
മംഗളൂരു : പ്രതിഷേധങ്ങളുടെയും വെല്ലുവിളികളുടെയും ഇടയില്‍ ഇന്ന് പിണറായിയുടെ മംഗളൂരു സന്ദര്‍ശനം. സംഘപരിവാര്‍ സംഘടനകള്‍ ആഹ്വാനം ചെയ്ത പ്രതിഷേധ ഹര്‍ത്താലിനിടയിലാണ് സന്ദര്‍ശനം. എന്നാല്‍ മുഖ്യമന്ത്രിയെ തടയില്ലെന്ന് അവര്‍ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയ്ക്ക് പൂര്‍ണ്ണ സംരക്ഷണം ഒരുക്കുന്നതിന് സന്നദ്ധമായി കര്‍ണ്ണാടക സര്‍ക്കാറും നിലയുറപ്പിച്ചിട്ടുണ്ട്. രാവിലെ 11നു വാര്‍ത്താഭാരതി ദിനപത്രത്തിന്റെ പുതിയ ഓഫിസ് കെട്ടിട നിര്‍മ്മാണോദ്ഘാടനവും സിപിഐ(എം) ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മതസൗഹാര്‍ദ റാലിയും പിണറായി ഉദ്ഘാടനം ചെയ്യും.
കേരളത്തില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കു നേരെ നടക്കുന്ന അക്രമത്തില്‍ പ്രതിഷേധിച്ചാണ് കേരളത്തില്‍ നിന്നുള്ള സിപിഐ(എം) നേതാവായ പിണറായി വിജയന്‍ മംഗളൂരുവില്‍ പ്രസംഗിക്കുന്നതു തടയാനായി സംഘപരിവാര്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ബിജെപി ഹര്‍ത്താലിനു പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്. മതസൗഹാര്‍ദ റാലിയില്‍ പങ്കെടുക്കരുതെന്ന് വിവിധ സ്‌കൂളുകളോടും ബിജെപിക്കാര്‍ ആവശ്യപ്പെടുന്നുണ്ട്. എങ്ങനേയും പിണറായിയുടെ പരിപാടിയുടെ പകിട്ട് കുറയ്ക്കാനാണ് ഇതെല്ലാം. ഭീഷണിയും ഹര്‍ത്താലും പ്രഖ്യാപിച്ചാല്‍ പിണറായി എത്തില്ലെന്നായിരുന്നു പരിവാറുകരാടെ പ്രതീക്ഷ. എന്നാല്‍ വെല്ലുവിളി ഏറ്റെടുക്കാനായിരുന്നു പിണറായിയുടെ തീരുമാനം.
മതസൗഹാര്‍ദ റാലിയുടെ പ്രകടനം 2.30ന് അംബേദ്കര്‍ സര്‍ക്കിളില്‍ നിന്നാരംഭിക്കും. മൂന്നിനു നെഹ്റു മൈതാനിയിലാണു പൊതുയോഗം. പിണറായിക്കു പുറമെ സിപിഐ(എം) കര്‍ണാടക സംസ്ഥാന സെക്രട്ടറി ജി.വി.ശ്രീരാമ റെഡ്ഡിയും പൊതുയോഗത്തില്‍ പ്രസംഗിക്കും. ഏതങ്കിലും വിധത്തിലുള്ള ക്രമസമാധാന പ്രശ്നമുണ്ടായാല്‍ ഉത്തരവാദികളായവരെ ശക്തമായി നേരിടും. ഇതിന്റെ ഭാഗമായി ജില്ലയില്‍ മൊത്തം 23 എക്സിക്യൂട്ടീവ് മജിസ്ട്രേട്ട്മാരെ നിയോഗിച്ചു. ടിപ്പു സുല്‍ത്താന്‍ ജന്മദിനം വരെ ആഘോഷിച്ച് സംഘപരിവാര്‍ സംഘടനകളെ വിറളി പിടിപ്പിച്ച സര്‍ക്കാരാണ് കര്‍ണ്ണാടകയിലേത്.
