ഗോരഘ്പൂരിലെ ദാരുണ ദുരന്തത്തിനു കാരണമായ അറിയാക്കഥകള്‍ പലതും പുറത്തു വരുന്നു. സംഭവത്തിനു പിന്നിലുള്ള അഴിമതിയും കെടുകാര്യസ്ഥതയുമാണ് ജില്ലാ മജിസ്‌ട്രേറ്റ് ആയ റോട്ടേല തയ്യാറാക്കിയ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
രാജീവ് റോട്ടേലയുടെ റിപ്പോര്‍ട്ടില്‍ പറയുന്നതനുസരിച്ച് ബാബാ രാഘവ്ദാസ് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ സതീഷ് കുമാറാണ് സംഭവത്തിനു പിന്നിലെ പ്രധാന വില്ലന്‍.
ഡോക്ടര്‍ സതീഷ് കുമാറിന്റെ നിരുത്തരവാദപരമായ സമീപനമാണ് ഓക്‌സിജന്‍ വിതരണം തടസ്സപ്പെടുന്നതിന് പ്രധാനകാരണമായി കണ്ടെത്തിയിരിക്കുന്നത്.
സംഭവം നടക്കുമ്പോള്‍ ഓക്‌സിജന്‍ വിതരണത്തിന്റെ ഉത്തരവാദിത്വമുള്ള ഡോക്ടര്‍ ആശുപത്രിയുടെ പരിസരത്തു പോലും ഉണ്ടായിരുന്നില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബാബാ രാഘവ്ദാസ് മെഡിക്കല്‍ കോളേജിലെ അനസ്തീഷ്യ വിഭാഗത്തിന്റെ മേധാവിയാണ് ഡോക്ടര്‍ സതീഷ് കുമാര്‍.
ഓക്‌സിജന്‍ വിതരണത്തിന്റെ ചുമതലയും ഡോക്ടര്‍ സതീഷ് കുമാറിനായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ വിതരണം നിലച്ച സമയത്ത് ഡോക്ടര്‍ മുംബൈയിലായിരുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
കൃത്യവിലോപം നടത്തിയതിന് ഡോക്ടര്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഓക്‌സിജന്‍ വിതരണം ചെയ്തു കൊണ്ടിരുന്ന പുഷ്പ സെയില്‍സ് എന്ന കമ്പനിയില്‍ ഡോക്ടര്‍ സതീഷ് കുമാര്‍ ആവശ്യമായ പണമടച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കുട്ടികളുടെ ജീവന്‍ കമ്പനി രക്ഷിക്കുമായിരുന്നു. എന്നാല്‍ ആശുപത്രി അധികൃതര്‍ തക്കസമയത്ത് വേണ്ടത്ര ഇടപെടലുകള്‍ നടത്തിയില്ലെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍
ഡോക്ടര്‍മാര്‍ ഒന്നു ശ്രദ്ധിച്ചിരുന്നെങ്കില്‍ പല കുട്ടികളുടേയും ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന് ജില്ലാ മജിസ്‌ട്രേറ്റ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരുമയോടെയും ഉത്തരവാദിത്വത്തോടെയും പ്രവര്‍ത്തിക്കാത്തതിന് റിപ്പോര്‍ട്ടില്‍ ഡോക്ടര്‍മാരെ കുറ്റപ്പെടുത്തുന്നുമുണ്ട്.
ബാബാ രാഘവ്ദാസ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോക്ടര്‍ രാജീവ് കുമാര്‍ മിശ്രയും മറ്റു സീനിയര്‍ ഡോക്ടര്‍മാരും ഓക്‌സിജന്റെ അഭാവം നേരിട്ട സാഹചര്യത്തിലാണ് ആശുപത്രിയില്‍ നിന്നും പോകുന്നത്.
ഇതേക്കുറിച്ച് അന്വേഷിക്കാനോ വേണ്ട നടപടികള്‍ സ്വീകരികാനോ തയ്യാറായില്ല. രണ്ടു ദിവസമായി ആവശ്യമായ ദ്രവ ഓക്‌സിജന് കുറവ് അനുഭവപ്പെട്ടിരുന്നു.
എന്നിട്ടും യാതൊരു ഒത്തൊരുമയും ഉത്തരവാദിത്വവും ഇല്ലാതെയാണ് ഡോക്ടര്‍മാരും ആശുപത്രിയിലെ വിവിധ വിഭാഗങ്ങളും പ്രവര്‍ത്തിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം ഓക്‌സിജന്റെ അഭാവവും കുട്ടികള്‍ മരിച്ചതും തമ്മില്‍ യാതൊരു ബന്ധവും ഇല്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച അന്വേഷണസംഘം കണ്ടെത്തിയത്.
കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് മരിച്ച കുട്ടികളുടെ എണ്ണം കുറവാണെന്നും സംഘം പറയുന്നു. കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച മൂന്ന് ഡോക്ടര്‍മാരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
കുട്ടികള്‍ മരിച്ചത് ഓക്‌സിജന്റെ അഭാവം കൊണ്ടു തന്നെയാണെന്നാണ് രക്ഷിതാക്കള്‍ ഉറപ്പിച്ചു പറയുന്നത്.
മരിച്ച കുട്ടികളില്‍ ഒരാളുടെ രക്ഷിതാവായ ബീഹാര്‍ സ്വദേശി ആരോഗ്യമന്ത്രി, മുതിര്‍ന്ന ഹെല്‍ത്ത് ഓഫീസര്‍, ബാബാ രാംദേവ് ആശുപത്രിയിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്.