ബെയ്ജിങ്: ചൈനയിലെ മുസ്‌ലിം ഭൂരിപക്ഷ മേഖലയാണ് സിന്‍ജിയാങ് പ്രവിശ്യ. ഇവിടെ കുഞ്ഞുങ്ങള്‍ക്ക് ഇസ്‌ളാമിക പേരുകള്‍ നല്‍കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ ചൈനയുടെ നടപടി വലിയ ചര്‍ച്ചയായിരിക്കുകയാണ്. നവജാത ശിശുക്കള്‍ക്ക് സദ്ദാം, ജിഹാദ് തുടങ്ങി നിരവധി മുസ്‌ലിം പേരുകള്‍ നല്‍കുന്നതിനാണ് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ഇസ്‌ലാം, ഖുറാന്‍, മക്ക, ജിഹാദ്, ഇമാം, സദ്ദാം, ഹജ്ജ്, മദീന തുടങ്ങിയ പേരുകള്‍ക്കാണ് നിരോധനം. ഇത്തരം പേരുകള്‍ ഉള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള അവകാശങ്ങള്‍ നിഷേധിക്കപ്പെടുമെന്നും ചൈനിസ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികളില്‍ അംഗത്വമുള്‍പ്പെടെ സര്‍ക്കാര്‍ ആനൂകൂല്യങ്ങളൊന്നും ഈ പേരുകളിലുള്ള കുട്ടികള്‍ക്ക് ലഭിക്കില്ല.
സ്വതന്ത്ര രാജ്യം വേണമെന്ന് ആവശ്യപ്പെട്ട് ചൈനയില്‍ സ്ഥിരം പ്രക്ഷോഭം നടക്കുന്ന സ്ഥലമാണ് മുസ്‌ലിം ഭൂരിപക്ഷ മേഖലയായ സിന്‍ജിയാങ് പ്രവിശ്യ. ഇവിടെ വര്‍ധിച്ചുവരുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കു തടയിടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കുട്ടികള്‍ക്ക് മുസ്‌ലിം പേരുകള്‍ നല്‍കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ടുള്ള തീരുമാനം.
സിന്‍ജിയാങ് പ്രവിശ്യയില്‍ സ്വതന്ത്രരാജ്യത്തിനായി പ്രക്ഷോഭം നടത്തുന്ന ഈസ്റ്റ് ടര്‍ക്കിസ്ഥാന്‍ ഇസ്ലാമിക് മൂവ്മെന്റിന്റെ പ്രവര്‍ത്തകര്‍ വ്യാപകമായി സിറിയിലേക്കു കടന്ന് ഐഎസ് ഉള്‍പ്പെടെയുള്ള ഭീകര സംഘടനകളോടൊപ്പം ചേരുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
2011 മാര്‍ച്ചില്‍ സിറിയയില്‍ ആഭ്യന്തര യുദ്ധം ആരംഭിച്ചതുമുതല്‍ ഒട്ടേറെ ചൈനക്കാര്‍ ഇവിടേക്ക് എത്തുന്നതായാണ് കണക്ക്. ഈസ്റ്റ് ടര്‍ക്കിസ്ഥാന്‍ ഇസ്ലാമിക് മൂവ്മെന്റ്, ഐഎസ്, അല്‍ ഖായിദ എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് സിറിയന്‍ ഭരണകൂടത്തിനെതിരെ പോരാടുകയാണ് ഇവര്‍ െചയ്യുന്നത്. സിറിയയില്‍ യുദ്ധം ചെയ്യാനായി പോകുന്നവര്‍ പിന്നീട് നാട്ടില്‍ മടങ്ങിയെത്തി സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമെന്നും, ഭീകര പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുമെന്നുമാണ് ചൈനീസ് അധികൃതരുടെ ഭയം.