ലോകം മഹായുദ്ധ ഭീതിയില്‍; സമവായ ചര്‍ച്ചകളുമായി ചൈന

ബെയ്ജിങ്: മൂന്നാം ലോക മഹായുദ്ധമെന്ന ആശങ്ക ലോകത്തിനുമേലെ കരിനിഴല്‍വീഴ്ത്തിയതോടെ സമാധാന ചര്‍ച്ചകളുമായി ചൈന. ലോകത്തെ ആശങ്കയിലാഴ്ത്തി ഉത്തര കൊറിയയ്ക്കെതിരായ പോര്‍വിളി തുടരുന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനു മുന്നില്‍ സമാധാനദൂതുമായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് എത്തി. ഉത്തര കൊറിയ വിഷയത്തില്‍ സംയമനം പാലിക്കണമെന്ന് ആവശ്യപ്പെട്ട് ഷി ജിന്‍പിങ് ട്രംപിനെ ഫോണില്‍ ബന്ധപ്പെട്ടു.

അതിനിടെ അടുത്ത ആണവ പരീക്ഷണം നാളെ നടത്തുമെന്ന് പ്രഖ്യാപിച്ച് വെല്ലുവിളി കടുപ്പിച്ചിരിക്കുകയാണ് ഉത്തരകൊറിയ.ഇരു രാജ്യങ്ങളോടും സംയമന പാലിക്കാനാണ് ചൈനീസ് പ്രസിഡന്‍ഡ് ഷി ജിന്‍ങ്ങ്പെങ്ങിന്റെ ആഹ്വാനം. ഉത്തര കൊറിയയെ ലക്ഷ്യമിട്ടു നീങ്ങുന്ന യുഎസ് നാവിക വ്യൂഹത്തിനൊപ്പം ചേര്‍ന്ന് ജപ്പാന്‍ നാവികസേന സംയുക്ത സൈനികാഭ്യാസം നടത്തുന്ന സാഹചര്യത്തിലാണ് സമാധാന ദൂതുമായുള്ള ചൈനീസ് പ്രസിഡന്റിന്റെ രംഗപ്രവേശം ഉണ്ടായിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലോകമെങ്ങുമെന്നുള്ള എതിര്‍പ്പ് അവഗണിച്ച് ഉത്തര കൊറിയ മറ്റൊരു ആണവ പരീക്ഷണത്തിന് ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ക്കിടെ, ഉത്തര കൊറിയയെ ലക്ഷ്യമിട്ട് യുഎസ് വിമാനവാഹിനി യുദ്ധക്കപ്പലായ യുഎസ്എസ് കാള്‍ വിന്‍സണെ ട്രംപ് കൊറിയയെ ലക്ഷ്യമിട്ട് നീങ്ങിയിരുന്നു. എന്നാല്‍, ഉത്തര കൊറിയക്കെതിരായ സൈനിക നീക്കം തുടര്‍ന്നാല്‍ യുഎസ്എസ് കാള്‍ വിന്‍സണ്‍ പസഫിക്കില്‍ മുക്കുമെന്നാണ് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ നിലപാട്.

വിട്ടുവീഴ്ച ചെയ്യാന്‍ ഇരുകൂട്ടരും തയാറാകാത്ത സാഹചര്യത്തിലാണ് ജിന്‍പിങ്ങിന്റെ ഇടപെടല്‍. യുഎന്‍ രക്ഷാസമിതിയുടെ തീരുമാനങ്ങളെ അട്ടിമറിക്കുന്ന ഏതു സൈനിക നടപടിയേയും ചൈന എതിര്‍ക്കുമെന്ന് അദ്ദേഹം ട്രംപിനെ അറിയിച്ചതായാണ് വിവരം.
ഉത്തരകൊറിയ ഉയര്‍ത്തുന്ന ആണവായുധ വെല്ലുവിളി പരിഹരിക്കാന്‍ ചൈന മുന്‍കൈ എടുത്തില്ലെങ്കില്‍ അതിനായി അമേരിക്ക നേരിട്ടിറങ്ങുമെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. ‘ഉത്തരകൊറിയ ഉയര്‍ത്തുന്ന പ്രശ്നം നേരിടാന്‍ ചൈന തയ്യാറാകുന്നില്ലെങ്കില്‍ തങ്ങള്‍ അതിന് തയ്യാറാകും”, ഫിനാന്‍ഷ്യല്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഇങ്ങനെ പ്രതികരിച്ചത്.

പടിഞ്ഞാറന്‍ പസഫിക്കിലുള്ള കാള്‍ വിന്‍സണ്‍ ഇപ്പോള്‍ ജപ്പാന്‍ നാവിക സേനയ്ക്കൊപ്പം സൈനിക അഭ്യാസത്തിലാണ്. ഇവിടത്തെ പരിശീലനവും ഒരുക്കങ്ങളും പൂര്‍ത്തിയായാല്‍ അമേരിക്കന്‍ കപ്പല്‍ ഉത്തരകൊറിയന്‍ തീരത്തേക്ക് നീങ്ങുമെന്നാണ് സൂചന. കാര്യങ്ങള്‍ കൈവിട്ടു പോകാനുള്ള സാധ്യത കണക്കിലെടുത്താണ് യുഎസിനെ തണുപ്പിക്കാനുള്ള ചൈനയുടെ ശ്രമം.

ഉത്തര കൊറിയയുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തുന്ന രാജ്യമായ ചൈന, ഏതുവിധേനയും യുദ്ധം ഒഴിവാക്കാനുള്ള തത്രപ്പാടിലാണ്. എന്നാല്‍ ഇതിനിടെ വീണ്ടും ആണവ പരീക്ഷണം നടത്തുമെന്ന് ഉത്തര കൊറിയ പ്രഖ്യാപിച്ചത് സ്ഥിതി കൂടുതല്‍ വഷളാക്കുന്നുണ്ട്.

Top