മാവേലിക്കര: ഒന്നാം ക്ലാസില്‍ എത്തേണ്ട കുഞ്ഞും കൂട്ടുകാരനും കുളത്തില്‍ മുങ്ങിമരിച്ചു. ഏഴു വയസുകാരനും കൂട്ടുകാരനായ പത്തു വയസുകാരനും വീടിനടുത്തുള്ള പാടത്ത് നിര്‍മ്മിച്ച ചെറിയ കുളത്തിലാണ് വീണത്. ചെട്ടികുളങ്ങര കണ്ണമംഗലം തെക്ക് മലയില്‍ കൊച്ചുവീട്ടില്‍ ശ്രീഅയ്യപ്പന്‍ ബസുടമയായ രാജേഷിന്റെയും ലക്ഷ്മിയുടെയും മകന്‍ കാശിനാഥ്(ഏഴ്), കണ്ണമംഗലം തെക്ക് കോട്ടൂര്‍ വടക്കതില്‍ ആയില്യം സ്റ്റുഡിയോ ഉടമയായ ദയാല്‍ലിന്റെയും രേവതിയുടെയും മകന്‍ ദ്രാവിഡ്(10) എന്നിവരാണു മരിച്ചത്.
ഇന്നലെ െവെകിട്ട് നാലോടെ ഒരുമിച്ചു കളിക്കാനിറങ്ങിയ കുട്ടികളെ വീടിനു സമീപത്തെ പാടത്ത് കൃഷിക്കായി കുഴിച്ച ചെറിയ കുളത്തില്‍നിന്നാണു കണ്ടെത്തിയത്. കുട്ടികള്‍ കളിക്കുന്നത് സമീപവാസിയായ വീട്ടമ്മ കണ്ടിരുന്നു. പെട്ടെന്ന് കുട്ടികളെ കാണാതായതോടെ ഇവര്‍ ബഹളംവച്ചു. ഓടിക്കൂടിയ നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് കുട്ടികളെ കുളത്തില്‍നിന്നു കണ്ടെടുത്തത്. കരയ്‌ക്കെടുക്കുമ്പോള്‍ ജീവനുണ്ടായിരുന്ന കുട്ടികളെ തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠത്തിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് ദ്രാവിഡ്. മാവേലിക്കര ബിഷപ് മൂര്‍ സ്‌കൂളില്‍ പഠിച്ചിരുന്ന കാശിനാഥിനെ കായംകുളം ഗായത്രി സെന്‍ട്രല്‍ സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ പ്രവേശിപ്പിച്ചിരുകു. കാശിനാഥിന്റെ സഹോദരന്‍: കാര്‍ത്തികേയന്‍. ദ്രാവിഡിന്റെ സഹോദരന്‍: സച്ചിന്‍.