കൊച്ചി: ബിജെപിയുമായി പിണറായി വിജയന്‍ ഒത്തുതീര്‍പ്പുകളിലേക്ക് എത്തുന്നു.മുഖ്യമന്ത്രിയെ മുള്‍മുനയില്‍ നിര്‍ത്തി വീണ്ടും നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. പിണറായിയും ബിജെപിയും തമ്മിൽ ബന്ധമെന്ന സംശയം പൊതുസമൂഹത്തിനുണ്ട് .അതില്‍ വ്യക്തത വരുത്തേണ്ടത് മുഖ്യമന്ത്രിയാണ്. അക്കാര്യങ്ങള്‍ പച്ചയായി താന്‍ പറയുന്നത് ശരിയല്ല. പറഞ്ഞാല്‍ രാഷ്ട്രീയ അജണ്ടയാണെന്ന് വിലയിരുത്തും. മുഖ്യമന്ത്രിക്കോ പാര്‍ട്ടിക്കോ ചര്‍ച്ചയെ തെളിവുകളോട് ബോധ്യപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്നും പി വി അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രി എഡിജിപി എംആര്‍ അജിത് കുമാറിനെയും പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയെയും മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്നും പിന്നില്‍ കാരണങ്ങളുണ്ടാവാമെന്നും അന്‍വര്‍ പറഞ്ഞു.
‘മുഖ്യമന്ത്രി അജിത് കുമാറിനെ സംരക്ഷിക്കുന്നതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ മകളുടെ വ്യക്തിപരമായ അന്വേഷണത്തില്‍ ഇടപെട്ടതിനുള്ള പ്രത്യൂപകാരമായിട്ടാണെന്നാണ് പൊതുസമൂഹം ചര്‍ച്ച ചെയ്യുന്നത്. ഇതിന്റെ പിന്നില്‍ എന്തെങ്കിലും ഉണ്ടോ? അജിത് കുമാറിനെയും ശശിയെയും തൊട്ടാല്‍ എന്തൊക്കയോ പുറത്തുവരുമെന്നും അപകടത്തിലാവുമെന്നും പൊതുസമൂഹം ചര്‍ച്ച ചെയ്യുന്നത്. തൃശ്ശൂര്‍ പൂരം കലക്കിയതിലും കലക്കിച്ചതിലും അന്വേഷണ പ്രഹസനത്തിന്റെ ആവശ്യമില്ല. സംശയങ്ങള്‍ക്കിടയായതിന്റെ ഉത്തരവാദിത്തം ആഭ്യന്തര വകുപ്പിനാണ്. എംആര്‍ അജിത് കുമാറിനെ സസ്‌പെന്‍ഡ് ചെയ്യണമായിരുന്നു. ആര്‍ക്ക് വേണ്ടിയാണ് സംരക്ഷിക്കുന്നത്. പി വി അന്‍വറിന്റെ നെഞ്ചത്തേക്ക് കയറിയിട്ട് കാര്യമില്ല’, അന്‍വര്‍ പറഞ്ഞു.
സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് മൂന്ന് ദിവസം മുന്‍പ് മുഖ്യമന്ത്രി തന്നെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തി. എന്നാല്‍ താന്‍ ആരോപണത്തിന്റെ മുനയൊടിച്ചു. വളരെ പണിപ്പെട്ടാണ് ക്യാരിയേഴ്‌സിനെ പൊതുസമൂഹത്തിന് മുന്നില്‍ കൊണ്ടുവന്നത്. എന്തുകൊണ്ടാണ് ഈ ബോധ്യപ്പെടുത്തല്‍ മുഖ്യമന്ത്രി നടത്താത്തത്. ഇത്ര വലിയ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും സ്വന്തം ഓമനക്കുട്ടിയെപോലെ മുഖ്യമന്ത്രി എഡിജിപി എംആര്‍ അജിത്കുമാറിനെ സംരക്ഷിക്കുകയാണെന്നും പി വി അന്‍വര്‍ ആരോപിച്ചു. താന്‍ പാര്‍ട്ടിയെ വെല്ലുവിളിച്ചിട്ടില്ല. പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാടിനെയാണ് വെല്ലുവിളിച്ചത്. ഇത് നാളെയും ആവര്‍ത്തിക്കും.
കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ സിപിഐഎം നേതാക്കളും അണികളും തനിക്കെതിരെ തിരിഞ്ഞതിലും അന്‍വര്‍ പ്രതികരിച്ചു. എം സ്വരാജും താനും സുഹൃത്തുക്കളാണ്. തന്നെ താന്‍ എന്ന് വിളിക്കാന്‍ സ്വരാജിന് അവകാശമുണ്ട്. പറഞ്ഞ കാര്യങ്ങള്‍ ചിക്കന്‍ ബിരിയാണിയാണോ ഛര്‍ദ്ദിച്ചതാണോയെന്ന് പാര്‍ട്ടി അണികള്‍ തീരുമാനിക്കുമെന്നും അന്‍വര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.