ന്യൂഡല്‍ഹി: നാലുവയസുകാരനെ കാറിടിച്ച ശേഷം കുട്ടിയെയും അമ്മയെയും അഞ്ചു മണിക്കൂറോളാം നഗരത്തിലുടനീളമുള്ള ആശുപത്രികളില്‍ കയറ്റിയിറക്കിയ ഡ്രൈവര്‍ അറസ്റ്റില്‍. സമയത്തിന് ചികിത്സ ലഭിക്കാതെ കുട്ടി മരിച്ചു. 32കാരനായ രാഹുല്‍ കാര്‍ പിന്നോട്ട് എടുക്കുന്നതിനിടയില്‍ വീടിനു പുറത്ത് കളിച്ചുകൊണ്ട് നില്‍ക്കുകയായിരുന്ന രോഹിത്തിനെ ഇടിച്ചിട്ടു.
ആളുകള്‍ ഓടി കൂടിയതിനെ തുടര്‍ന്ന് കുട്ടിയെയും അമ്മ വാസന്തിയെയും ആശുപത്രിയില്‍ എത്തിക്കാന്‍ അയാള്‍ തയ്യാറായി. തുടര്‍ന്ന് മണിക്കൂറോളം പല ആശുപത്രികളിലും കയറി ഇറങ്ങി. ആശുപത്രിയില്‍ കുട്ടിയെ പ്രവേശിപ്പിക്കാന്‍ അനുവദിക്കുന്നില്ലെന്നാണ് ഇയാള്‍ വണ്ടിയിലിരുന്ന വാസന്തിയോട് പറഞ്ഞത്. മാത്രമല്ല അപകടം നടന്ന വിവരം റിപ്പോര്‍ട്ട് ചെയ്യരുതെന്നും ഇയാള്‍ വാസന്തിയെ നിര്‍ബന്ധിച്ചിരുന്നു. കുട്ടി മരിച്ചതിന് ശേഷം, കാറിനുള്ളില്‍ ഇട്ട് കത്തിക്കുമെന്ന് രാഹുല്‍ വാസന്തിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.