കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ നാലു വയസുകാരിയായ വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അധ്യാപകര്‍ അറസ്റ്റില്‍. ദക്ഷിണ കൊല്‍ക്കത്തയിലെ റാണികുത്തിയയില്‍ സ്ഥിതി ചെയ്യുന്ന ജി ഡി ബിര്‍ല സെന്റര്‍ ഫോര്‍ എഡ്യുക്കേഷനിലാണ് സംഭവം. സ്‌കൂളിലെ എല്‍ കെ ജി വിദ്യാര്‍ത്ഥിനിയാണ് ക്രൂര പീഡനത്തിനിരയായത്. സ്‌കൂളിന്റെ ശുചിമുറിയില്‍ വച്ച് രണ്ട് കായികാധ്യാപകര്‍ ചേര്‍ന്ന് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സ്‌കൂളില്‍ നിന്നും വീട്ടിലെത്തിയ പെണ്‍കുട്ടിയില്‍ നിന്നും രക്തസ്രാവം ഉണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ട മാതാപിതാക്കള്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. പരിശോധനയ്ക്കുശേഷം ഡോക്ടര്‍ ആണ് പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി സ്ഥിരീകരിച്ചത്. ചോക്ലേറ്റ് നല്‍കാമെന്ന് പറഞ്ഞ് ശുചിമുറിയില്‍ കൊണ്ടുപോയി തന്നെ ഉപദ്രവിക്കുകയായിരുന്നുവെന്ന് കുട്ടി അമ്മയോട് പറഞ്ഞു. കുട്ടി ഇപ്പോള്‍ ബംഗാളിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മാതാപിതാക്കളുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് സ്‌കൂളിലെ രണ്ടു ഫിസിക്കല്‍ എഡ്യുക്കേഷന്‍ അധ്യാപകരെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ പ്രതികളെന്ന് സംശിക്കുന്നവരില്‍ നാലുപേരുടെ ഫോട്ടോകള്‍ കാണിച്ചപ്പോഴാണ് പി ടി അധ്യാപകരായ അഭിഷേക് റായി, മൊഹമ്മദ് മൊഫിസുദ്ദീന്‍ എന്നിവരെ പിടികൂടിയത്. ഇരുവര്‍ക്കുമെതിരേ പോസ്‌കോ നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുട്ടിയെ പീഡിപ്പിച്ചവരില്‍ കൂടുതല്‍ പേര്‍ ഉണ്ടോയെന്ന അന്വേഷണത്തിലുമാണ് പൊലീസ്. സംഭവത്തില്‍ പ്രതിഷേധിച്ച് സ്‌കൂളില്‍ രക്ഷിതാക്കള്‍ നടത്തിയ പ്രകടനം ആക്രമാസക്തമായതിനെ തുടര്‍ന്ന് സ്‌കൂളിന് സുരക്ഷയേര്‍പ്പെടുത്തി. പ്രശ്‌നത്തില്‍ ബംഗാള്‍ സര്‍ക്കാര്‍ മൂന്നംഗ അന്വേഷണ കമ്മീഷനെ നിയമിച്ചതായി വിദ്യാഭ്യാസ മന്ത്രി പാര്‍ഥ ചാറ്റര്‍ജി അറിയിച്ചു. കൊല്‍ക്കത്തയിലെ വളരെ പ്രശസ്തമായ സ്‌കൂളാണ് ജിഡി ബിര്‍ല സെന്റര്‍ ഫോര്‍ എഡ്യുക്കേഷന്‍.