ക്രൈം റിപ്പോർട്ടർ
ബംഗളൂരു: കഴിഞ്ഞ ഒരു വർഷത്തിനിടെ വ്യാജരേഖ ചമച്ച് 25 കുട്ടികളെ അമേരിക്കയിലേയ്ക്കു കടത്തിയ സംഭത്തിൽ രാജ്യാന്തര കുട്ടിക്കടത്തു സംഘത്തെ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടികളെ ഇത്തരത്തിൽ കടത്തിയത് എന്തിനാണെന്നതു സംബന്ധിച്ചു വ്യക്തമായ മറുപടി നൽകാന് കുറ്റവാളികളെ ചോദ്യം ചെയ്‌തെങ്കിലും ഇതുവരെയും സാധിച്ചിട്ടില്ല. മൂന്നു സ്ത്രീകൾ അടക്കം 16 പേരെയാണ് സംഭവവുമായി ബന്ധപ്പെട്ടു പൊലീസ് സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
കുട്ടികളെ ഇത്തരത്തിൽ കടത്തുന്ന സംഘം എന്തിനാണ് ഉപയോഗിക്കുന്നതെന്നു നേരത്തെ പൊലീസിനു രഹസ്യ വിവരം ലഭിച്ചിരുന്നു. മാതാപിതാക്കൾ അമേരിക്കയിലുള്ള കുട്ടികൾക്കു മതിയായ രേഖയില്ലാതെ വരുമ്പോൾ, മാതാപിതാക്കളുടെ അറിവോയൊണ് കുട്ടികളെ സംഘം കടത്തിയിരുന്നത്. ഇതിനു ആനുപാതികമായ തുക ഇവരിൽ നിന്നും സംഘം ഈടാക്കുകയും ചെയ്തിരുന്നു. രണ്ടാമതായി കുട്ടികളെ വീട്ടു ജോലികൾക്കും ലൈംഗിക കേന്ദ്രങ്ങളിലേയ്ക്കുമാണ് കുട്ടികളെ കടത്തിയിരുന്നതെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ടെന്നും സംഘം കണ്ടെത്തി.
ഇത്തരത്തിൽ അമേരിക്കയിലേയ്ക്കു സംഘം കടത്തിയ കുട്ടികളുടെ വിവരങ്ങൾ ശേഖരിച്ച ശേഷം ഇവരെ തിരികെ എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരക്കുമെന്നു ബംഗളൂരു പൊലീസ് പറഞ്ഞു. കുട്ടികളെ വിദേശത്തേയ്ക്കു കടത്തുന്നതിനു സംഘം പ്രത്യേക രീതിയിലുള്ള തന്ത്രമാണ് സ്വീകരിച്ചിരുന്നതെന്നു പൊലീസ് പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കളാണെന്ന വ്യാജരേഖ ചമച്ച് സംഘാംഗങ്ങളിൽ ഒരാൾ കുട്ടിക്കൊപ്പം വിമാനത്തിൽ വിദേശത്തേയ്ക്കു പോകും. ഇതിനുള്ള തുകയും കുട്ടിയുടെ മാതാപിതാക്കളിൽ നിന്നും സംഘം ഈടാക്കിയിരുന്നു.
ബംഗളൂരു സ്വദേശിയായ ഉദയ് രുദ്രപ്രദാപ് സിങ്ങിനെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനിടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വൻ റാക്കറ്റ് സംഘത്തെ പിടികൂടിയത്. ഉദയ് പ്രതാപ് സിങ്ങിനെ കൂടാതെ മൈക്കൾ (37), രാജേഷ് (43), സിമ്മോൺ (36), കുശാൽപ്പ (34), ഗുണശേഖർ (42), ഡൊമിനിക് അരുൺ കുമാർ (46), പർവീൺ (43), ജോയ്‌സൺ (37), മഞ്ജുനാഥ് (38) , ഫ്രാൻസിസ്, ക്രിസ്റ്റഫർ, ആനന്ജ്, സംഗീത പ്രകാശ്, സുധീർകുമാർ, ലതാ വേമ റെഡ്ഡി, ബിന്ദു പ്രകാശ്, വീണ പ്രകാശ് എന്നിവരെയാണ് ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്.