തിരുവനന്തപുരം: തിരിച്ചറിവെത്തുന്ന പ്രായത്തിനു മുന്‍പേ കുടുംബത്തിന്റെയും കുട്ടികളുടെയും ഭാഗമേറ്റെടുക്കേണ്ടി വരുന്ന കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. സംസ്ഥാനത്ത് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ നിയമങ്ങള്‍ കണ്ണടച്ചതോടെ ശൈശവ വിവാഹങ്ങള്‍ വര്‍ധിച്ചതായാണ് കണ്ടത്തിയിരിക്കുന്നത്. ഇതേ തുടര്‍ന്ന് സംസ്ഥാനത്ത് പല ജില്ലകളിലും ശൈശവ വിവാഹങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റുകള്‍ക്ക് സാമൂഹിക നീതി വകുപ്പിന്റെ നിര്‍ദേശം. ശൈശവ വിവാഹങ്ങള്‍ക്കെതിരെ കര്‍ശന നിയമങ്ങള്‍ നിലനില്‍ക്കുമ്പോഴും ചില പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് വിവാഹങ്ങള്‍ വ്യാപകമായി നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. 2015 ല്‍ ഇടുക്കിയില്‍ മാത്രം ചൈല്‍ഡ് ലൈനിന്റെയും പോലീസിന്റെയും നേതൃത്വത്തില്‍ 16 കേസുകളാണ് കണ്ടെത്തി തടഞ്ഞത്. പുറത്തു വരുന്നതിനേക്കാള്‍ ഇരട്ടി ശൈശവ വിവാഹങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നുണ്ടെന്ന് ജില്ലാ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും വ്യക്തമാക്കുന്നു.
തമിഴ് അതിര്‍ത്തി ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചും ആദിവാസി പിന്നാക്ക മേഖലകള്‍ കേന്ദ്രീകരിച്ചുമാണ് ശൈശവ വിവാഹങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 2006 ലെ ശൈശവ വിവാഹ നിരോധന നിയമപ്രകാരം ശൈശവ വിവാഹം നടത്തുന്നവര്‍ക്കും ഒത്താശ ചെയ്യുന്നവര്‍ക്കും വരനും കാര്‍മികത്വം വഹിക്കുന്നവര്‍ക്കും രണ്ടുവര്‍ഷം തടവും ലക്ഷം രൂപ പിഴയും ശിക്ഷയും കേസ് രജിസ്റ്റര്‍ ചെയ്താല്‍ ജാമ്യമില്ലാത്ത കുറ്റവുമാണ്.
എന്നാല്‍, ഫലപ്രദമായി നടപടികളെടുക്കുന്നതില്‍ ബന്ധപ്പെട്ടവര്‍ വീഴ്ച വരുത്തിയതാണ് ശൈശവ വിവാഹങ്ങള്‍ അടിക്കടി റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണമെന്ന് ചൂണ്ടിക്കാട്ടുന്നു. ഇടുക്കി ജില്ലയില്‍ മറയൂര്‍, മൂന്നാര്‍ മേഖലകളില്‍ നിന്ന് ശൈശവ വിവാഹങ്ങള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്്. എന്നാല്‍, ഇത് സംബന്ധിച്ച പരാതികള്‍ ലഭിക്കാത്തതാണ് പോലീസിനെയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെയും വലയ്ക്കുന്നത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയാല്‍ ഇവരില്‍ നിന്ന് കൈയേറ്റമടക്കമുള്ള പ്രതിഷേധവും നേരിടേണ്ടി വരുന്നതായി ഇവര്‍ പറയുന്നു. വിവാഹത്തിന്റെ പേരില്‍ കുട്ടികളെ കടത്തുന്ന സംഘങ്ങളും പ്രവര്‍ത്തിക്കുന്നതായി ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍മാര്‍ക്ക് സൂചന ലഭിച്ചിട്ടുണ്ട്്.
ഇതേ തുടര്‍ന്ന് സാമൂഹിക നീതി വകുപ്പിന്റെ നിര്‍ദേശപ്രകാരം ഓരോ ജില്ലയിലും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ശൈശവ വിവാഹ നിരോധന ഓഫിസര്‍മാര്‍ക്കും അനുബന്ധ ഉദ്യോഗസ്ഥര്‍ക്കുമായി ദ്വിദിന പരിശീലനപരിപാടികള്‍ നടത്തിയിരുന്നു. ബ്ലോക്ക് തലത്തില്‍ ഐസിഡിഎസ് പദ്ധതിയിലെ ചൈല്‍ഡ് ഡവലപ്‌മെന്റ് പ്രൊജക്ട് ഓഫിസര്‍മാരെ ശൈശവ വിവാഹ നിരോധന ഓഫിസര്‍മാരായി ചുമതലപ്പെടുത്തി.
ശൈശവ വിവാഹം നടത്താനും ഇവ രഹസ്യമാക്കിവയ്ക്കാനുമുള്ള പ്രവണത പിന്നോക്ക പ്രദേശങ്ങളില്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ശൈശവ വിവാഹ നിരോധനവുമായി ബന്ധപ്പെട്ട് സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ബന്ധപ്പെട്ടവര്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കണമെന്നും സാമൂഹികനീതി വകുപ്പ് നിര്‍ദേശം നല്‍കുന്നുണ്ട്്. മൂന്നുമാസം കൂടുമ്പോള്‍ ശൈശവ വിവാഹ നിരോധന ഓഫീസര്‍മാര്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം. ഈ റിപ്പോര്‍ട്ടും സ്ഥിതി വിവരക്കണക്കുകളും സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍ക്ക് കൈമാറാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്്.