. കൈയ്യടിയോടെയാണ് ചീഫ് ജസ്റ്റിസ് ഈ പ്രഖ്യാപനത്തെ സ്വീകരിച്ചത്. തുടര്‍ന്നുളള ഉദ്ഘാടന പ്രസംഗത്തിലാണ് ചീഫ് ജസ്റ്റിസ് മുഖ്യമന്ത്രിയെ മുക്തകണ്ഠം പ്രശംസിച്ചത്.ഉമ്മന്‍ചാണ്ടിയുടെ ഊര്‍ജസ്വലമായ നേതൃത്വം ജുഡീഷ്യല്‍ അക്കാദമിയുടെ പിറവിക്കു പിന്നില്‍ വളരെ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
കേരളത്തിലെ ജുഡീഷ്യല്‍ സംവിധാനത്തിനാകെ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് മികച്ച സഹകരണമാണ് ലഭിക്കുന്നത്. ജുഡീഷ്യല്‍ സംവിധാനത്തിനാവശ്യമായ അടിസ്ഥാന സൗകര്യവികസനം ഉറപ്പാക്കുന്നതിലും മുഖ്യമന്ത്രിയുടെ പ്രത്യേക ശ്രദ്ധയുണ്ടെന്നതും തനിക്ക് കേരളം സന്ദര്‍ശിക്കുന്നതിന് കൂടുതല്‍ താല്‍പ്പര്യം ഉളവാക്കിയതെന്നും അദ്ദേഹം പറഞ്ഞു. 2011 ല്‍ ഇന്നത്തെ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ജസ്തി ചെലമേശ്വര്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കേയാണ് ജുഡീഷ്യല്‍ അക്കാദമിക്കായി സ്ഥലം തേടുന്നത്. 13ാം ധനകാര്യകമ്മീഷന്‍ ഇതിനായി പണമനുവദിച്ചെങ്കിലും സ്ഥല ദൗര്‍ലഭ്യം വലച്ചു. ഈ സമയത്ത് മുഖ്യമന്ത്രിയുമായി ഹൈക്കോടതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇക്കാര്യം ധരിപ്പിച്ചു.
അന്നു തന്നെ അത്താണിയില്‍ സ്ഥലം കണ്ടെത്തിയെന്ന വിവരം തന്നെ അറിയിച്ചതായും ജസ്റ്റിസ് ചെലമേശ്വറും പ്രസംഗത്തില്‍ സൂചിപ്പിച്ചു. മുഖ്യമന്ത്രിയുടെ ചലനാന്മക നേതൃത്വമില്ലായിരുന്നെങ്കില്‍ ഒരു പക്ഷെ ഇതിന്ന് യാഥാര്‍ഥ്യമാകില്ലായിരുന്നുവെന്നും അദ്ദേഹം ഓര്‍മിച്ചു. നുവാല്‍സ്, കേരള ജുഡീഷ്യല്‍ അക്കാദമി, കേരള ലോയേഴ്‌സ് അക്കാദമി എന്നിവിടങ്ങളിലെ ചീഫ് ജസ്റ്റിസിന്റെ സന്ദര്‍ശനം പരാമര്‍ശിക്കവേ ഈ മൂന്നു സ്ഥാപനങ്ങളുടെയും നിക്ഷേപം സംസ്ഥാന സര്‍ക്കാരിന്റേതാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ചലനാത്മക നേതൃത്വമാണ് ഇതിനു സഹായമായതെന്നും സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു. ഹൈക്കോടതി ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, കേന്ദ്ര നിയമകാര്യമന്ത്രി ഡി.വി.സദാനന്ദഗൗഡ എന്നിവരും മുഖ്യമന്ത്രിയെ മുക്തകണ്ഠം പ്രശംസിച്ചാണ് തങ്ങളുടെ പ്രസംഗം അവസാനിപ്പിച്ചത്