തിരുവനന്തപുരം: ലോകരാജ്യങ്ങള്‍ പുകഴ്ത്തിയ ഒന്നായിരുന്നു ഒറ്റ റോക്കറ്റില്‍ 104 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച ഇന്ത്യന്‍ ബഹിരാകാശ ഗവേഷകരുടെ പ്രവര്‍ത്തനം. എന്നാല്‍ ഇതിനെ കളിയാക്കി ചൈന രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യക്കാര്‍ക്ക് സൂപ്പറാണെന്ന് തോന്നാമെങ്കിലും തങ്ങള്‍ക്ക് മുന്നില്‍ അതൊന്നുമല്ലെന്നും വലിയ ഗുണമൊന്നുമില്ലാത്ത നേട്ടമാണിതെന്നും ചൈനയുടെ ഔദ്യോഗിക പ്രതികരണം. ഔദ്യോഗിക മാദ്ധ്യമമായ പീപ്പിള്‍സ് ഡെയ്‌ലിയുടെ ഇന്റര്‍നാഷണല്‍ എഡിഷനായ ഗ്‌ളോബല്‍ ടൈംസിലെ എഡിറ്റോറിയലിലാണ് ഐ.എസ്.ആര്‍.ഒയുടെ ചരിത്രനേട്ടത്തെ ചൈന താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കുന്നത്.
ജനകോടികള്‍ പട്ടിണികിടക്കുന്ന രാജ്യത്തിന്റെ അതിമോഹമാണ് സൈനികശക്തിയാകാനും ശാസ്ത്രരംഗത്ത് ലോകത്തിന് മുന്നിലെത്താനുമുള്ള ശ്രമം. ഇന്ത്യയ്ക്ക് വളരാനുള്ള മോഹമുണ്ട്. അത് നല്ലതുതന്നെ, പക്ഷേ അതിനുള്ള ശേഷിയില്ല തുടങ്ങി കടുത്ത പരിഹാസമാണ് ചൈന നടത്തിയത്. ആദ്യശ്രമത്തില്‍ തന്നെ മംഗള്‍യാന്‍ വിജയിച്ചതിനെ ഏഷ്യയുടെ അഭിമാനമെന്ന് വിശേഷിപ്പിക്കേണ്ടി വന്നതിന്റെ ജാള്യത മുഴുവന്‍ എഡിറ്റോറിയലിലുണ്ട്.
ബഹിരാകാശ ശാസ്ത്ര ഗവേഷണ രംഗത്ത് അമേരിക്കയും ചൈനയും നേടിയ നേട്ടങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യ ഒന്നുമല്ല. ഇതുവരെ ഒരു മനുഷ്യനെ ബഹിരാകാശത്തേക്ക് അയയ്ക്കാനായില്ല. തങ്ങളാകട്ടെ സുസജ്ജമായ സ്‌പെയ്‌സ് സ്റ്റേഷന്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്. ഭാരമേറിയ ഉപഗ്രഹങ്ങള്‍ അയയ്ക്കാനുള്ള സാങ്കേതികശേഷിയും ഇന്ത്യ കൈവരിച്ചിട്ടില്ല. പിന്നെ 104 ഉപഗ്രഹങ്ങള്‍ ഒരു റോക്കറ്ററില്‍ വിക്ഷേപിച്ചതിന് ശാസ്ത്രീയമായി നോക്കിയാല്‍ ഒരു ഗുണവുമില്ല. ചെറിയ ചില രാജ്യങ്ങള്‍ക്ക് ഉപഗ്രഹങ്ങള്‍ കുറഞ്ഞ ചെലവില്‍ അയയ്ക്കാനുള്ള സൗകര്യം ചെയ്തുകൊടുക്കുന്നതിനപ്പുറം അതില്‍ കാര്യമൊന്നുമില്ല. ഇത് മറച്ചുവച്ചാണ് വീനസ് ദൗത്യത്തിനൊരുങ്ങുമെന്നും മറ്റും പറയുന്നത്. ഈ ദിശയില്‍ ഒരു ഗവേഷണം തുടങ്ങാനുള്ള ശേഷിപോലും ഇന്ത്യയ്ക്കില്ല.
ബഹിരാകാശ ഗവേഷണത്തിന് ഇന്ത്യ ചെലവാക്കുന്നത് കേവലം 1.2 ബില്യണ്‍ ഡോളറാണ്. ചൈനയാവട്ടെ 6.3 ബില്യണും. ജപ്പാന്‍ 3.6 ഉും റഷ്യ 5.3 ഉം, അമേരിക്ക 39.3 ഉം ആണ് മാറ്റിവച്ചിരിക്കുന്നത്. ചൈന ചെലവാക്കുന്നതിന്റെ മൂന്നിലൊന്ന് പോലും പ്രതിരോധത്തിന് വകയിരുത്താന്‍ ഇന്ത്യയ്ക്കാകുന്നില്ല. ദരിദ്രരെ മറന്ന് ഇന്ത്യ ഈ പെടാപ്പാടെല്ലാം കാണിക്കുന്നത് സൈനിക ശേഷിയില്‍ ചൈനയുമായി മത്സരിക്കാനാണെന്ന് സൂചിപ്പിച്ചാണ് എഡിറ്റോറിയല്‍ ഉപസംഹരിക്കുന്നത്.