സായിബാബയുടെ ആശുപത്രിയില്‍ പണം വാങ്ങാതെ ചികിത്സിക്കുമ്പോള്‍ അമൃതാ ആശുപത്രിയില്‍ പണം വാങ്ങി ചികിത്സിക്കുന്നു; അമൃത ആശുപത്രിയിലെ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍

കൊച്ചി: അമൃതാനന്ദമയിയെ പോലെ കഴിവുള്ള സായിബാബയുടെ ആശുപത്രിയില്‍ ചികിത്സ പൂര്‍ണ്ണമായും സൗജന്യമാകമ്പോള്‍ അമൃതാ ആശുപത്രിയില്‍ പണം വാങ്ങുന്നുവെന്ന് പിണറായി വിജയന്‍ അമൃതാ ആശുപത്രിയിലെ ഒരു ചടങ്ങില്‍ സംബന്ധിച്ചാണ് അമൃതാ മാനേജ്‌മെന്റിനെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി സംസാരിച്ചത്.

മനുഷ്യന്‍ തനിക്ക് കൈവരുന്ന സിദ്ധിയെ മാര്‍ക്കറ്റ് ചെയ്യുമ്പോഴാണ് ആള്‍ദൈവം എന്ന പരാമര്‍ശം ഉണ്ടാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മഹാകഴിവുകള്‍ നേടിയവര്‍ അവരുടെ സിദ്ധി മാര്‍ക്കറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നവരല്ല. ഇടപ്പള്ളി അമൃത ആശുപത്രിയില്‍ അതിസൂക്ഷ്മ റേഡിയേഷന്‍ തെറാപ്പി സെന്റര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ചടങ്ങില്‍ സംസാരിച്ച അമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരിയുടെ വാക്കുകള്‍ പരാമര്‍ശിച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ആള്‍ദൈവം എന്ന രീതിയില്‍ തെറ്റായ പരാമര്‍ശം ഉണ്ടാകുന്നതിനെക്കുറിച്ചാണ് സ്വാമി പൂര്‍ണാമൃതാനന്ദപുരി പറഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മനുഷ്യന് വ്യത്യസ്തമായ കഴിവുകള്‍ ആര്‍ജിക്കാന്‍ കഴിയും. വിവിധ തരത്തിലുള്ള സാധനയിലൂടെയാണ് ഇത് സാധ്യമാകുന്നത്. ലോകംതന്നെ ശ്രദ്ധിച്ച സ്വാമി വിവേകാനന്ദനെപ്പോലുള്ളവര്‍ ഉദാഹരണം. ചിലര്‍ ഇങ്ങനെ നമുക്ക് പ്രതീക്ഷിക്കാന്‍ കഴിയാത്ത ഉയരങ്ങളിലേക്കെത്തും. ആധുനിക കാലത്തു മാത്രമല്ല, എല്ലാക്കാലത്തും ലോകത്തെല്ലായിടത്തും ഇത് സംഭവിച്ചിട്ടുണ്ട്. അമൃതാനന്ദമയിക്കും ലോകംശ്രദ്ധിക്കത്തക്കരീതിയിലുള്ള കഴിവുനേടാന്‍ കഴിഞ്ഞിട്ടുണ്ട്. അതിനപ്പുറമുള്ള കാര്യങ്ങളിലേക്ക് ഇപ്പോള്‍ പോകുന്നില്ല.

രാജ്യംശ്രദ്ധിക്കുന്ന തരത്തില്‍ വളര്‍ന്ന സ്ഥാപനമാണ് അമൃത ആശുപത്രി. ആതുരാലയങ്ങള്‍ നടത്തുന്നതില്‍തന്നെ വ്യത്യസ്തതകളുണ്ട്. ഞാന്‍ മറ്റൊന്നിനെ താരതമ്യപ്പെടുത്തുകയാണ്. അമൃതാനന്ദമയിയെപ്പോലെതന്നെ രാജ്യം ശ്രദ്ധിച്ച സത്യസായി ബാബയുടെ ആശുപത്രിയില്‍ ചികിത്സയ്ക്ക് കാശ് ഈടാക്കുന്നില്ല. ലോകത്തിന്റെ പലഭാഗത്തുനിന്നുള്ള ഡോക്ടര്‍മാര്‍ അവിടെ വന്ന് കുറച്ചുദിവസം ക്യാമ്പ് ചെയത് തിരിച്ചുപോകും. അപ്പോള്‍ രണ്ടുതരം രീതികളുണ്ടെന്ന് മനസിലാക്കണം. അമൃതയില്‍ കുറെപ്പേര്‍ക്ക് സൌജന്യമായി ചികിത്സ ലഭിക്കുന്നു. ബാക്കിയുള്ളവര്‍ക്ക് കാശ് ഈടാക്കുന്നു. പാവപ്പെട്ട രോഗികള്‍ക്ക് സര്‍ക്കാര്‍ സൌകര്യം ചെയ്തുകൊടുക്കുന്നതുകൊണ്ട് ആശുപത്രികള്‍ വിവിധ കേസുകളില്‍ ഈടാക്കുന്ന ചാര്‍ജ് എത്രയാണെന്ന് ഇപ്പോള്‍ മനസിലാകുന്നുണ്ട്. അതില്‍ വ്യത്യാസങ്ങളുണ്ട്. അത് എന്താണെന്നതിലേക്ക് ഇപ്പോള്‍ പോകുന്നില്ല. എന്നോട് സംസാരിക്കാന്‍ വന്നവരോട് അത് വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top