
കാസര്‍ഗോഡ്: പിണറായി വിജയന്റെ മംഗളൂരു സന്ദര്‍ശനം അടുക്കുന്തോറും മംഗളൂരുവിലും ഉത്തരകേരളത്തിലും ആശങ്കകള്‍ പുകയുന്നു. ഈ മാസം 25 നാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ മംഗളൂരുവിലെത്തുന്നത്. വാര്‍ത്താഭാരതി കന്നഡ ദിനപത്രത്തിന്റെ ഓഫീസ് സമുച്ചയ നിര്‍മ്മാണോദ്ഘാടനവും സിപിഐ(എം). സംഘടിപ്പിക്കുന്ന മതസൗഹാര്‍ദ്ദ റാലിയുടെ ഉദ്ഘാടനവുമാണ് പിണറായിയുടെ മുഖ്യ പരിപാടി.
എന്നാല്‍ വിശ്വഹിന്ദു പരിഷത്തും ബജ്രംഗ്ദളും ഹിന്ദു ജാഗരണവേദികേയും പിണറായി മംഗളൂരുവിലെത്തുന്നത് തടയുമെന്ന് ഭീഷണി മുഴക്കിയിരിക്കയാണ്. കേരളം ഭരിക്കുന്ന ഏകാധിപതിയായ പിണറായി വിജയന്‍ എതിരാളികളെ ഉന്മൂലനം ചെയ്യുന്നയാളാണെന്നും അതിനാല്‍ ദക്ഷിണകന്നഡ ജില്ലയില്‍ അദ്ദേഹം പ്രവേശിക്കുന്നത് തടയണമെന്നും വി.എച്ച്.പി. നേതാവ് എം.ബി. പുരാണിക് ആവശ്യപ്പെട്ടിട്ടുണ്ട്. സ്വന്തം സംസ്ഥാനത്ത് ക്രമസമാധാനം പരിപാലിക്കാന്‍ കഴിയാത്ത മുഖ്യമന്ത്രി എങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ മതസൗഹാര്‍ദ റാലിയില്‍ പ്രസംഗിക്കുക എന്നും പുരാണിക് പറയുന്നു.
എന്നാല്‍ ടിപ്പുസുല്‍ത്താന്‍ ജന്മദിനംവരെ ആഘോഷിച്ച് സംഘപരിവാറുകാരെ വെല്ലുവിളിച്ച മുഖ്യമന്ത്രിയാണ് കര്‍ണ്ണാടക ഭരിക്കുന്നത്. കോണ്‍ഗ്രസ്സിന് വെല്ലുവിളിയാകുമെന്ന് ഉറപ്പായ ഒരു സന്ദര്‍ശനം തന്നെയാണിത്. വിടി ബല്‍റാം ഉല്‍പ്പെടെയുള്ളവര്‍ മുഖ്യമന്ത്രിയ്ക്ക് അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്.