സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഗർഭസ്ഥ ശിശുവിന്റെ ലിംഗ നിർണയവും ഭ്രൂണഹത്യയും തടയുന്നതിനായി ഇതു സംബന്ധിച്ച പരസ്യങ്ങൾ നിരോധിക്കണമെന്നു ഗൂഗിളിനും മൈക്രോസോഫ്റ്റിനും യാഹുവും അടക്കമുള്ള ഇന്റർനെറ്റ് സെർച്ച് എൻജിനു സുപ്രീം കോടതി നിർദേശം. ജസ്റ്റിസ് ദിപക് മിശ്ര അധ്യക്ഷനായ ബഞ്ചാണ് ഇതു സംബന്ധിച്ചു മോദി സർക്കാരിനു നിർദേശം സമർപ്പിച്ചത്.
ഗർഭഛിദ്രം സംബന്ധിച്ചും, ഭ്രൂണഹത്യയെ പ്രോത്സാഹിപ്പിക്കുന്നതും, ഗർഭസ്ഥ ശിശുവിന്റെ ലിംഗ നിർണയം കണ്ടെത്തുന്നതിനുമുള്ള പരസ്യങ്ങളെയും, ആപ്പുകളെയും അടക്കമുള്ളവയെ പ്രോത്സാഹിപ്പിക്കരുതെന്ന ഉത്തരവാണ് ഇപ്പോൾ സുപ്രീംകോടതി പുറത്തിറക്കിയിരിക്കുന്നത്. ഈ ഉത്തരവ് പ്രകാരം ഗൂഗിളിലുള്ള പരസ്യങ്ങളെല്ലാം സുപ്രീം കോടതിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഇനി നീക്കം ചെയ്യേണ്ടി വരും.
ഈ സാഹചര്യത്തിൽ ഗൂഗിളിലെ പരസ്യങ്ങളിലെല്ലാം ഇനി മുതൽ കേന്ദ്ര സർക്കാരിന്റെ കർശന നിയന്ത്രണവും ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ സൂചന നൽകുന്നു. ഗൂഗിളിൽ വരുന്ന ആരോഗ്യ പരമായ പ്രോജക്ടുകളെ അടക്കം ഇപ്പോഴത്തെ നിയന്ത്രണം ബാധിച്ചേക്കുമെന്നാണ് സൂചന ലഭിക്കുന്നത്