പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം. അട്ടപ്പാടി താവളം ബൊമിയമ്പാടി ഊരിലെ അനു-ശെൽവരാജ് ദമ്പതികളുടെ 11 ദിവസം പ്രായമായ പെൺകുഞ്ഞ് തൃശൂർ മെഡിക്കൽ കോളേജിൽ വച്ചാണ് മരിച്ചത്.
പ്രസവസമയത്ത് തൂക്കക്കുറവുണ്ടായിരുന്ന കുഞ്ഞ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. എന്നാൽ, നവജാതശിശുവിന്റെ മരണകാരണത്തെ കുറിച്ച് ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.
ദിവസങ്ങള്‍ക്ക് മുന്‍പാണ് അട്ടപ്പാടിയില്‍ ശിശുമരണമുണ്ടായത്. അഗലി ചൂട്ടറ ഊരില്‍ മുരുകന്റേയും സുചിത്രയുടേയും 21 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞാണ് മരിച്ചത്. ഈ മാസം മാത്രം നാല് കുഞ്ഞുങ്ങള്‍ മരിച്ചു. അട്ടപ്പാടിയില്‍ ശിശുമരണത്തിന്റെ തോത് വര്‍ധിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് കണക്കുകള്‍.
ഈ മാസം അഞ്ചിന് കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ജനിച്ച, രാജന്‍പാര്‍വതി ദമ്പതികളുടെ പെണ്‍ കുഞ്ഞ് മരിച്ചിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളെജില്‍ വെച്ചാണ് കുഞ്ഞ് മരിച്ചത്. കുഞ്ഞിന്റെ ശ്വാസകോശം ചെറുതായിരുന്നുവെന്നും ശ്വസിക്കാന്‍ പ്രയാസമുള്ളതിനാല്‍ മരണപ്പെട്ടുവെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അതിന് ശേഷം ഷോളയൂര്‍ ഗൊഞ്ചിയൂര്‍ ഊരിലെ മുരുഗന്‍വരഗമ്പാടി ദമ്പതികളുടെ നാലു ദിവസം പ്രായമുള്ള ആണ്‍കുഞ്ഞ് മരിച്ചിരുന്നു. ജനിക്കുമ്പോള്‍ 2.8 കിലോ തൂക്കമുണ്ടായിരുന്ന കുഞ്ഞ് തമിഴ്‌നാട്ടിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ ഈ മാസം ആറിനാണ് മരിച്ചത്. മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചെന്നാണ് ആരോഗ്യ വകുപ്പ് ഇതിന് നല്‍കിയ മറുപടി. മെയ് പതിമൂന്നിന് അഗളി ഗുദ്ദയൂര്‍ ഊരില്‍ രാജന്‍-പാര്‍വതി ദമ്പതികളുടെ പെണ്‍ കുഞ്ഞിും മരിച്ചിരുന്നു. അതേസമയം, അഞ്ചുമാസത്തിനുള്ളില്‍ അട്ടപ്പാടിയില്‍ മരിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം ഏഴായി. ശിശുമരണങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല എന്നതാണ് വസ്തുത.