കേരള മുഖ്യമന്ത്രിക്ക് ആവശ്യമായ എല്ലാ സുരക്ഷയും ഒരുക്കുമെന്നു സിറ്റി പൊലീസ് കമ്മിഷണര്‍ എം.ചന്ദ്രശേഖര്‍ പറഞ്ഞു. റാലിയില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്കും സുരക്ഷ ഒരുക്കും. ഹര്‍ത്താലിനിടെ വഴിതടയലോ നിര്‍ബന്ധിച്ച് സ്ഥാപനങ്ങള്‍ അടപ്പിക്കലോ അനുവദിക്കില്ലെന്നു പൊലീസ് വ്യക്തമാക്കി. അതിനിടെ തന്നെ തടയുമെന്നു പറഞ്ഞ സംഘ്പരിവാര്‍ സംഘടനകള്‍ക്കുള്ള മറുപടി മംഗളൂരുവില്‍ പോയി വന്നിട്ടു പറയാമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭീഷണിക്കു വഴങ്ങി യാത്ര വേണ്ടെന്നു വയ്ക്കില്ല. മംഗളൂരുവില്‍ പോകുമെന്നും പരിപാടിയില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ മംഗളൂരുവില്‍ ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയനെ തടയുമെന്ന സംഘപരിവാര്‍ പ്രഖ്യാപനത്തിന്റെ സാഹചര്യത്തില്‍ കണ്ണൂരിലും പൊലീസിന് ജാഗ്രതാ നിര്‍ദ്ദേശം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. കേരള മുഖ്യമന്ത്രി മംഗളൂരുവില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തുമ്പോള്‍ സംഘപരിവാര്‍ സംഘടനകള്‍ തടയുകയോ അതിന്റെ ഭാഗമായി അക്രമസംഭവങ്ങളുണ്ടാവുകയോ ചെയ്താല്‍ കണ്ണൂരില്‍ സംഘര്‍ഷസാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. ജില്ലയില്‍ നിലവിലുള്ള സമാധാനാന്തരീക്ഷം തകരാതിരിക്കാന്‍ പൊലീസ് ആവശ്യമായ എല്ലാ നടപടികളുമെടുക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ശിവവിക്രം പറഞ്ഞു.
നേരത്തെ അടിക്ക് തിരിച്ചടിയും കൊലയ്ക്ക് പകരം കൊലയും ചെയ്തിട്ടുണ്ടെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പറഞ്ഞിരുന്നു. മംഗളൂരുവില്‍ ബിജെപി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് ശതമാനം വോട്ട് കിട്ടിയ സമയത്ത് അടിക്ക് തിരിച്ചടിയും കൊലയ്ക്ക് പകരം കൊലയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ അടിക്ക് പകരം അടിയും കൊലയ്ക്ക് പകരം കൊലയും നിര്‍ത്തിവച്ചിരിക്കുകയാണ്. ‘സിപിഎമ്മുകാരെ വെറുതെവിടില്ല ഞങ്ങള്‍. നിങ്ങള്‍ കര്‍ണാടകത്തില്‍ പോയാല്‍ തടയാന്‍ ഞങ്ങളുണ്ടാവും ആന്ധ്രയില്‍ പോയാലും മധ്യപ്രദേശില്‍ പോയാലും ഡല്‍ഹിയില്‍ പോയാലും അവിടെയെല്ലാം തടയാനുണ്ടാകുമെന്നും’ സുരേന്ദ്രന്‍ പറഞ്ഞു.
ഇത്തരം പ്രസംഗങ്ങള്‍ കണ്ണൂരിലെ സമാധാനാന്തരീക്ഷത്തെ തകര്‍ക്കുമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ പിണറായിയുടെ സന്ദര്‍ശനത്തില്‍ ചെറിയ പ്രശ്നമുണ്ടായാല്‍ പോലും അത് കണ്ണൂരില്‍ ക്രമസമാധാന പ്രശ്നങ്ങള്‍ സജീവമാക്കുമെന്നാണ് വിലയിരുത്തല്‍.