മലപ്പുറം: മേലാറ്റൂരില്‍ ഒമ്പത് വയസുക്കാരനെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ തെളിവുകള്‍ പുറത്ത്. പിതൃസഹോദരനായ പ്രതി കുട്ടിയുടെ ആഗ്രഹങ്ങള്‍ സാധിച്ച് കൊടുത്തതിന് ശേഷമാണ് കൊലപ്പെടുത്തിയത്. നിര്‍ണായക തെളിവായ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. കുട്ടിയെ സിനിമ കാണിക്കുകയും ബിരിയാണിയും ഐസ്‌ക്രീമും വാങ്ങിനല്‍കുകയും ചെയ്തു. എടയാറ്റൂര്‍ മങ്കരത്തൊടി അബ്ദുല്‍സലാം-ഹസീന ദമ്പതികളുടെ മകനും എടയാറ്റൂര്‍ ഡിഎന്‍എം എയുപി സ്‌കൂള്‍ വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് ഷഹിനെയാണ് ആനക്കയത്ത് കടലുണ്ടിപ്പുഴയിലേക്ക് തള്ളിയിട്ടത്. പിതൃസഹോദരന്‍ കൂടിയായ എടയാറ്റൂര്‍ മങ്കരത്തൊടി മുഹമ്മദാണ് ഈ ക്രൂരകൃത്യം ചെയ്തത്.
ആസുത്രണം ചെയ്ത കൊലപാതകം നടപ്പിലാക്കുന്നതിനായി കുട്ടിയെ എടയാറ്റൂരില്‍ നിന്ന് ബൈക്കില്‍ കൊണ്ടുവന്ന് നേരെ കൊണ്ടുപോയത് വളാഞ്ചേരിയിലെ സിനിമ തിയേറ്ററിലേക്കാണെന്നാണ് സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. കുട്ടിക്ക് താല്‍പര്യമില്ലാതെയാണ് തമിഴ് സിനിമ കാണിച്ചതെന്നും സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഒരു സ്വകാര്യ ചനലാണ് ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്. ഇതേ ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിനും ലഭിച്ചിരുന്നു. കുട്ടിയുമായി ഇയാള്‍ പല സ്ഥലങ്ങളിലൂടെയും യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വളാഞ്ചേരിയില്‍ നിന്ന് തിരൂരിലേക്കായിരുന്നു യാത്ര. പോകും വഴി ഷഹിന് ബിരിയാണിയും ഐസ്‌ക്രീമും ചോക്കലേറ്റുമെല്ലാം വാങ്ങി നല്‍കി. തിരൂര്‍ ടൗണിലെ തുണിക്കടയില്‍ കയറി 570 രൂപ വിലയുളള ഷര്‍ട്ട് വാങ്ങിക്കൊടുത്തു. തുണിക്കടയില്‍ വച്ചു തന്നെ സ്‌കൂള്‍ യൂണിഫോം മാറ്റി പുതിയ കുപ്പായം ധരിപ്പിച്ചു. ആളെ തിരിച്ചറിയാതിരിക്കാന്‍ തലയില്‍ ഹെല്‍മറ്റ് വച്ചാണ് കുട്ടിയുമായി മുഹമ്മദ് കറങ്ങിയത്.
കുട്ടിയെ പുഴയില്‍ എറിഞ്ഞശേഷം മരണം ഉറപ്പാക്കിയിട്ടാണ് മടങ്ങിയതെന്ന് മുഹമ്മദ് പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. കുട്ടിയെ ബൈക്കില്‍ കയറ്റുകയാണെന്ന് ഭാവിച്ച് ഉയര്‍ത്തിയശേഷം ആനക്കയം പാലത്തില്‍നിന്ന് പുഴയിലേക്ക് വലിച്ചെറിയുകയായിരുന്നു. കുട്ടി മുങ്ങിത്താഴുന്നത് പ്രതി നോക്കിനിന്നു. സ്വര്‍ണം കൈക്കലാക്കുന്നതിനായിരുന്നു കൊലപാതകമെന്നും മുഹമ്മദ് മൊഴി നല്‍കി. കുട്ടിക്കുവേണ്ടി കടലുണ്ടിപ്പുഴയില്‍ തിരച്ചില്‍ തുടരുകയാണ്.
ഈ മാസം പതിമൂന്നിനാണ് ഷഹിനെ കാണാതായത്. പിതാവിന്റെ സഹോദരന്‍ കുട്ടിയുമായുള്ള അടുപ്പം മുതലെടുത്ത് സ്‌കൂളിനു സമീപത്തുനിന്നു ബൈക്കില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു. ഷഹിന്റെ പിതാവ് മുഹമ്മദ് സലീമിന്റെ കൈവശം മൂന്നു കിലോയോളം സ്വര്‍ണമുണ്ടെന്ന ധാരണയിലാണ് പ്രതി കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ തടങ്കലില്‍ പാര്‍പ്പിച്ച് സ്വര്‍ണത്തിന്റെ ഒരു ഭാഗം കൈക്കലാക്കുകയായിരുന്നു ലക്ഷ്യം.
രാത്രി വരെ കുട്ടിയേയുമായി പലയിടങ്ങളില്‍ കറങ്ങി. സമൂഹമാധ്യമങ്ങളിലൂടെ കുട്ടിയെ തട്ടിക്കൊണ്ടു പോയെന്ന വാര്‍ത്ത പ്രചരിച്ചത് പ്രതിയെ അസ്വസ്ഥനാക്കി. സ്‌കൂള്‍ യൂണിഫോം മാറ്റി പകരം പുതിയ ഷര്‍ട്ട് വാങ്ങി നല്‍കി. പൊലീസ് പിടിയിലാകുമെന്ന സംശയം ബലപ്പെട്ടതോടെ കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചു. യൂണിഫോം ബാഗിലാക്കി തറവാട് വീടിനടുത്ത പുളളീലങ്ങാടി ജുമാമസ്ജിദിന് സമീപം ഉപേക്ഷിച്ചു. കുട്ടിയെ കണ്ടെത്താന്‍ പൊലീസും ഫയര്‍ഫോഴ്‌സും ട്രോമ കെയര്‍ വളണ്ടിയര്‍മാരുടെ കൂടി സഹായത്തോടെ തിരച്ചില്‍ തുടരുകയാണ്.