കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ ഇന്നലെ രാവിലെ വിളിച്ചു വരുത്തിയത് അറസ്റ്റ് ചെയ്യാൻ തന്നെ. എന്നാൽ, പതിവു പോലെ ചോദ്യം ചെയ്ത ശേഷം വിട്ടയക്കുമെന്ന ധാരണയുമായി എത്തിയ ദിലീപിനെ പൊലീസ് ഉന്നതന്റെ നിർദേശപ്രകാരം അറസ്റ്റ് ചെയ്യുകയായിരുന്നു. ദിലീപിനെ അറസ്റ്റ് ചെയ്യുമെന്ന വിവരം അന്വേഷണ സംഘത്തിന്റെ തലവൻ പങ്കു വച്ചത് മൂന്നു പേരോടു മാത്രമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, ഡിജിപി ലോക്‌നാഥ് ബഹ്‌റ, എഡിജിപി ബി.സന്ധ്യ എന്നിവർക്കു മാത്രമാണ് ദിലീപിനെ ഇന്ന് അറസ്റ്റ് ചെയ്യുമെന്ന വിവരം അന്വേഷണ സംഘം കൈമാറിയിരുന്നത്.
രാവിലെ ആരരയോടെയാണ് ദിലീപിനെ പൊലീസ് സംഘം ആലുവ പൊലീസ് ക്ലബിലേയ്ക്കു വിളിച്ചു വരുത്തുന്നത്. ദിലീപ് നൽകിയ ഗൂഡാലോചന കേസിൽ തെളിവെടുക്കുന്നതിനായാണ് ദിലീപിനെ വിളിച്ചു വരുത്തുന്നതെന്നാണ് ഇന്നലെ പൊലീസ് സംഘം ഇദ്ദേഹത്തെ അറിയിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് രാവിലെ ആറരയോടെ പൊലീസ് ദിലീപിനെ ആലുവ പൊലീസ് ക്ലബിൽ എത്തിയത്. തുടർന്നു എഡിജിപി ബി.സന്ധ്യയും, ഐജി ദിനേന്ദ്ര കശ്യവും ചേർന്നു ദിലീപിനെ ചോദ്യം ചെയ്തു. എന്നാൽ, ദിലീപ് ആദ്യം മുതൽ തന്നെ നിഷേധാത്മകമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. അന്വേഷണവുമായി ഒരു ഘട്ടത്തിലും ദിലീപ് സഹകരിച്ചില്ല. ഇതേ തുടർന്നു പൊലീസ് ചോദ്യം ചെയ്യൽ രീതി മാറ്റുകയായിരുന്നു.
ആദ്യം ദിലീപിനെതിരായ തെളിവുകൾ നിരത്താതെ, ഇവ വാക്കാൻ മാത്രമാണ് ദിലീപിനോടു ചോദിച്ചിരുന്നത്. ഉച്ചയ്ക്കു പന്ത്രണ്ടുമണിയോടെ പൊലീസ് സംഘം അന്വേഷണത്തിന്റെയും ചോദ്യം ചെയ്യലിന്റെയും രീതി മാറ്റി. ഇതോടെയാണ് ദിലീപ് കുടുങ്ങുകയാണെന്ന സൂചന വന്നത്. പൾസർ സുനിയും ദിലീപും ഒന്നിച്ചു നിൽക്കുന്ന ഫോട്ടോകളും, ഇവർ തമ്മിലുള്ള കോൾ ഇടപാടുകളും, സാമ്പത്തിക ഇടപാടുകളും നിരത്തി പൊലീസ് ചോദ്യം ചെയ്തതോടെ ദിലീപ് വെട്ടിലായി.
ആദ്യം ചോദ്യം ചെയ്തപ്പോൾ ദിലീപ് നൽകിയ മൊഴികളിൽ പലതും ദിലീപിനെ തിരിഞ്ഞു കൊത്തുന്നതായിരുന്നു. ഇതോടെയ മൂന്നു മണിയോടെ ദിലീപിനെ അറസ്റ്റ് ചെയ്യുകയാണെന്നു ഐ.ജി ദിനേന്ദ്ര കശ്യപ് എഡിജിപി ബി.സന്ധ്യയെ അറിയിച്ചു. ഇതേ തുടർന്നു എഡിജിപി ഡിജിപി ലോക്‌നാഥ് ബഹ്‌റയെ ഫോണിൽ വിളിക്കുകയും, ഇരുവരും മുഖ്യമന്ത്രി പിണറായി വിജയനുമായി ബന്ധപ്പെട്ട് ചർച്ച നടത്തുകയും ചെയ്തു. ഡിജിപിയും മുഖ്യമന്ത്രിയും അറസ്റ്റ്് ചെയ്യാൻ നിർദേശം നൽകിയതോടെ ദിലീപിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അതേസമയം നടിയെ ആക്രമിച്ച കേസിൽ ദിലീപിന് പുറമേ ർഷയേയും പോലീസ് അറസ്റ്റ് ചെയ്യുമെന്ന് സൂചന. പോലിസ് ക്ലബിൽ ഇപ്പോഴും നാദിർഷ യെ ചോദ്യം ചെയ്യുകയാണ്. രാവിലെ ചോദ്യം ചെയ്യാനായി വിളിപ്പിച്ച ശേഷം രാത്രിയോടെയാണ് പോലിസ് അറസ്റ്റ് രേഖപ്പെടുത്തിയത്. രഹസ്യ കേന്ദ്രത്തിലായിരുന്നു ചോദ്യം ചെയ്യൽ.ദിലിപിനൊപ്പം നാദിർഷാ യേയും പോലീസ് ചോദ്യം ചെയ്തിരുന്നു. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്ററ്റെന്ന് പോലീസ് പറഞ്ഞു. മുമ്പും ദിലീപിനേയും നാദിർഷയേയും ഒന്നിച്ചാണ് പോലിസ് ചോദ്യം ചെയ്തത്. ജയിലിൽ നിന്ന് പൾസർ സുനി നാദിർഷ യെ വിളിച്ചതായും കണ്ടെത്തിയിരുന്നു. ദിലിപിനൊപ്പം നാദിർഷക്കും ഗൂഢാലോചനയിൽ പങ്കുണ്ടെന്നാണ് പോലീസ് കണ്ടെത്തൽ.